ADVERTISEMENT

തിരുവനന്തപുരം∙ കഴിഞ്ഞ ദിവസം ക്ലിഫ് ഹൗസിൽ കയറിയ മരപ്പട്ടിയെ ആഭ്യന്തര വകുപ്പ് ഏൽപ്പിച്ചാൽ പിണറായി വിജയനേക്കാൾ നന്നായി വകുപ്പ് കൈകാര്യം ചെയ്യുമെന്ന് ഉറപ്പുണ്ടെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. പിണറായി വിജയന്റെയും അദ്ദേഹത്തിന്റെ തിരുട്ടു കുടുംബത്തിന്റെയും സംരക്ഷണം ഏറ്റെടുത്തതോടെ പൊലീസുകാരുടെ വിചാരം അവർ ഗുണ്ടകളാണ് എന്നാണെന്നു രാഹുൽ പരിഹസിച്ചു. തങ്ങൾ നിരാഹാരപ്പന്തലിൽ സമരമിരിക്കുകയാണെന്നും അല്ലാതെ മോർച്ചറിയിൽ മൃതശരീരമായിട്ട് ഇരിക്കുകയല്ലെന്നും രാഹുൽ പൊലീസുകാരെ ഓർമിപ്പിച്ചു.

Read more at: ‘സർ, മരപ്പട്ടിയുടെ മൂത്രത്തേക്കാൾ വലിയ പ്രശ്നമാണ് ആനച്ചൂര്; തെരുവിൽ മൃതദേഹം വഹിച്ചുള്ള സമരം ഗതികേട്’

സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തുന്ന സഹപ്രവർത്തകരെ കൈകാര്യം ചെയ്താൽ തങ്ങൾ ഒരു വരവങ്ങ് വരുമെന്നും അത് സർക്കാർ താങ്ങില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ മുന്നറിയിപ്പു നൽകി. കെഎസ്‌യു സമരത്തിന് അഭിവാദ്യമർപ്പിച്ച് സംസാരിക്കുകയായിരുന്നു രാഹുൽ.

‘‘പൊലീസുകാർ കേൾക്കാൻവേണ്ടി പറയുകയാണ്. ഞങ്ങളുടെ ഈ സമരപ്പന്തലിൽ ഈ വൃത്തികെട്ട പൊലീസിന്റെ കാവൽ ആവശ്യമില്ല. ഞങ്ങളെ സംരക്ഷിക്കാൻ ഞങ്ങൾക്കറിയാം. സെക്രട്ടേറിയറ്റിലും ക്ലിഫ് ഹൗസിലുമൊക്കെ കഴിഞ്ഞ ദിവസം കയറിയ ഒരു മരപ്പട്ടിയുണ്ട്. ആ മരപ്പട്ടിയെ കേരളത്തിന്റെ ആഭ്യന്തര വകുപ്പ് ഏൽപ്പിച്ചാൽ വിജയനേക്കാൾ നന്നായി ആ മരപ്പട്ടി വകുപ്പ് കൈകാര്യം ചെയ്യുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. ആ മരപ്പട്ടിയേക്കാൾ കഷ്ടമായി, അതിന്റെയത്ര പോലും ചിന്തയോ വിവേകമോ ബുദ്ധിയോ ഇല്ലാത്ത പിണറായി വിജയൻ കേരളത്തിന്റെ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോൾ, അയാളുടെയ‌ും അയാളുടെ തിരുട്ടു ഫാമിലിയുടെയും സംരക്ഷണം ഏറ്റെടുത്ത പൊലീസിന്റെ വിചാരം അവരും ഗുണ്ടകളായി മാറിയെന്നാണ്.

പൊലീസിനോട് ആദ്യമേ ഒരു കാര്യം പറഞ്ഞേക്കാം. നാളെയും മറ്റന്നാളും, ഇനിയങ്ങോട്ട് ഈ നിരാഹാര സമരം ഉള്ളിടത്തോളം കാലം ഇവിടെ വിവിധ സംഘടനകളുടെ സെക്രട്ടേറിയറ്റ് മാർച്ച് ഉണ്ടാകും. ആ സെക്രട്ടേറിയറ്റ് മാർച്ചുമായി കടന്നുവരുന്ന ഞങ്ങളുടെ സഹപ്രവർത്തകരെ കൈകാര്യം ചെയ്യാമെന്നാണു പൊലീസുകാർ വിചാരിക്കുന്നതെങ്കിൽ അവരോട് ഒരു കാര്യം പറയാം. ഞങ്ങൾ നിരാഹാരപ്പന്തലിൽ സമരമിരിക്കുകയാണ്. അല്ലാതെ മോർച്ചറിയിൽ മൃതശരീരമായിട്ട് ഇരിക്കുകയല്ല. ഞങ്ങളുടെ സഹപ്രവർത്തകരെ കൈകാര്യം ചെയ്താൽ ആ സെക്രട്ടേറിയറ്റ് വളപ്പിലേക്ക് ഞങ്ങൾ ഒരു വരവങ്ങ് വരും. ഞങ്ങളുടെ സഹപ്രവർത്തകരെ സംരക്ഷിക്കാൻ. ആ വരവ് നിങ്ങളൊന്നും താങ്ങത്തില്ല.

അതുകൊണ്ട് നോക്കീം കണ്ടും നിങ്ങൾ ക്രമസമാധാന പാലനം നടത്തിയാൽ മതി. രാജാവിനേക്കാൾ വലിയ രാജഭക്തിയൊന്നും ഇവിടെ ഒരു പൊലീസ് ഏമാനും കാട്ടേണ്ടതില്ല. ഇന്ന് കെഎസ്‌യുക്കാർ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തുമ്പോൾ ഞങ്ങൾ അവരെ മടക്കി വിളിച്ചതാണ്. അല്ലാതെ ആ പീറ ജലപീരങ്കിയും പൊലീസുകാരുടെ പീറ ലാത്തിയും ഷീൽഡും കണ്ട് തിരിച്ചുപോരുന്നവല്ല ഈ യുവാക്കൾ. എല്ലാ ദിവസവും ഇങ്ങനെ മടക്കിവിളിക്കുമെന്ന ധാരണ വേണ്ട.’’ – രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

English Summary:

Palm Civet Would Outperform Vijayan as Kerala Home Minister, Says Rahul Mamkoottathil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com