‘കോൺഗ്രസിനും ഇടതുപക്ഷത്തിനും തൃണമൂലിനെ ചോദ്യം ചെയ്യാൻ ധൈര്യമില്ല’; സന്ദേശ്ഖാലി വിഷയത്തിൽ പ്രധാനമന്ത്രി
Mail This Article
കൊൽക്കത്ത∙ കോൺഗ്രസിനും ഇടതുപക്ഷത്തിനും ബംഗാളിലെ തൃണമൂൽ സർക്കാരിനെ ചോദ്യം ചെയ്യാൻ ധൈര്യമില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. സന്ദേശ്ഖാലിയിലെ സഹോദരിമാരോട് തൃണമൂൽ കോൺഗ്രസ് ചെയ്തത് രാജ്യം കാണുന്നുണ്ടെന്നും രാജ്യം മുഴുവൻ രോഷാകുലരാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ബംഗാളിലെ പൊതുസമ്മേളനത്തിൽ പങ്കെടുക്കവെയാണ് സന്ദേശ്ഖാലി വിഷയത്തിൽ പ്രധാനമന്ത്രി ആദ്യമായി പ്രതികരിച്ചത്. സന്ദേശ്ഖാലിയിൽ നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാൻ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു.
‘‘സന്ദേശ്ഖാലിയിൽ സംഭവിച്ചതിൽ രാജാ റാം മോഹൻ റോയിയുടെ ആത്മാവ് വേദനിച്ചിരിക്കണം. തൃണമൂൽ കോൺഗ്രസ് അവരുടെ നേതാവിനെ സംരക്ഷിക്കുകയായിരുന്നു. ബിജെപി നേതാക്കൾ സർക്കാരിൽ സമ്മർദം ചെലുത്തിയതിനെ തുടർന്നാണ് ഇന്നലെ പൊലീസിന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ടി വന്നത്. രാജാ റാംമോഹൻ റോയിയുടെ ആത്മാവ് എവിടെയായാലും ബംഗാളിലെ സ്ത്രീകളുടെ അവസ്ഥ കണ്ട് കരയുന്നുണ്ടാവും. തൃണമൂൽ നേതാവ് എല്ലാ പരിധികളും ലംഘിച്ചു. സന്ദേശ്ഖാലിയിലെ അമ്മമാരും സഹോദരിമാരും തങ്ങളുടെ പ്രതിഷേധം ശക്തമാക്കിയപ്പോൾ, മമത ദീദിയോട് സഹായം തേടി. അവർക്ക് എന്താണ് ലഭിച്ചത്? നിങ്ങളുടെ ശക്തിക്കു മുന്നിലാണ് ബംഗാൾ പൊലീസ് തലകുനിച്ചത്’– മോദി പറഞ്ഞു.
ഗാന്ധിജിയുടെ മൂന്നു കുരങ്ങന്മാരെപ്പോലെ ഇന്ത്യാ സഖ്യത്തിന്റെ നേതാക്കൾ കണ്ണും കാതും വായും അടച്ചിരിക്കുകയാണെന്നും മോദി പരിഹസിച്ചു. അവർ പട്‌നയിലും ബെംഗളൂരുവിലും മുംബൈയിലും മറ്റിടങ്ങളിലും യോഗങ്ങൾ നടത്തുന്നു. അവർ സന്ദേശ്ഖാലിക്ക് നേരെ മുഖം കൊടുക്കില്ലെന്നും മോദി പറഞ്ഞു. ഇന്ത്യാ സഖ്യം അഴിമതിക്കാരെയും പ്രീണന രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവരെയും സംരക്ഷിക്കുകയാണ്. തൃണമൂൽ കോൺഗ്രസ് അഴിമതിയുടെ പുതിയ മാതൃക സൃഷ്ടിച്ചിരിക്കുകയാണെന്നും നരേന്ദ്രമോദി പറഞ്ഞു.