ഇസ്രയേലില്‍ മിസൈൽ ആക്രമണത്തിൽ കൊല്ലം സ്വദേശി കൊല്ലപ്പെട്ടു; 2 മലയാളികൾക്ക് പരുക്ക്: 'ആക്രമിച്ചത് ഹിസ്ബുല്ല'
Mail This Article
ജറുസലം∙ ഇസ്രയേലില്‍ മിസൈൽ ആക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു. കൊല്ലം സ്വദേശി നിബിന്‍ മാക്സ്വെല്ലാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രണ്ടു മലയാളികടക്കം ഏഴു പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇവർ കാർഷിക മേഖലയിലെ ജീവനക്കാരായിരുന്നു. ഗലീലി ഫിംഗറില്‍ മൊഷാവെന്ന സ്ഥലത്തായിരുന്നു ആക്രമണം നടന്നത്. ബുഷ് ജോസഫ്, പോൾ മെൽവിൻ എന്നീ പരുക്കേറ്റ രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ പോൾ മെൽവിൻ ഇടുക്കി സ്വദേശിയാണ്. പ്രാദേശിക സമയം തിങ്കഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
ലെബനനില്‍നിന്നുള്ള ടാങ്ക്‌വേധ മിസൈലാണ് ഇസ്രയേല്‍ ഭാഗത്തെ കൃഷിത്തോട്ടത്തിൽ പതിച്ചത്. നിബിന്‍ മാക്‌സ്‌വെല്ലിന്റെ മൃതദേഹം സിവ് ആശുപത്രിയിലേക്ക് മാറ്റി. മുഖത്തും ശരീരത്തിലും പരുക്കേറ്റ ബുഷ് ജോസഫ് ജോര്‍ജ് ബെയ്‌ലിന്‍സണ്‍ ആശുപത്രയിൽ ശസ്ത്രക്രിയ്ക്ക് വിധേയനായി. ഇയാൾ സുഖംപ്രാപിച്ചു വരികയാണെന്നും നാട്ടിലെ കുടുംബവുമായി സംസാരിച്ചുവെന്നുമാണ് വിവരം.
പോൾ മെൽവിന്റെ പരുക്ക് ഗുരുതരമല്ല. ആക്രമണത്തിനു പിന്നിൽ ഷിയ ഹിസ്ബുല്ല വിഭാഗമാണെന്നാണ് വിവരം. ഒക്‌ടോബർ 8 മുതൽ ഇസ്രയേലിന്റെ വടക്കൻ മേഖലയിലേക്കും സൈനിക പോസ്റ്റുകൾക്കും നേരെ ഹിസ്ബുല്ല ആക്രമണം നടത്തുന്നുണ്ട്. ഇസ്രയേലും ഹിസ്ബുല്ലയും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഇസ്രയേൽ ഭാഗത്ത് ഏഴ് സാധാരണക്കാരും 10 സൈനികരും കൊല്ലപ്പെട്ടു. അടുത്തിടെ ഇസ്രയേൽ കൊലപ്പെടുത്തിയ 229 പേർ ഹിസ്ബുല്ല വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. ഹിസ്ബുല്ലയുടെ ഭാഗത്തുനിന്നുള്ള മരണങ്ങളിൽ ഭൂരിഭാഗവും സംഭവിച്ചത് ലെബനനിലും സിറിയയിലുമായിരുന്നു.
സംഭവത്തിൽ ഇന്ത്യയിലെ ഇസ്രയേൽ എംബസി ഞെട്ടലും ദുഃഖവും രേഖപ്പെടുത്തി. സമാധാനപരമായി തോട്ടത്തിൽ ജോലി ചെയ്തിരുന്ന കർഷകത്തൊഴിലാളികൾക്ക് നേരെ ഭീകര സംഘടനയായ ഹിസ്ബുല്ല നടത്തിയത് ഭീരുത്വം നിറഞ്ഞ ഭീകരാക്രമണം എന്നായിരുന്നു എംബസി വിശേഷിപ്പിച്ചത്. ‘നമ്മുടെ പ്രാർഥനകളും ചിന്തകളും സ്വാഭാവികമായും മരണപ്പെട്ടവരുടെയും പരുക്കേറ്റവരുടെയും കുടുംബങ്ങളിലേക്കാണ്. ആശുപത്രികളിൽ നിന്നും മികച്ച സേവനം പരുക്കേറ്റവർക്ക് നൽകുന്നുണ്ട്. തീവ്രവാദം മൂലം പരുക്കേൽക്കുകയോ കൊല്ലപ്പെടുകയോ ചെയ്യുന്ന ഇസ്രയേലി പൗരന്മാരെയും വിദേശ പൗരന്മാരെയും ഒരുപോലെയാണ് ഇസ്രയേൽ പരിഗണിക്കുന്നത്. കുടുംബങ്ങളെ പിന്തുണയ്ക്കാനും അവർക്ക് സഹായം നൽകാനും ഞങ്ങൾ ഒപ്പമുണ്ടാകും. പരുക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കുന്നതിനും മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ആശ്വാസത്തിനു വേണ്ടിയും രാജ്യങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളും’– ഇസ്രയേലിലെ ഇന്ത്യൻ എംബസി അറിയിച്ചു.