കഫേയുടെ സമീപത്തു ബാഗ് വച്ചു, ഭക്ഷണം കഴിക്കാതെ ഇറങ്ങിപ്പോയി; ദൃശ്യങ്ങൾ പുറത്ത്– വിഡിയോ
Mail This Article
ബെംഗളൂരു∙ സ്ഫോടനം നടന്ന രാമേശ്വരം കഫേയുടെ പരിസരത്തുകൂടെ ബാഗുമായി ഒരാൾ നടക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. സ്ഫോടനത്തിനു മുൻപ് ഇയാൾ ബാഗ് കഫേയ്ക്കു സമീപം വച്ചു പുറത്തുപോയെന്നാണു പൊലീസ് പറയുന്നത്. ഭക്ഷണം കഴിക്കാനെത്തിയ ആൾ ബാഗ് ഉപേക്ഷിച്ചു മടങ്ങുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ നിന്നു ലഭിച്ചിട്ടുണ്ട്. ഇയാൾ പണമടച്ച് ടോക്കൺ എടുക്കുന്നതും ഭക്ഷണം കഴിക്കാതെ പോകുന്ന ദൃശ്യങ്ങളും ലഭിച്ചു.
Read also: ട്രെൻഡായി ‘ഗീ പുടി ഇഡ്ഡലി’, പിന്നാലെ കഫേയിൽ സ്ഫോടനം; പ്രതിയെ തിരിച്ചറിഞ്ഞതായി വിവരം
പ്രതിയെന്നു കരുതുന്ന ആൾക്കൊപ്പം ഉണ്ടായിരുന്ന ആളെ ബെംഗളുരൂ പൊലീസ് ചോദ്യംചെയ്യുകയാണ്. ‘‘ഉച്ചയ്ക്ക് ഒരുമണിക്കാണ് സ്ഫോടനം ഉണ്ടായത്. 30 വയസ്സ് തോന്നിക്കുന്ന ആൾ കഫേയിലെത്തി റവ ഇഡ്‌ലി വാങ്ങി. കൈവശമുണ്ടായിരുന്ന ബാഗ് കഫേയ്ക്കു തൊട്ടടുത്തുള്ള ഒരു മരത്തിന് അടുത്തുവച്ചു. ഒരുമണിക്കൂറിന് ശേഷം സ്ഫോടനമുണ്ടായി.’’– സംഭവസ്ഥലം സന്ദർശിച്ച ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ പറഞ്ഞു.
മാസ്കും കണ്ണാടിയും തൊപ്പിയും പ്രതി ധരിച്ചതിനാൽ ഇയാളുടെ മുഖം വ്യക്തമല്ല. എന്നാൽ ഇഡ്‌ലി പ്ലേറ്റുമായി നിൽക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. വെള്ളിയാഴ്ച ഉച്ചയ്ക്കു 12.50നും ഒരുമണിക്കും ഇടയിലാണു കഫേയിൽ സ്ഫോടനം നടന്നത്. എൻഐഎ സംഘം സ്ഥലത്ത് എത്തിച്ചേർന്നിട്ടുണ്ട്. സിബിഐയ്ക്കാണു കേസ് അന്വേഷണത്തിന്റെ ചുമതല. നിരവധി സംഘങ്ങളായി തിരിഞ്ഞു പ്രതിയിലേക്ക് എത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.
വൈറ്റ്ഫീൽഡിനു സമീപം ബ്രൂക്ക്ഫീൽഡിലെ രാമേശ്വരം കഫേ ഹോട്ടലിൽ ഇന്നലെ ഉച്ചയ്ക്കുണ്ടായ സ്ഫോടനത്തിൽ പത്തു പേർക്കാണു പരുക്കേറ്റത്. പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചെന്ന് ആദ്യം സംശയിച്ചെങ്കിലും, ഉപേക്ഷിച്ച നിലയിലുള്ള ബാഗിൽ നിന്ന് സ്ഫോടക വസ്തുക്കൾ പിന്നീട് കണ്ടെത്തി. അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായതോടെ ജീവനക്കാരടക്കം ചിതറിയോടി. 3 ജീവനക്കാർക്കും സ്ത്രീക്കും പരുക്കേറ്റു. ഇവർ അപകട നില തരണം ചെയ്തതായി അധികൃതർ പറഞ്ഞു.
സ്ഫോടനത്തിന് രാജ്യാന്തര തീവ്രവാദ ബന്ധമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. കർണാടക പൊലീസ് ആഭ്യന്തര സുരക്ഷാ വിഭാഗം, ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), ഫൊറൻസിക് വിദഗ്ധർ തുടങ്ങിയവർ സംഭവ സ്ഥലത്തെത്തി തെളിവെടുത്തു. 2022 നവംബറിൽ മംഗളൂരുവിൽ ഓട്ടോറിക്ഷയിൽ പ്രഷർകുക്കർ ബോംബ് പൊട്ടിയിരുന്നു.