യുക്രെയ്ന് എതിരെ യുദ്ധം ചെയ്യാൻ നിർബന്ധിതരായ ഇന്ത്യക്കാരിൽ ഒരാൾ കൊല്ലപ്പെട്ടു: മരിച്ചത് ഹൈദരാബാദ് സ്വദേശി
Mail This Article
കീവ്∙ റഷ്യയിൽ കുടുങ്ങി യുക്രെയ്ന് എതിരെ യുദ്ധം ചെയ്യാൻ നിർബന്ധിതരായ ഇന്ത്യക്കാരിൽ ഒരാൾ കൊല്ലപ്പെട്ടു. ഹൈദരാബാദ് സ്വദേശി മുഹമ്മദ് അസ്‍ഫാൻ (30) എന്നയാളാണ് കൊല്ലപ്പെട്ടത്. അസ്ഫാനെ റഷ്യയിൽനിന്നു തിരികെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഹൈദരാബാദ് എംപി അസദുദ്ദീൻ ഉവൈസിയെ കണ്ടിരുന്നു. തുടർന്ന് മോസ്കോയിലെ ഇന്ത്യൻ എംബസിയുമായി എംപി ബന്ധപ്പെട്ടപ്പോളാണ് മരണവിവരം അറിഞ്ഞത്. അസ്ഫാന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.
Read Also: ഗാസ വെടിനിർത്തൽ: എങ്ങുമെത്താതെ കയ്റോ ചർച്ച
റഷ്യൻ യുദ്ധമുഖത്തു നിരവധി ഇന്ത്യക്കാർ കുടുങ്ങിയതായും ഇവരെ തിരിച്ചെത്തിക്കാൻ ചർച്ചകൾ തുടരുകയാണെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു. റഷ്യയിൽ കുടുങ്ങിക്കിടക്കുന്ന 20 പേർ ഇന്ത്യൻ അധികൃതരുമായി ബന്ധപ്പെട്ടെന്നായിരുന്നു ദിവസങ്ങൾക്കു മുമ്പ് വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തിയത്.യുദ്ധമേഖലയിലേക്കു കടക്കരുതെന്നും പ്രതിസന്ധി നിറഞ്ഞ സാഹചര്യങ്ങളിൽ അകപ്പെടരുതെന്നും ആളുകൾക്കു നിർദേശം നൽകുകയും ചെയ്തിരുന്നു.
മോസ്കോയിലെയും ന്യൂഡൽഹിയിലെയും റഷ്യൻ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രൺധിർ ജയ്‍സ്‍വാൾ വ്യക്തമാക്കിയിരുന്നു. ജോലികൾക്കായി റഷ്യയിൽ എത്തിയവരാണു യുക്രെയ്ന് എതിരെ യുദ്ധം ചെയ്യാൻ നിർബന്ധിതരായത്.