സംസ്ഥാനത്ത് ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് പുതിയ സുരക്ഷാ ലേബൽ; ട്രാക്ക് ആൻഡ് ട്രെയ്സ് സൗകര്യവും
Mail This Article
തിരുവനന്തപുരം∙ സംസ്ഥാനത്തെ ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് 30 സുരക്ഷാ സങ്കേതങ്ങളടങ്ങിയ സുരക്ഷാ ലേബൽ വരുന്നു. ക്യൂആർ കോഡ് ആലേഖനം ചെയ്ത ടാഗന്റ് അധിഷ്ഠിത ഹോളോഗ്രാഫിക് ടാക്സ് ലേബലിൽ ട്രാക്ക് ആൻഡ് ട്രെയ്സ് സൗകര്യവുമുണ്ടാകും. ഇതിലൂടെ മദ്യ വിതരണ സംവിധാനം പൂർണമായി നിരീക്ഷിക്കാനാകുന്നതിനു പുറമെ ഉപഭോക്താവിന് മദ്യത്തെക്കുറിച്ചുള്ള വിശദാംശങ്ങളും ലഭിക്കും. മദ്യ വിൽപ്പനയിൽ സുതാര്യത ഉറപ്പാക്കി, നികുതിവെട്ടിപ്പ് അവസാനിപ്പിക്കുവാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ സംവിധാനത്തിന്റെ ട്രയൽ റണ്‍ നടക്കുകയാണ്.
സി ഡിറ്റാണ് ഹോളോഗ്രാം രൂപകൽപ്പന ചെയ്തത്. മന്ത്രി എം.ബി.രാജേഷിന്റെ സാന്നിധ്യത്തിൽ ഹോളോഗ്രാം സംബന്ധിച്ച ധാരണാപത്രത്തിൽ ബവ്റിജസ് കോർപറേഷൻ സിഎംഡി യോഗേഷ് ഗുപ്ത, എക്സൈസ് കമ്മിഷണർ മഹിപാൽ യാദവ്, സിഡിറ്റ് റജിസ്ട്രാർ എ.കെ.ജയദേവ് ആനന്ദ് എന്നിവർ ഒപ്പുവച്ചു. സിഡിറ്റ് ഡയറക്ടർ ജി.ജയരാജും പങ്കെടുത്തു.
Read More: ഡിഎൻഎ ഫലം വന്നു, കുട്ടി നാടോടി ദമ്പതികളുടെ തന്നെ; മാതാപിതാക്കൾക്ക് തിരികെ കൈമാറും
പുതിയ സംവിധാനത്തിലൂടെ സംസ്ഥാനത്തെയാകെ മദ്യവിൽപ്പനയുടെ തൽസ്ഥിതി തത്സമയം അറിയാനാകും. ഓരോ ദിവസത്തെയും ആകെ കച്ചവടം, എതൊക്കെ ഷോപ്പുകളിൽ എത്ര, ഓരോ ബ്രാൻഡും എത്ര വിൽപ്പന തുടങ്ങിയ വിശദാംശങ്ങൾ ഒറ്റ ക്ലിക്കിൽ അറിയാം. നിലവിൽ വ്യാജമദ്യമാണോയെന്ന് പരിശോധിക്കാൻ ഹോളോഗ്രാം മാനുവലായി വായിച്ച് നോക്കുന്നതാണ് രീതി. മദ്യവിൽപ്പന ശാലകളിലെ വ്യാജമദ്യ പരിശോധനകളിൽ എക്സൈസിന് സ്റ്റോക്ക് റജിസ്റ്റർ മാന്വലായി പരിശോധിക്കേണ്ടുന്ന സാഹചര്യവും ഇതൊഴിവാക്കും. 2002 മുതൽ സി-ഡിറ്റ് നൽകി വരുന്ന 15 സുരക്ഷാ സങ്കേതങ്ങൾ ഉൾച്ചേർത്ത ഹോളോഗ്രാമിന്റെ പരിഷ്കരിച്ച രണ്ടാം പതിപ്പാണ് 30 സുരക്ഷാ സങ്കേതങ്ങൾ ഉൾച്ചേർത്ത് നിലവിൽ വരുന്നത്.