ADVERTISEMENT

കോതമംഗലം∙ നേര്യമംഗലം കാഞ്ഞിരവേലിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിര രാമകൃഷ്ണന്റെ(72) മൃതദേഹവുമായി കോതമംഗലം ടൗണിൽ നടത്തിയ പ്രതിഷേധത്തിനിടെ നാടകീയ രംഗങ്ങൾ. മൃതദേഹം വിട്ടു തരില്ലെന്ന് പറഞ്ഞ് ഇന്ദിരയുടെ സഹോദരൻ ഉൾപ്പെടെയുള്ള ബന്ധുക്കൾ മൃതദേഹത്തിനു മേൽ കിടന്ന് പ്രതിഷേധിച്ചെങ്കിലും പൊലീസ് അവരെയെല്ലാം ബലമായി തട്ടിമാറ്റി മൃതദേഹം കിടത്തിയ ഫ്രീസർ റോഡിലൂടെ വലിച്ച് ആംബുലൻസിൽ കയറ്റി. മൃതദേഹമടങ്ങിയ ഫ്രീസർ ആംബുലൻസിൽ കയറ്റിയ ശേഷം ഡോർ പോലും അടയ്ക്കാതെയാണ് വാഹനം മുന്നോട്ടു നീങ്ങിയത്. മൃതദേഹം വിട്ടുതരില്ലെന്ന് പറഞ്ഞ് മൃതദേഹത്തിൽ കിടന്നു പ്രതിഷേധിച്ച തന്നെ വലിച്ചിഴച്ചു മാറ്റിയെന്നും ഇന്ദിരയുടെ സഹോദരൻ സുരേഷ് പറഞ്ഞു. സഹോദരൻ ഉൾപ്പെടെയുള്ളവർക്ക് പൊലീസ് നടപടിയിൽ പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

Read also: പ്രണയം നിരസിച്ചതിന് ആസിഡ് ആക്രമണം, 3 പെൺകുട്ടികൾക്ക് ഗുരുതര പരുക്ക്; മലയാളി യുവാവ് പിടിയിൽ

ജനപ്രതിനിധികളെയും നാട്ടുകാരെയും ബന്ധുക്കളെയുമെല്ലാം ബലം പ്രയോഗിച്ച് നീക്കിയതിനു ശേഷമാണ് പൊലീസ് മൃതദേഹം കൊണ്ടുപോയത്. പൊലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷം ഉടലെടുത്തതിനെ തുടർന്ന് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. സമരപ്പന്തൽ പൊലീസ് ബലമായി പൊളിച്ചുനീക്കി.

dead-body-kothamangalam
മൃതദേഹം പൊലീസ് വലിച്ചുകൊണ്ടു പോകുന്നു (Image: Videograb)

കോതമംഗലം ടൗണിൽ കോൺഗ്രസ് നേതാക്കളായ മാത്യു കുഴൽനാടന്റെയും ഡീൻ കുര്യാക്കോസിന്റെയും നേതൃത്വത്തിലാണ് പ്രതിഷേധമാർച്ച് നടന്നത്. പ്രതിഷേധത്തിനിടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. ‘പൊലീസ് ഗോ ബാക്ക്’ എന്ന മുദ്രാവാക്യവുമായി പ്രതിഷേധക്കാർ തെരുവിലിറങ്ങി.  വന്യമൃഗശല്യത്തിന് പരിഹാരമുണ്ടാക്കിയ ശേഷം മതി ഇന്ദിരയുടെ പോസ്റ്റ്മോർട്ടമെന്ന് കുടുംബവും അറിയിച്ചിരുന്നു.  ബലം പ്രയോഗിച്ചാണ് മോർച്ചറിയിൽനിന്ന് മൃതദേഹം പ്രതിഷേധത്തിനായി കൊണ്ടുപോയതെന്നാണ് വിവരം.

ഇന്ദിരയുടെ മൃതദേഹവുമായി യുഡിഎഫ് നേതാക്കൾ നടത്തിയ പ്രതിഷേധത്തിനിടെ ഉന്തും തള്ളുമുണ്ടായപ്പോൾ (ചിത്രം∙മനോരമ)
ഇന്ദിരയുടെ മൃതദേഹവുമായി യുഡിഎഫ് നേതാക്കൾ നടത്തിയ പ്രതിഷേധത്തിനിടെ ഉന്തും തള്ളുമുണ്ടായപ്പോൾ (ചിത്രം∙മനോരമ)

പൊലീസും നേതാക്കളുമായി വാക്കുതർക്കമുണ്ടായിരുന്നു. ഇൻക്വസ്റ്റിനു വച്ച മൃതദേഹവുമായി പ്രതിഷേധത്തിനിറങ്ങുന്നത് ശരിയല്ലെന്ന് പൊലീസ് നേതാക്കളോട് പറഞ്ഞു. ഇതേത്തുടർന്ന് പൊലീസും നേതാക്കളും തമ്മിൽ വാക്കുതർക്കമുണ്ടായി. ഡിവൈഎസ്പിയെ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പിടിച്ചു തള്ളി. നടുറോഡിൽ മൃതദേഹത്തെ അപമാനിച്ചതിന് പൊലീസ് കണക്കു പറയേണ്ടി വരുമെന്ന് ഡീൻ കുര്യാക്കോസ് കയർത്തു. മന്ത്രിമാർ സ്ഥലത്തെത്തിയ ശേഷം മാത്രമേ പ്രതിഷേധം അവസാനിപ്പിക്കൂ എന്നും നേതാക്കൾ അറിയിച്ചെങ്കിലും അതിൽ നടപടിയൊന്നും ഉണ്ടായില്ല. 

കോതമംഗലം ടൗണിൽ യുഡിഎഫിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം (ചിത്രം∙ മനോരമ)
കോതമംഗലം ടൗണിൽ യുഡിഎഫിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം (ചിത്രം∙ മനോരമ)

ഇന്നു രാവിലെ 9 മണിയോടെ കൃഷിയിടത്തിൽ ആടിനെ കെട്ടുന്നതിനിടെയാണ് ഇന്ദിരയ്ക്കു നേരെ കാട്ടാന ആക്രമണം ഉണ്ടായത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വീണുപോയ ഇന്ദിരയെ കാട്ടാന ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് അയൽവാസികൾ എത്തിയപ്പോൾ ഇന്ദിര രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു. ഉടൻ തന്നെ കോതമംഗലത്തെ ആശുപതിയിലേക്കു കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

English Summary:

UDF and natives Protest at Kothamangalam Town with Indira's dead body

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com