ഗർഭഛിദ്രം ഭരണഘടനാ അവകാശമാക്കി ഫ്രാൻസ്; നടപ്പാക്കുന്ന ലോകത്തിലെ ആദ്യ രാജ്യം
Mail This Article
പാരിസ്∙ ഗർഭഛിദ്രം ഭരണഘടനാ അവകാശമാക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി ഫ്രാൻസ്. ഇതിനായി ഭരണഘടനയിൽ ഭേദഗതി വരുത്താൻ പാർലമെന്റ് തീരുമാനിച്ചു. പാര്‍ലമെന്റിന്റെ ഇരുസഭകളും സംയുക്തസമ്മേളനം ചേര്‍ന്ന് നടത്തിയ അന്തിമവോട്ടെടുപ്പിൽ 72ന് എതിരെ 780 വോട്ടുകൾക്കാണ് ബിൽ പാസായത്. വൻ കരഘോഷത്തോടെയാണ് അംഗങ്ങൾ പ്രഖ്യാപനം സ്വീകരിച്ചത്. കോൺഗ്രസ് അംഗീകരിച്ചാൽ ഇതു പ്രാബല്യത്തിൽ വരും.
ഫ്രാൻസിൽ ഗർഭഛിദ്രം കുറ്റകരമല്ലാതാക്കുന്ന നിയമം 1975ല്‍ പാസാക്കിയിട്ടുണ്ട്. എന്നാല്‍, ഗർഭഛിദ്രത്തിനുള്ള അവകാശം ഉറപ്പാക്കുന്ന ഒന്നും ഭരണഘടനയില്‍ ഇല്ലായിരുന്നു. 2022ൽ മാത്രം 234,000 ഗര്‍ഭഛിദ്രങ്ങള്‍ ഫ്രാന്‍സില്‍ നടത്തിയിട്ടുണ്ടെന്നാണ് കണക്ക്. ഗര്‍ഭഛിദ്രത്തിനുള്ള അവകാശം ഭരണഘടനയില്‍ ഉള്‍പ്പെടുത്തുന്നതിന് ഫ്രാന്‍സിലെ ജനങ്ങളില്‍ 89 ശതമാനം പേരും പിന്തുണയ്ക്കുന്നതായാണ് അഭിപ്രായ സര്‍വേകളില്‍ വ്യക്തമായിട്ടുള്ളത്.
തീരുമാനം ഫ്രാൻസിന്റെ അഭിമാനം വാനോളം ഉയർത്തുന്നെന്നും ആഗോളസന്ദേശം നൽകുന്നതാണെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവർ മക്രോ പറഞ്ഞു. പാർലമെന്റ് തീരുമാനം പ്രഖ്യാപിച്ചതിനു പിന്നാലെ പാരിസിലെ ഈഫൽ ടവറിനു താഴെ ‘എന്റെ ശരീരം എന്റെ അവകാശം’ എന്ന മുദ്രാവാക്യത്തോടെ ആഘോഷങ്ങൾ തുടങ്ങി. ആധുനിക ഫ്രാൻസിന്റെ ഭരണഘടനയിലെ 25–ാം ഭേദഗതിയാണ് ഇത്, 2008ന് ശേഷമുള്ള ആദ്യത്തേതും.