വെറ്ററിനറി കോളജിലെ ക്രൂരമർദനം: സിദ്ധാർഥന്റെ മരണത്തിൽ 3 എസ്എഫ്ഐ നേതാക്കൾ അറസ്റ്റിൽ
Mail This Article
കൽപറ്റ∙ വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ എസ്എഫ്ഐ കോളജ് യൂണിയൻ പ്രസിഡന്റ് കെ. അരുൺ, യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്‌സാൻ, യൂണിയൻ അംഗം ആസിഫ് ഖാൻ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. അരുണും അമലും ഇന്നലെ രാത്രി കൽപറ്റ ഡിവൈഎസ്പി ഓഫിസിലെത്തി കീഴടങ്ങുകയായിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പത്തായി. സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രധാന പ്രതി അഖിലിനെ പാലക്കാട് നിന്നു പൊലീസ് പിടികൂടിയിരുന്നു. കൂടാതെ വിദ്യാർഥികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഹോസ്റ്റലിൽനിന്ന് 8 പേരെ പൊലീസ് ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തുകയും ഇവരിൽ 6 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
എസ്എഫ്ഐ യൂണിറ്റ് അംഗം ഇടുക്കി രാമക്കൽമേട് സ്വദേശി എസ്. അഭിഷേക് (23), തിരുവനന്തപുരം സ്വദേശികളായ രെഹാൻ ബിനോയ് (20), എസ്.ഡി. ആകാശ് (22), ആർ.ഡി. ശ്രീഹരി, തൊടുപുഴ സ്വദേശി ഡോൺസ് ഡായ് (23), വയനാട് ബത്തേരി സ്വദേശി ബിൽഗേറ്റ്സ് ജോഷ്വ (23) എന്നിവരാണു നേരത്തേ അറസ്റ്റിലായ ആറു പേർ. ആത്മഹത്യാപ്രേരണ, റാഗിങ്, മര്‍ദനം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സിദ്ധാർഥന്റെ മരണത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. വയനാട് എസ്പിയാണ് സിദ്ധാർഥിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ മേൽനോട്ടം വഹിക്കുന്നത്. കൽപറ്റ ഡിവൈഎസ്പിയാണ് അന്വേഷണ ഉദ്യോഗസ്ഥൻ. ഒരു ഡിവൈഎസ്പി കൂടി പ്രത്യേകസംഘത്തിൽ ഉൾപ്പെടും.
ഈ മാസം 18 നാണു ഹോസ്റ്റലിലെ ശുചിമുറിയിൽ ജീവനൊടുക്കിയ നിലയിൽ സിദ്ധാർഥിനെ കണ്ടെത്തിയത്. വിദ്യാർഥി ക്രൂരമർദനത്തിനിരയായെന്നാണ് പോസ്‍റ്റ്‍മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. രണ്ടോ മൂന്നോ ദിവസം പഴക്കമുള്ള നിരവധി മുറിവുകൾ ശരീരത്തിൽ കണ്ടെത്തിയിട്ടുണ്ട്. വടികൊണ്ട് അടിച്ചതിന്റെ പാടുകളുമുണ്ട്. കഴുത്തിലെ മുറിവിൽ അസ്വാഭാവികതയുണ്ട്. കുരുക്കു മുറുകിയ ഭാഗത്ത് അസാധാരണ മുറിവാണ്. തൂങ്ങിയതാണു മരണകാരണമെന്നും പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിലുണ്ട്.
ഈമാസം 14 മുതൽ 18ന് ഉച്ച വരെ സിദ്ധാർഥൻ ക്രൂര മർദനത്തിനിരയായെന്നു ദൃക്സാക്ഷിയായ വിദ്യാർഥി പറയുന്നു. ഹോസ്റ്റലിലെ 130 വിദ്യാർഥികളുടെ മുന്നിൽ നഗ്നനാക്കിയായിരുന്നു മർദനം. 2 ബെൽറ്റുകൾ മുറിയുന്നതു വരെ മർദിച്ചു. തുടർന്ന് ഇരുമ്പുകമ്പിയും വയറുകളും പ്രയോഗിച്ചു. പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്നു ഭീഷണി നേരിട്ടതായും ഇൗ വിദ്യാർഥി പറഞ്ഞു.