സിദ്ധാർഥന്റെ മരണത്തിൽ ആറുപേർക്കു കൂടി സസ്പെൻഷൻ; ആദ്യം അറസ്റ്റിലായവർക്കെതിരെ നടപടി

Mail This Article
കൽപറ്റ∙ പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ ആറുപേർക്കു കൂടി സസ്പെൻഷൻ. ആദ്യം അറസ്റ്റിലായ ആറുപേർക്കെതിരെയാണ് നടപടി. ഇതോടെ പ്രതികളായ 18പേരും സസ്പെൻഷനിലായി.
Read Also: സിദ്ധാർഥന്റെ മരണം: എസ്എഫ്ഐ കോളജ് യൂണിയൻ പ്രസിഡന്റും യൂണിറ്റ് സെക്രട്ടറിയും കീഴടങ്ങി
എസ്എഫ്ഐ കോളജ് യൂണിയൻ പ്രസിഡന്റ് കെ. അരുണും യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്‌സാനും വ്യാഴാഴ്ച രാത്രിയോടെ കീഴടങ്ങിയിരുന്നു. കൽപറ്റ ഡിവൈഎസ്പി ഓഫിസിലെത്തിയാണ് കീഴടങ്ങിയത്. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. കേസിൽ ഇനി എട്ടു പേരെയാണ് പിടികൂടാനുള്ളത്.
എസ്എഫ്ഐ യൂണിറ്റ് അംഗം ഇടുക്കി രാമക്കൽമേട് സ്വദേശി എസ്. അഭിഷേക് (23), തിരുവനന്തപുരം സ്വദേശികളായ രെഹാൻ ബിനോയ് (20), എസ്.ഡി. ആകാശ് (22), ആർ.ഡി. ശ്രീഹരി, തൊടുപുഴ സ്വദേശി ഡോൺസ് ഡായ് (23), വയനാട് ബത്തേരി സ്വദേശി ബിൽഗേറ്റ്സ് ജോഷ്വ (23) എന്നിവരാണു നേരത്തേ പിടിയിലായത്. ആത്മഹത്യാപ്രേരണ, റാഗിങ്, മര്‍ദനം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
സിദ്ധാർഥന്റെ മരണത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. വയനാട് എസ്പിയാണ് സിദ്ധാർഥിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ മേൽനോട്ടം വഹിക്കുന്നത്. കൽപറ്റ ഡിവൈഎസ്പിയാണ് അന്വേഷണ ഉദ്യോഗസ്ഥൻ. ഒരു ഡിവൈഎസ്പി കൂടി പ്രത്യേകസംഘത്തിൽ ഉൾപ്പെടും.
സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രധാന പ്രതി അഖിലിനെ പാലക്കാട് നിന്നു പൊലീസ് പിടികൂടിയിരുന്നു. കൂടാതെ വിദ്യാർഥികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഹോസ്റ്റലിൽനിന്ന് 8 പേരെ പൊലീസ് ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തുകയും ഇവരിൽ 6 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതികളായ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇസ്ഹാൻ, കോളജ് യൂണിയൻ പ്രസിഡന്റ് കെ.അരുൺ, യൂണിയൻ അംഗം ആസിഫ് ഖാൻ എന്നിവരടക്കം 11 പേർ ഒളിവിലായിരുന്നു.