സനാതന ധർമ്മ പരാമർശം: പ്രത്യാഘാതങ്ങളെപ്പറ്റി ഉദയനിധി ബോധവാൻ ആകേണ്ടിയിരുന്നുവെന്ന് സുപ്രീംകോടതി
Mail This Article
ന്യൂഡൽഹി∙ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ സനാതന ധർമ്മത്തെക്കുറിച്ച് നടത്തിയ പരാമർശത്തിനെതിരെ സുപ്രീംകോടതി. പരാമർശം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ഉദയനിധി സ്റ്റാലിൻ ബോധവാനാകേണ്ടിയിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. മഹാരാഷ്ട്ര, ജമ്മു കശ്മീർ, ഉത്തർപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഉദയനിധി സ്റ്റാലിനെതിരെ റജിസ്റ്റർ ചെയ്ത എഫ്ഐആറുകൾ ഒരുമിച്ച് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അഭിഭാഷകൻ മനു അഭിഷേക് സിങ്‌വി കോടതിയെ സമീപിച്ചപ്പോഴായിരുന്നു നിരീക്ഷണം. ഉദയനിധി സ്റ്റാലിൻ സാധാരണക്കാരനല്ലെന്നും ഒരു മന്ത്രിയാണെന്നും കോടതി പറഞ്ഞു. ആർട്ടിക്കിൾ 19, 25 എന്നിവയുടെ ലംഘനമാണ് നടന്നിരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. മാർച്ച് 15നു കേസ് വീണ്ടും പരിഗണിക്കും.
താൻ സ്റ്റാലിന്റെ അഭിപ്രായങ്ങളെ ഒട്ടും ന്യായീകരിക്കുന്നില്ലെന്ന് വ്യക്തമാക്കിയ മനു അഭിഷേക് സിങ്‌വി ആറു സംസ്ഥാനങ്ങളിൽ എഫ്ഐആറുകൾ നേരിടുന്നുണ്ടെന്നും അവ ഏകീകരിക്കാൻ മാത്രമാണ് ശ്രമിക്കുന്നതെന്നും ചൂണ്ടിക്കാട്ടി. ബന്ധപ്പെട്ട ഹൈക്കോടതികളെ സമീപിക്കാനായിരുന്നു സുപ്രീംകോടതി നിർദ്ദേശം. എന്നാൽ തനിക്ക് ആറ് ഹൈക്കോടതികളിൽ പോകേണ്ടി വരുമെന്നും നിരന്തരം ഇതിൽ ബന്ധിതനായി പോകുമെന്നും സിങ്‌വി പറഞ്ഞു.
അമിഷ് ദേവ്ഗൺ, അർണാബ് ഗോസ്വാമി, നൂപുർ ശർമ, മുഹമ്മദ് സുബൈർ എന്നിവരുടെ കേസുകളിൽ ഒന്നിലധികം സംസ്ഥാനങ്ങളിലെ എഫ്ഐആറുകൾ ഏകീകരിക്കാൻ അനുവദിച്ചുകൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവുകൾ സിങ്‌വി ചൂണ്ടിക്കാട്ടി. അതേ ഇളവാണ് താൻ ആവശ്യപ്പെടുന്നതെന്നും പറഞ്ഞു. കേസിന്റെ മെറിറ്റിനെ കുറിച്ച് ഞാൻ ന്യായീകരിക്കുകയോ വിമർശിക്കുകയോ ചെയ്യുന്നില്ല. കേസിന്റെ മെറിറ്റ് എഫ്ഐആറുകൾ ക്ലബ് ചെയ്യാനുള്ള അപേക്ഷയെ ബാധിക്കാതിരിക്കട്ടെയെന്നും സിങ്‌വി പറഞ്ഞു.