മാവോയിസ്റ്റ് പ്രവര്‍ത്തനം: പ്രഫ.സായ്ബാബയെ കുറ്റവിമുക്തനാക്കി ബോംബെ ഹൈക്കോടതി
Mail This Article
മുംബൈ∙ മാവോയിസ്റ്റ് പ്രവര്‍ത്തനം ആരോപിച്ചുള്ള കേസില്‍ ഡല്‍ഹി സര്‍വകലാശാല മുന്‍ അധ്യാപകന്‍ പ്രഫ. ജി.എന്‍.സായ്ബാബ ഉള്‍പ്പെടെ 6 പേരെ ബോംബെ ഹൈക്കോടതി വിട്ടയച്ചു. ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. സായ്ബാബ ഉള്‍പ്പെടെ 5 പേര്‍ക്ക് ജീവപര്യന്തവും ഒരാള്‍ക്ക് 10 വര്‍ഷം തടവുമായിരുന്നു 2017ല്‍ വിചാരണക്കോടതി വിധിച്ച ശിക്ഷ. ഈ വിധിയാണ് ഇപ്പോള്‍ ഹൈക്കോടതി റദ്ദ് ചെയ്തിരിക്കുന്നത്.
യുഎപിഎ നിയമത്തിലെ വ്യവസ്ഥ പാലിച്ചല്ല വിചാരണക്കോടതിയുടെ നടപടികളെന്നു വിലയിരുത്തി പ്രതികളെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ച് ഒക്‌ടോബര്‍ 2022ല്‍ വിട്ടയച്ചിരുന്നു. എന്നാല്‍ ഈ വിധി തടഞ്ഞ സുപ്രീംകോടതി വിഷയം വീണ്ടും പരിഗണിക്കാന്‍ ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.
Read More:‘കേന്ദ്രത്തിൽ കോൺഗ്രസ് സർക്കാർ വന്നാൽ മോദിയെ കൊല്ലും’; പ്രധാനമന്ത്രിക്ക് വധഭീഷണി, കേസ്
പോളിയോ ബാധയെത്തുടര്‍ന്ന് ശരീരം 90% തളര്‍ന്ന സ്ഥിതിയിലുള്ള സായ്ബാബ 2014ല്‍ അറസ്റ്റിലായതു മുതല്‍ നാഗ്പുര്‍ സെന്‍ട്രല്‍ ജയിലയിലാണ്.
സായിബാബയെ 2022ല്‍ ഹൈക്കോടതി കുറ്റവിമുക്തനാക്കിയപ്പോള്‍ മഹാരാഷ്ട്ര സര്‍ക്കാരാണ് സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്. വിചാരണക്കോടതി സായ്ബാബയെ ശിക്ഷിച്ചത് തെളിവുകള്‍ വിശദമായി പരിശോധിച്ചാണെന്ന് വിലയിരുത്തിയാണ് സുപ്രീംകോടതി ഹൈക്കോടതി വിധി റദ്ദാക്കിയത്.
മഹാരാഷ്ട്രയിലെ മാവോയിസ്റ്റ് ബാധിത മേഖലയായ ഗഡ്ചിറോളിയിലെ കോടതിയാണ് 2017 ല്‍ സായ്ബാബയ്ക്കും ഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെഎന്‍യു) വിദ്യാര്‍ഥി ഹേം മിശ്ര, മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് സാംഗ്ലിക്കര്‍, മഹേഷ് ടിര്‍ക്കി, പാണ്ഡു നരോതെ എന്നിവര്‍ക്കും ജീവപര്യന്തം തടവു വിധിച്ചത്. മറ്റൊരുപ്രതി വിജയ് ടിര്‍ക്കിക്ക് 10 വര്‍ഷം തടവും. എച്ച1എന്‍1 പനി ബാധിച്ചു പാണ്ഡു ഓഗസ്റ്റില്‍ ജയിലില്‍ മരിച്ചു. ഡല്‍ഹി സര്‍വകലാശാലയ്ക്കു കീഴിലെ രാം ലാല്‍ ആനന്ദ് കോളജില്‍ ഇംഗ്ലിഷ് അധ്യാപകനായിരിക്കെയാണു മഹാരാഷ്ട്ര പൊലീസ് സായ്ബാബയെ അറസ്റ്റ് ചെയ്തത്. പിന്നാലെ ജോലി നഷ്ടപ്പെട്ടു. വൃക്കരോഗം ഉള്‍പ്പെടെ അലട്ടുന്ന അദ്ദേഹം ശാരീരിക അവശതകള്‍ ചൂണ്ടിക്കാട്ടി മോചനത്തിന് അപേക്ഷിച്ചെങ്കിലും വിട്ടയച്ചില്ല. അമ്മ മരണക്കിടക്കയിലായിരിക്കെ കാണാന്‍ ജാമ്യം നല്‍കിയതുമില്ല.