ADVERTISEMENT

കൊല്ലം∙ എൻ.കെ.പ്രേമചന്ദ്രനും മുകേഷും തമ്മിൽ പൊരിഞ്ഞ പോരാട്ടം നടക്കുന്ന കൊല്ലം ലോക്സഭാ മണ്ഡലത്തിൽ തരംഗമായി ആർഎസ്പിയുടെ ‘പ്രേമലു പ്രേമചന്ദ്രൻ’ പോസ്റ്റർ. ‘കൊല്ലത്തിന്റെ പ്രേമലു’ എന്ന പേരിൽ പ്രേമചന്ദ്രനെ വിജയിപ്പിക്കാൻ ആഹ്വാനം ചെയ്ത് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞോടുന്ന പോസ്റ്റർ ഇതിനോടകം യുഡിഎഫ് പ്രവർത്തകർ ഏറ്റെടുത്തു കഴിഞ്ഞു. സിനിമാ നടൻ എതിരാളിയായി വരുമ്പോൾ പ്രതിരോധിക്കാൻ സിനിമ സംവിധാനങ്ങളെ തന്നെ കൂട്ടുപിടിക്കേണ്ടി വരുമെന്ന് ആർഎസ്പിയുടെ സോഷ്യൽ മീഡിയ കൺവീനർ വിഷ്ണു മോഹൻ മനോരമ ഓൺലൈനിനോട് പറഞ്ഞു. നസ്‌ലിന്‍, മമിത എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച പ്രേമലു എന്ന സിനിമ തിയറ്ററുകളിൽ തകർത്തോടുന്നതിനിടെയാണ് പ്രേമചന്ദ്രന്റെ പോസ്റ്ററും ഇറക്കിയത്. പാർട്ടി മീറ്റിങ്ങിനിടെ സംസ്ഥാന സെക്രട്ടറിയായ ഷിബു ബേബി ജോണാണ് ഇത്തരമൊരു ആശയം മുന്നോട്ടുവച്ചത്. പുതു തലമുറയിലേക്കും സ്ഥാനാർഥിയെ എത്തിക്കുകയായിരുന്നു ലക്ഷ്യം. അതുകൊണ്ട് തന്നെ വിജയിച്ചു നിൽക്കുന്ന സിനിമയെ കൂട്ടുപിടിച്ച് അതിനുള്ള തന്ത്രം എളുപ്പമാക്കുകയായിരുന്നു.

‘പ്രേമലു പ്രേമചന്ദ്രൻ’ മോഡലിൽ പുത്തൻ ആശയങ്ങൾ ആർഎസ്പിയുടെ സോഷ്യൽ മീഡിയ കമ്മിറ്റി ഒരുക്കുന്നുണ്ട്.  2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായ അടൂർ പ്രകാശിന്റേതായി പുറത്തിറങ്ങിയ ‘ഞാൻ പ്രകാശൻ’ പോസ്റ്റർ ഏറെ ചർച്ചായിരുന്നു. ഫഹദ് ഫാസിലിന്റെ സത്യൻഅന്തിക്കാട് ചിത്രം ഞാൻ പ്രകാശനുമായി ബന്ധമുള്ള പോസ്റ്റർ മണ്ഡലത്തിൽ ആദ്യമായി മത്സരിക്കാനെത്തിയ തനിക്ക് വലിയ നേട്ടം നൽകിയിരുന്നതായി അടൂർ പ്രകാശ് തന്നെ പറഞ്ഞിരുന്നു. 

കൊല്ലം ലോക്സഭാ മണ്ഡലത്തിലെ ഏഴു നിയോജക മണ്ഡലങ്ങളിലും സോഷ്യൽ മീഡിയ കമ്മിറ്റികൾ ആർഎസ്പി രൂപീകരിച്ചിട്ടുണ്ട്. പ്രവാസികളെ അടക്കം ബന്ധിപ്പിച്ച് ആർഎസ്പിയെ പിന്തുണയ്ക്കുന്ന സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ വഴിയാണ് പ്രചാരണം. 1278 ബൂത്തുകളിലും പോസ്റ്റുകൾ എത്തിക്കാൻ എല്ലാ ബൂത്തുകളിൽ നിന്നും ഓരോ പ്രവർത്തകനെ വീതം തിരഞ്ഞെടുത്തിട്ടുണ്ട്. കോൺഗ്രസിന്റെ ‍ഡിജിറ്റൽ മീഡിയ സെല്ലും യുഡിവൈഎഫ് സംവിധാനവും കൂടി ചേർന്നാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

പ്രേമചന്ദ്രൻ പ്രധാനമന്ത്രിക്കൊപ്പം ഭക്ഷണം കഴിക്കുന്ന വീഡിയോയാണ് എൽഡിഎഫ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുന്നത്. ഇതിനെ പ്രതിരോധിക്കാൻ പാർലമെന്റിനു അകത്തും പുറത്തും പ്രേമചന്ദ്രൻ നടത്തിയ പ്രവർത്തനങ്ങൾ പരമാവധി ജനങ്ങളിലേക്കെത്തിക്കുകയാണ് ലക്ഷ്യം. വിഷ്വൽ കാർട്ടൂണുകളും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ന്യൂനപക്ഷ മേഖലകളിൽ പ്രേമചന്ദ്രൻ കുറിയണിഞ്ഞു നിൽക്കുന്ന ചിത്രങ്ങൾ വലിയതോതിൽ എൽഡിഎഫ് പ്രചരിപ്പിക്കുന്നുണ്ടെന്നും അതിനുള്ള മറുപടി ഉടൻ പുറത്തിറക്കുമെന്നും സോഷ്യൽ‌ മീഡിയ കമ്മിറ്റിയുടെ ചുമതലയുള്ളവർ‌ പറയുന്നു.

എതിർസ്ഥാനാർഥികളെ വ്യക്തിഹത്യ നടത്തുന്ന ഒരു പ്രചാരണവും പാടില്ലെന്ന നിർദ്ദേശം ആർഎസ്പി സോഷ്യൽ മീഡിയ കമ്മിറ്റിക്ക് നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി കഴിഞ്ഞ രണ്ടുതിര‍ഞ്ഞെടുപ്പിലും നടത്തിയ പരനാറി പ്രയോഗവും തിരിച്ചടിയുമാണ് നേതാക്കൾ ഉദാഹരമണായി ചൂണ്ടിക്കാട്ടുന്നത്. സിനിമ രംഗത്തുള്ളവരെ മുകേഷ് പ്രചാരണത്തിന് ഇറക്കുമെന്ന് ആർഎസ്പി സംശയിക്കുന്നു. ഇതിനു മറുമരുന്നായി ഷിബു ബേബിജോണിന്റെ സിനിമാബന്ധങ്ങൾ ഉപയോഗിക്കുകയാണ് ലക്ഷ്യം. 2021ലെ നിയമസഭാ തിര‍ഞ്ഞെടുപ്പിൽ ചവറയിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച ഷിബു ബേബിജോണിനും പത്തനാപുരത്ത് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച ഗണേഷ് കുമാറിനും വോട്ട് ചോദിച്ച് മോഹൻലാലിന്റെ വിഡിയോ ഇറങ്ങിയിരുന്നു. ഇത്തവണ മുകേഷ് മത്സരരംഗത്തുള്ളതിനാൽ മോഹൻലാലിന്റെ വിഡിയോ കിട്ടുമോയെന്നാണ് പ്രവർത്തകർ ചോദിക്കുന്നത്. 

English Summary:

Kollam UDF candidate NK Premachandran viral poster

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com