മുൻപ് കൊല്ലത്തും നാടോടി കുട്ടിയെ തട്ടിയെടുക്കാൻ ഹസൻകുട്ടിയുടെ ശ്രമം; അന്ന് നാട്ടുകാർ പിടികൂടി തല്ലി
Mail This Article
തിരുവനന്തപുരം ∙ ഫെബ്രുവരി 19ന് ചാക്കയിൽ നിന്നു നാടോടി ദമ്പതികളുടെ 2 വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പൊലീസ് പിടികൂടിയ പ്രതി വർക്കല അയിരൂർ സ്വദേശി ഹസൻകുട്ടി എന്ന കബീർ മുൻപും സമാനമായ കേസുകളിൽ ഉൾപ്പെട്ടതായി വിവരം. പതിനൊന്നുകാരിയെ ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട പോക്സോ കേസിൽ ജാമ്യം കിട്ടി ജനുവരി 22ന് പുറത്തിറങ്ങിയ ശേഷമാണ് ഇയാൾ ഒരു മാസത്തിനുള്ളിൽ രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്.
Read Also: കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതി അറസ്റ്റിൽ
കൊല്ലം ചിന്നക്കടയിൽ നിന്ന് ഇന്നലെ രാവിലെയാണ് ഹസൻകുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തേ പോക്സോ കേസിലും മോഷണക്കേസുകളിലുമായി മൂന്നര വർഷം ജയിലിൽ കിടന്ന ചരിത്രവും ഇയാൾക്കുണ്ട്. ഹസൻകുട്ടിക്കെതിരെ 8 കേസ് നിലവിലുണ്ട്. അലഞ്ഞുതിരിയുന്നതാണ് പ്രതിയുടെ രീതി.
മുൻപ് കൊല്ലത്ത് നാടോടി കുട്ടിയെ തട്ടിയെടുക്കാൻ ശ്രമിച്ചപ്പോൾ നാട്ടുകാർ ഇയാളെ തല്ലിയ സംഭവമുണ്ടായിട്ടുണ്ട്. ചാക്കയിൽ കുട്ടിയെ തട്ടിയെടുത്ത് ഉപദ്രവിക്കാനാണ് ശ്രമിച്ചതെന്നും പ്രതി സമ്മതിച്ചു.
സംഭവ ദിവസം പ്രതി കൊല്ലത്തുനിന്നു വർക്കലയ്ക്ക് ട്രെയിനിൽ കയറിയെങ്കിലും ഉറങ്ങിപ്പോയതിനാൽ പേട്ട സ്റ്റേഷനിലിറങ്ങി. നടന്ന് ചാക്കയിൽ എത്തിയപ്പോഴാണ് കുഞ്ഞിനെ കണ്ടത്. തുടർന്ന് ഇവിടെ ചുറ്റിത്തിരിഞ്ഞ ഹസൻ കുട്ടിക്ക് മിഠായി നൽകി അടുത്തുകൂടി. രാത്രി ഇവർ ഉറങ്ങിയ ശേഷം കുഞ്ഞിനെ എടുത്തുകൊണ്ടുപോയി. കുട്ടി കരഞ്ഞപ്പോൾ വായ് മൂടിയെന്നും പിന്നീട് അനക്കമില്ലാതായപ്പോൾ മരിച്ചെന്നു കരുതി പുലർച്ചയ്ക്ക് മുൻപ് കുഞ്ഞിനെ ഉപേക്ഷിച്ചുവെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.
ഉറങ്ങിയ സ്ഥലത്തുനിന്ന് 500 മീറ്റർ അകലെ റെയിൽവേ സ്റ്റേഷനടുത്ത് ആറടിയിലധികം താഴ്ചയുള്ള കുഴിയിൽ നിന്നാണ് 19 മണിക്കൂറിന് ശേഷം കുട്ടിയെ കണ്ടെത്തിയത്.
ബ്രഹ്മോസിന്റെ സിസി ടിവിയിൽനിന്ന് ലഭിച്ചതിൽ സംശയം തോന്നിയവരുടെ ദൃശ്യങ്ങൾ വിവിധ ജയിലുകളിലേക്ക് അയച്ചിരുന്നു. പോക്സോ കേസിൽ കൊല്ലത്തെ ജയിലിൽ കഴിഞ്ഞിരുന്ന ഹസനെ അധികൃതർ തിരിച്ചറിഞ്ഞതോടെ അന്വേഷണം ഇയാളെ കേന്ദ്രീകരിച്ചായി. തുടർന്ന് ഇയാൾ പതിവായി പോകുന്ന സ്ഥലങ്ങൾ സന്ദർശിച്ചാണ് കൊല്ലത്തുനിന്ന് അറസ്റ്റ് ചെയ്തത്. സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജുന്റെയും ഡിസിപി നിഥിൻ രാജിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.