ADVERTISEMENT

വൈത്തിരി∙ പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ ഹോസ്റ്റലിലെ മുഴുവൻ വിദ്യാർഥികളെയും സസ്പെൻഡ് ചെയ്തു. സിദ്ധാർഥന് മർദനമേൽക്കുമ്പോൾ ഹോസ്റ്റലിലുണ്ടായിരുന്ന വിദ്യാർഥികളെയാണ് ഒരാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തത്. മർദന വിവരം അധികൃതരെ അറിയിക്കാതിരുന്നതിനാണ് തിങ്കളാഴ്ച മുതൽ സസ്പെൻഷൻ. സംഭവസമയം ഹോസ്റ്റലിലുണ്ടായിരുന്ന ഒന്നാം വർഷ വിദ്യാർഥികളെയും സസ്പെൻഡ് ചെയ്തു.

Read also: നേതാക്കളെ മർദിച്ചതിൽ പ്രതിഷേധം; സംസ്ഥാനത്തു നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

സിദ്ധാര്‍ഥനെതിരായ അതിക്രമത്തില്‍ ഇതേ ഹോസ്റ്റലിലെ 31 വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ടതായി ആന്റി റാഗിങ് സ്ക്വാഡ് അന്വേഷണ റിപ്പോര്‍ട്ടുണ്ടായിരുന്നു. സിദ്ധാര്‍ഥനെ മര്‍ദിച്ച 19 പേരെ നേരത്തേ കോളജില്‍നിന്നും ഹോസ്റ്റലില്‍നിന്നും പുറത്താക്കി. ഇവര്‍ക്കു 3 വര്‍ഷത്തേക്ക് മറ്റൊരു കോഴ്സിനും ചേരാനാകില്ല. ക്യാംപസിലേക്കു തിരിച്ചെത്താന്‍ സിദ്ധാര്‍ഥനോട് ആവശ്യപ്പെടുകയും പ്രധാന പ്രതികളുടെ നിര്‍ദേശമനുസരിച്ചു സിദ്ധാര്‍ഥനെ മര്‍ദിക്കുകയും ചെയ്തതുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചെയ്ത 10 വിദ്യാര്‍ഥികളെയും പുറത്താക്കി. ഇവര്‍ക്ക് ഒരു വര്‍ഷത്തേക്കു പരീക്ഷയെഴുതാനാകില്ല.

ആശുപത്രിയില്‍ കൊണ്ടുപോകണമെന്നു സിദ്ധാര്‍ഥന്‍ ആവശ്യപ്പെട്ടിട്ടും കേള്‍ക്കാതിരുന്ന 2 പേരെ ഹോസ്റ്റലില്‍നിന്നു പുറത്താക്കി. ഇവര്‍ക്ക് ഇന്റേണല്‍ പരീക്ഷ എഴുതാനാകില്ല. ആകെ 130 വിദ്യാർഥികളാണ് ഹോസ്റ്റലിലുണ്ടായിരുന്നത്. തെളിവെടുപ്പിന്റെ ഭാഗമായി ക്യാംപസിലെ വിദ്യാർഥികളെ പുറത്ത് വിടേണ്ടതില്ലെന്ന് പൊലീസ് നിർദേശമുണ്ടായിരുന്നുവെന്ന് പിടിഎ പ്രസിഡന്റ് പറഞ്ഞു. ഇതിന്റെ ഭാഗമായി പെൺകുട്ടികളെ ഉൾപ്പെടെ പുറത്തേക്ക് വിടുന്നതിൽ നിയന്ത്രണമുണ്ടായിരുന്നു. എന്നാൽ അത്യാവശ്യമുള്ളവരെ വിടുന്നുണ്ടായിരുന്നു. പ്രതികൾ പിടിയിലായതോടെ ഇപ്പോൾ പെൺകുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് പുറത്തു പോകുന്നതിന് പ്രശ്നമില്ലെന്നും അദ്ദേഹം പറഞ്ഞു.

English Summary:

JS Siddharthan Death: Suspension for Hostel Students

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com