ADVERTISEMENT

തിരുവനന്തപുരം∙ കേരളത്തിലെ കോളജുകളെ ക്രിമിനൽ സംഘങ്ങളുടെ താവളമാക്കി മാറ്റുന്നെന്ന് കെ.സി. വേണുഗോപാൽ എംപി. എസ്എഫ്ഐയെ ക്രിമിനൽ സംഘമാക്കി മാറ്റിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട പ്രതിപ്പട്ടികയിൽ പിണറായി വിജയനും ഉൾപ്പെടുമെന്നും വേണുഗോപാൽ തിരുവനന്തപുരത്ത് പറഞ്ഞു. കേരളത്തിലെ അമ്മമാർ കുട്ടികളെ കോളജുകളിലേക്ക് അയയ്ക്കാൻ ഭയപ്പെടുന്ന സാഹചര്യമാണു നിലനിൽക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് സിദ്ധാർഥന്റെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദർശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read also: സിദ്ധാർഥന്റെ മരണത്തിൽ ആറുപേർക്കു കൂടി സസ്പെൻഷൻ; ആദ്യം അറസ്റ്റിലായവർക്കെതിരെ നടപടി

‘‘ഉത്തരേന്ത്യയിലൊക്കെ കണ്ടുകൊണ്ടിരിക്കുന്ന ആൾക്കൂട്ട ആക്രമണങ്ങൾ കേരളത്തിൽ നടക്കില്ലെന്നു നമ്മൾ അഭിമാനം കൊള്ളാറുണ്ട്. എന്നാൽ ആൾക്കൂട്ട ആക്രമണത്തിന്റെ ഏറ്റവും വലിയ ഉദാഹരമാണ് സിദ്ധാർഥന്റെ കൊലപാതകം മാറിയിരിക്കുന്നു. മൂന്നു ദിവസത്തോളം വെള്ളംപോലും കൊടുക്കാതെ ഒരു ചെറുപ്പക്കാരനെ ക്രൂരമായി ആക്രമിക്കുക, അവസാനം ആത്മഹത്യ ചെയ്ത നിലയിൽ അവനെ കാണപ്പെടുക... എസ്എഫ്ഐയിൽ ചേരാൻ വിസ്സമ്മതിച്ചതിനാലാണ് ഇത്തരത്തിൽ സംഭവിച്ചതെന്നാണു സിദ്ധാർഥന്റെ അച്ഛൻ പറഞ്ഞത്. 

നമ്മുടെ ഹോസ്റ്റലുകളൊക്കെ പാർട്ടി ഗ്രാമങ്ങളായി മാറി. പഠിക്കാന്‍ മിടുക്കാനായ സിദ്ധാര്‍ഥിനെ എസ്എഫ്ഐയുടെ ഭാഗമാക്കാന്‍ കഴിയുന്നില്ലെന്ന സാഹചര്യത്തിലാണ് പൈശാചിക കൊലപാതകം നടത്തിയത്. ക്യാംപസുകളില്‍ റാഗിങ് നിയമംമൂലം നിരോധിച്ചിട്ടുണ്ട്. എസ്എഫ്ഐ ക്യാംപസുകളെ കോണ്‍സെന്‍ട്രേഷന്‍ ക്യാംപുകളെപ്പോലെ ആള്‍ക്കൂട്ട അക്രമത്തിന്റെ വേദികളാക്കി. അതിനെതിരെ നടപടിയെടുക്കാനോ അവിടെ നടക്കുന്ന കാര്യങ്ങള്‍ പുറംലോകത്തോട് പറയാനോ അധ്യാപകരോ ഡീനോ തയാറാക്കുന്നില്ല. നിര്‍ഭയത്തോടെ ഇത്തരം വിധ്വംസക പ്രവര്‍ത്തനങ്ങള്‍ തുറന്ന് പറയാന്‍ അധ്യാപക സമൂഹം തയാറാകണം. അധ്യാപകസമൂഹവും ഇക്കാര്യത്തിൽ പ്രതിക്കൂട്ടിലാണ്.

എസ്എഫ്ഐ ഒരു ക്രിമിനൽ സംഘമായി വളർന്നു വരാനുള്ള സാഹചര്യമൊരുക്കിയത് പിണറായി വിജയനാണ്. എസ്എഫ്ഐയെ ക്രിമിനൽ സംഘമാക്കി വളർത്തി, തന്റെ അഴിമതിയും രാഷ്ട്രീയ ജീർണതയും സർക്കാരിന്റെ ചീത്തപ്പേരും മറച്ചുപിടിക്കാൻ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ് പിണറായി വിജയൻ. അക്രമകാരികൾക്കും ക്രിമിനലുകൾക്കും ജീവൻരക്ഷാ പരിവേഷം നൽകി, അക്രമം നടത്തിവന്നാൽ അവരെ മാലയിട്ടു സ്വീകരിച്ച് എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുക്കുന്ന മുഖ്യമന്ത്രിയും സിപിഎമ്മും സിദ്ധാർഥന്റെ കൊലപാതകം അടക്കമുള്ള കാര്യങ്ങളിൽ പ്രതിപ്പട്ടികയിലാണ്. സിപിഎമ്മിന്റെ ക്രിമിനല്‍ കൂട്ടങ്ങളുടെ മുന്നില്‍  ഭിക്ഷയാചിച്ച് നില്‍ക്കേണ്ട ഗതികേടിലാണോ കേരളീയ സമൂഹത്തിന്റെ ജനാധിപത്യ സ്വാതന്ത്ര്യം. 

എത്രയോ അമ്മമാരുടെ കരച്ചിൽ ഇപ്പോൾ കേരളത്തിൽ ഉയരുന്നുണ്ട്. കോളജുകളിലേക്കു കുട്ടികളെ അയച്ചാൽ അവർ ജീവനോടെ തിരിച്ചുവരുമോ എന്നതിനു വ്യക്തമായ ഒരു ചിത്രമില്ല. ഇത് ഒറ്റപ്പെട്ട സംഭവമല്ല. കോളജുകൾ ക്രിമിനൽ സംഘങ്ങളുടെ താവളങ്ങളായി മാറി. തങ്ങളുടെ കൂടെ നിൽക്കാത്തവരെ ഒരു ക്രിമിനൽ സംഘം പീഡിപ്പിക്കുകയും അക്രമിക്കുകയും കൊല്ലുകയും ചെയ്യുമ്പോൾ, ആ ക്രിമിനൽ സംഘങ്ങൾക്ക് എല്ലാ ഒത്താശയും ചെയ്തു കൊടുക്കാൻ, അവർ എന്തു ചെയ്താലും സംരക്ഷണം നൽകാൻ, ഏതു കൊല നടത്തി വന്നാലും കൊലയാളികൾക്കു രക്ഷയുണ്ടാകുമെന്ന സന്ദേശം കൃത്യമായി കൊടുക്കാൻ ഒരു മുഖ്യമന്ത്രി കേരളം ഭരിക്കുന്നുണ്ട്. ആ ധൈര്യമാണ് അവരെ ഇതൊക്കെ ചെയ്യാൻ പ്രേരിപ്പിക്കുന്നത്. കേരളത്തിലെ മുഖ്യമന്ത്രിയെ ഓർത്ത് ലജ്ജിക്കുകയാണ്’’– വേണുഗോപാൽ പറഞ്ഞു. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച് വൈകാതെ തന്നെ തീരുമാനം ഉണ്ടാകുമെന്നും കെ.സി.വേണുഗോപാല്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

English Summary:

KC Venugopal against Pinarayi Vijayan in JS Siddharathan's death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com