സർക്കാരിന് തിരിച്ചടി; സിസ തോമസിന് എതിരായ ഹർജി വാദം കേൾക്കാതെ തള്ളി സുപ്രീംകോടതി
Mail This Article
ന്യൂഡൽഹി ∙ കേരള സാങ്കേതിക സർവകലാശാല (കെടിയു) വൈസ് ചാൻസലർ (വിസി) നിയമനത്തിൽ സംസ്ഥാന സർക്കാരിനു തിരിച്ചടി. മുൻ വിസി ഡോ.സിസ തോമസിന് എതിരായ സർക്കാരിന്റെ ഹർജി സുപ്രീം കോടതി തള്ളി. ഗവർണറും സർക്കാരും തമ്മിലുള്ള പ്രശ്നത്തിൽ വ്യക്തികളായ ഉദ്യോഗസ്ഥരെ ബലിയാടാക്കരുതെന്നു കോടതി അഭിപ്രായപ്പെട്ടു.
കേസില്‍ വിശദമായ വാദം പോലും കേള്‍ക്കാതെയാണ് സര്‍ക്കാരിന്‍റെ ഹര്‍ജി തള്ളിയത്. സിസ തോമസിനെതിരായ നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണു സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. മുൻ വൈസ് ചാൻസലർ രാജശ്രീയുടെ നിയമനം സുപ്രീംകോടതി അസാധു ആക്കിയതിനെ തുടർന്നാണു യൂണിവേഴ്സിറ്റി–യുജിസി ചട്ടങ്ങൾ പ്രകാരം സിസ തോമസിനെ താൽക്കാലിക വിസി ആയി ഗവർണർ നിയമിച്ചത്.
Read Also: പാലായില്‍ ഒരു കുടുംബത്തിലെ 5 പേര്‍ മരിച്ച നിലയില്‍; കുട്ടികളെ ശ്വാസം മുട്ടിച്ചു കൊന്നു
ഇതിനെതിരെ സർക്കാർ ഹൈക്കോടതിയ സമീപിച്ചപ്പോൾ, സിസയുടെ നിയമനം നിയമപരമാണെന്ന് കോടതി വിധിച്ചു. അതിനു ശേഷമാണ് സർക്കാരിന്റെ അനുമതി കൂടാതെ വിസി സ്ഥാനം ഏറ്റെടുത്തെന്ന് ആരോപിച്ചു അവർക്ക് സർക്കാർ കാരണം കാണിക്കൽ നോട്ടിസ് നൽകിയത്. തനിക്കെതിരായുള്ള സർക്കാരിന്റെ നോട്ടിസിനെതിരെ സിസ തോമസ് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചെങ്കിലും ശിക്ഷ നടപടികൾ തുടരാമെന്ന് ഉത്തരവിട്ടു.
ഇതിനെതിരെ സിസ ഹൈക്കോടതിയെ സമീപിച്ചു. ഹർജി പരിഗണിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച്, സർക്കാർ നൽകിയ കാരണം കാണിക്കൽ നോട്ടിസ് നിയമപരമായി നിലനിൽക്കില്ലെന്നും സിസയെ നിയമിച്ചത് യൂണിവേഴ്സിറ്റി–യുജിസി ചട്ടങ്ങൾ അനുസരിച്ചാണെന്നും ഉത്തരവിട്ടു. ഈ വിധിക്കെതിരെയാണു സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നല്‍കിയതും തിരിച്ചടി നേരിട്ടതും.