മഹാരാഷ്ട്രയിൽ കോൺഗ്രസ് 18 സീറ്റിൽ മത്സരിക്കും, ശിവസേനയ്ക്ക് 20 സീറ്റ്; 48 മണിക്കൂറിനുള്ളിൽ പ്രഖ്യാപിക്കും
Mail This Article
മുംബൈ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സീറ്റ് ചർച്ചകൾ മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സഖ്യം പൂർത്തിയാക്കി. 48 മണിക്കൂറിനുള്ളിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണു പുറത്തുവരുന്ന വിവരം. ഉദ്ധവ് താക്കറെ നേതൃത്വം നൽകുന്ന ശിവസേന വിഭാഗം സംസ്ഥാനത്തെ ആകെയുള്ള 48 സീറ്റുകളിൽ 20ൽ മത്സരിക്കും. കോൺഗ്രസ് 18ലും ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി 10 സീറ്റിലും മത്സരിക്കും. ഉദ്ധവ് താക്കറെയുമായും ശരദ് പവാറുമായും രാഹുൽ ഗാന്ധി സംസാരിച്ച ശേഷമാണ് സീറ്റുവിഭജന ചർച്ചകൾ പൂർത്തിയായത്.
സഖ്യത്തിലുള്ള വൻചിത് ബഹുജൻ അഘാഡിയെന്ന (വിബിഎ) പ്രാദേശിക പാർട്ടിക്ക് ഉദ്ധവിന്റെ പക്കലുള്ളവയിൽനിന്നു രണ്ടു സീറ്റുകൾ വിട്ടുകൊടുക്കും. ഇവർ അഞ്ചു സീറ്റുകളാണ് ആവശ്യപ്പെട്ടത്. സ്വതന്ത്ര സ്ഥാനാർഥിയായ രാജു ഷെട്ടിയെ ശരദ് പവാർ വിഭാഗം പിന്തുണയ്ക്കും. മുംബൈ മേഖലയിലെ ആറിൽ നാലു ലോക്സഭാ സീറ്റിൽ ശിവസേന മത്സരിക്കുമ്പോൾ അതിലൊന്ന് വിബിഎയ്ക്കു നൽകുമെന്നാണു വിവരം. മുംബൈ നോർത്ത് ഈസ്റ്റ് മണ്ഡലമാകും നൽകുകയെന്നാണ് പുറത്തുവരുന്ന വിവരം.
48ൽ 39 സീറ്റുകളുടെ കാര്യത്തിൽ നേരത്തേതന്നെ തീരുമാനമായിരുന്നു. മുംബൈയിലെ സൗത്ത് സെൻട്രൽ, നോർത്ത് വെസ്റ്റ് സീറ്റുകളിൽ കോൺഗ്രസും സേനയും അവകാശവാദം ഉന്നയിച്ചതോടെയാണ് അനിശ്ചിതത്വം ഉയർന്നത്. ഈ സീറ്റുകളിലെ പ്രശ്നം എങ്ങനെ പരിഹരിച്ചുവെന്നതിനെക്കുറിച്ചു വ്യക്തതയില്ല.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി–ശിവസേനയും സഖ്യമായാണ് മത്സരിച്ചത്. 23 സീറ്റുകളിൽ ബിജെപിയും 18 സീറ്റുകളിൽ ശിവസേനയും വിജയിച്ചു. ശരദ് പവാറിന്റെ എൻസിപി 19 സീറ്റുകളിൽ മത്സരിച്ച് നാലെണ്ണം നേടി. 25 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ് ചന്ദ്രപൂരിൽ മാത്രമാണ് വിജയിച്ചത്. കഴിഞ്ഞ വർഷത്തേതിൽനിന്നു വിഭിന്നമായി മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി അജിത് പവാറും നേതൃത്വം നൽകുന്ന ശിവസേനയുടെയും എൻസിപിയുടെയും വിമത വിഭാഗങ്ങൾ ഇത്തവണ ബിജെപിയെ പിന്തുണയ്ക്കുന്നുണ്ട്.