സനാതന ധര്‍മ പരാമര്‍ശം: ഉദയനിധിക്ക് ആശ്വാസം; അയോഗ്യനാക്കാനാവില്ലെന്ന് സുപ്രീംകോടതി
Mail This Article
ന്യൂഡല്‍ഹി∙ സനാതന ധര്‍മ്മത്തെക്കുറിച്ച് നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ട കേസില്‍ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന് ആശ്വാസം. ഉദയനിധിയെ അയോഗ്യനാക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഉദയനിധിയും മറ്റ് രണ്ട് ഡിഎംകെ നേതാക്കളും എംഎല്‍എമാരായി തുടരുന്നത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ഉദയനിധിയുടെ പരാമര്‍ശം തെറ്റാണെങ്കിലും ഇതുവരെ ഒരു കോടതിയും അദ്ദേഹത്തെ ശിക്ഷിച്ചിട്ടില്ലെന്നു സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
പരാമര്‍ശം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ഉദയനിധി സ്റ്റാലിന്‍ ബോധവാനാകേണ്ടിയിരുന്നുവെന്ന് കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഉദയനിധി സ്റ്റാലിന്‍ സാധാരണക്കാരനല്ലെന്നും ഒരു മന്ത്രിയാണെന്നും കോടതി പറഞ്ഞു. ആര്‍ട്ടിക്കിള്‍ 19, 25 എന്നിവയുടെ ലംഘനമാണ് നടന്നിരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സനാതന ധര്‍മ്മത്തെ ഡെങ്കിപ്പനിയേയും മലേറിയേയും പോലെ ഇല്ലാതാക്കണമെന്ന തരത്തില്‍ കഴിഞ്ഞ വര്‍ഷം നടത്തിയ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. സെപ്റ്റംബറില്‍ ചെന്നൈയിലെ സാഹിത്യ സമ്മേളനത്തിലാണ് ഉദയനിധി സ്റ്റാലിന്‍ വിവാദ പരാമര്‍ശം നടത്തിയത്.