ADVERTISEMENT

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിക്കും മുൻപേ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ബിജെപി. 16 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 195 സീറ്റുകളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. 34 കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാരും ആദ്യഘട്ട പട്ടികയിൽ ഇടംപിടിച്ചു. പട്ടികയിൽ 28 വനിതാ സ്ഥാനാർഥികളുമുണ്ട്. 47 പേർ 50 വയസ്സിൽ താഴെ പ്രായമുള്ളവരാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ പ്രമുഖ നേതാക്കളെല്ലാം ആദ്യ പട്ടികയിൽ ഇടംപിടിച്ചു. പ്രധാനമന്ത്രി ഇത്തവണയും ഉത്തർപ്രദേശിലെ വാരാണസിയിൽനിന്ന് ജനവിധി തേടും. മൂന്നാം തവണയാണ് മോദി ഇവിടെനിന്ന് മത്സരിക്കുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷാ ഗാന്ധിനഗറിൽനിന്നും, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ലക്നൗവിൽ നിന്നും ജനവിധി തേടും. കേരളത്തിലെ 12 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു. അതേസമയം, തമിഴ്നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ഒരു മണ്ഡലത്തിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല.

Read More: Read More: തിരുവനന്തപുരത്ത് താമര വിരിയിക്കാൻ രാജീവ് ചന്ദ്രശേഖർ; ശോഭ ആലപ്പുഴയിൽ, പത്തനംതിട്ടയിൽ അനിൽ ആന്റണി

ഉത്തർപ്രദേശ് – 51, ബംഗാൾ – 20, മധ്യപ്രദേശ് – 24, ഗുജറാത്ത് – 15, രാജസ്ഥാൻ – 15, കേരളം – 12, തെലങ്കാന – 9, അസം – 11, ജാർഖണ്ഡ് – 11, ഛത്തീസ്ഗഡ് – 11, ഡൽഹി – 5, ജമ്മു കശ്മീർ – 2, ഉത്തരാഖണ്ഡ് – 3, അരുണാചൽ പ്രദേശ് – 2, ഗോവ –1, ത്രിപുര –1, ആൻഡമാൻ നിക്കോബർ – 1, ദാമൻ ദിയു – 1 എന്നിങ്ങനെയാണ് ആദ്യ ഘട്ട പട്ടികയിൽ പ്രഖ്യാപിച്ച മണ്ഡലങ്ങളുടെ എണ്ണം.

തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനു മുമ്പ്, പാർട്ടി സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ഇന്ത്യാ സഖ്യത്തിനുമേൽ സമ്മർദ്ദം ചെലുത്താനാണ് ബിജെപിയുടെ ശ്രമം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ വ്യാഴാഴ്ച ചേർന്ന ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പു സമിതി യോഗത്തിലാണ് ആദ്യഘട്ട സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമരൂപം നൽകിയത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തിരുന്നു. 

സ്ഥാനാർഥിപ്പട്ടിക നേരത്തേ പ്രഖ്യാപിക്കുന്നത് സ്ഥാനാർഥികൾക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മതിയായ സമയം കണ്ടെത്താൻ സഹായിക്കും എന്നുകണ്ടാണ് മാർച്ച് ആദ്യം തന്നെ ഒന്നാംഘട്ട പട്ടിക പുറത്തുവിട്ടത്. കഴിഞ്ഞ തവണ സമാനമായ തന്ത്രം സ്വീകരിച്ച മധ്യപ്രദേശിൽ അത് വിജയകരമായെന്നു വിലയിരുത്തിയാണ് ഇത്തവണ രാജ്യവ്യാപകമായി ഇതേ തന്ത്രം സ്വീകരിക്കുന്നത്. മാർച്ച് 10നു മുമ്പായി 50% സ്ഥാനാർഥികളെയും പ്രഖ്യാപിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. 2019ലും ഇതേ തന്ത്രമാണ് ബിജെപി പയറ്റിയത്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനു മുമ്പ് 164 സ്ഥാനാർഥികളെയാണ് അന്ന‌ു പ്രഖ്യാപിച്ചത്.

ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ സ്ഥാനാർഥി നിർണയം ബിജെപിയെ സംബന്ധിച്ചു നിർണായകമാണ്. ദക്ഷിണേന്ത്യയില്‍ പാർട്ടി ഇതുവരെ അക്കൗണ്ട് തുറക്കാത്ത കേരളത്തിലും മികച്ച സ്ഥാനാർഥികളെ അണിനിരത്തി മുൻതൂക്കം നേടാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആദ്യ ഘട്ട പട്ടികയിൽ 12 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ഇത്തവണ എൻഡിഎ 400 സീറ്റുകളാണ് ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. അതിൽ 370 സീറ്റുകളിൽ ബിജെപിക്ക് ജയിക്കാനാകുമെന്നാണ് നേതാക്കൾ കണക്കുകൂട്ടുന്നത്.

ആദ്യഘട്ട പട്ടികയിൽ ഇടംപിടിച്ച പ്രമുഖ നേതാക്കളും മത്സരിക്കുന്ന മണ്ഡലവും

∙ നരേന്ദ്ര മോദി – വാരാണസി
∙ അമിത് ഷാ – ഗാന്ധിനഗർ
∙ രാജ്നാഥ് സിങ് – ലക്‌നൗ
∙ കിരൺ റിജിജു – അരുണാചൽ വെസ്റ്റ്
∙ മനോജ് തിവാരി – നോർത്ത് ഈസ്റ്റ് ഡൽഹി
∙ സർബാനന്ദ സോനോബൾ – ഡിബ്രുഗഡ്
∙ ബാൻസുരി സ്വരാജ് – ന്യൂഡൽഹി
∙ മൻസൂഖ് മാണ്ഡവ്യ – പോർബന്തർ 
∙ സ്മൃതി ഇറാനി – അമേഠി
∙ ജ്യോതിരാദിത്യ സിന്ധ്യ – ഗുണ
∙ ഭൂപേന്ദ്ര യാദവ് – അൽവാർ
∙ ശിവ്‌രാജ് സിങ് ചൗഹാൻ – വിദിഷ
∙ ബിപ്ലവ് ദേവ് – ത്രിപുര
∙ ഓം ബിർല – കോട്ട
∙ ദേവേന്ദ്ര ഝജാരിയ – ചുരു

English Summary:

BJP Releases Its 1st Lok Sabha Candidates' List - Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com