ദിലീപ് ചിത്രം ‘തങ്കമണി’യുടെ റിലീസിങ് വിലക്കണമെന്ന് ഹർജി; അടച്ചിട്ട മുറിയിൽ വാദം കേട്ടു
Mail This Article
കൊച്ചി ∙ ഇടുക്കി തങ്കമണിയിൽ 1986ലുണ്ടായ സംഭവം പ്രമേയമാക്കി ചിത്രീകരിക്കുന്ന ദിലീപ് നായകനായ ‘തങ്കമണി’ എന്ന സിനിമയുടെ റിലീസിങ് വിലക്കണമെന്ന ഹർജിയിൽ ഹൈക്കോടതി രഹസ്യവാദം കേട്ടു. സെൻസർ ബോർഡ് അനുമതി നൽകിയ സാഹചര്യത്തിൽ തുറന്ന കോടതിയിൽ വാദം കേൾക്കുന്നത് സിനിമയ്ക്കു പിന്നിലുള്ളവരുടെ താൽപര്യങ്ങൾക്ക് എതിരാകും എന്ന കേന്ദ്ര സർക്കാർ അഭിഭാഷകൻ സുവിൻ ആർ.മേനോൻ ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അടച്ചിട്ട മുറിയിൽ വാദം കേട്ടത്.
ചിത്രത്തിലെ ബലാത്സംഗ ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് തങ്കമണി സ്വദേശിയായ വി.ആർ.ബിജു ഹൈക്കോടതിയെ സമീപിച്ചിരുന്നു. 1986ൽ ഇടുക്കി ജില്ലയിലെ തങ്കമണിയിൽ നടന്ന സംഭവത്തെ ആസ്പദമാക്കി എന്നവകാശപ്പെടുന്ന ചിത്രമാണ് തങ്കമണി. എന്നാൽ ചിത്രത്തിന്റെ ടീസറിൽ കാണിച്ചിരിക്കുന്നതു പോലെ പൊലീസുകാർ തങ്കമണിയിലെ സ്ത്രീകളെ ബലാത്സംഗം ചെയ്ത സംഭവം ഉണ്ടായിട്ടില്ലെന്നാണ് ഹർജിയിലെ വാദം.
പൊലീസിനെ പേടിച്ച് പുരുഷന്മാർ കൃഷിയിടങ്ങളിൽ ഒളിച്ചെന്നും തുടർന്ന് പൊലീസുകാർ സ്ത്രീകളെ ബലാത്സംഗം ചെയ്തെന്നും സിനിമയിൽ കാണിക്കുന്നത് ‘വാസ്തവവിരുദ്ധവും സംഭവത്തെ മോശം രീതിയിൽ ചിത്രീകരിക്കുന്നതുമാണ്’ എന്ന് ഹർജിയിൽ പറയുന്നു. ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് പറയുന്ന ഹർജിക്കാരൻ, ഇത്തരമൊരു കുറ്റകൃത്യമുണ്ടായതായി ഔദ്യോഗിക രേഖകളോ തെളിവുകളോ ഇല്ലെന്നും പറയുന്നു.
‘എലൈറ്റ്’ എന്ന ബസിലെ ജീവനക്കാരും വിദ്യാർഥികളും തമ്മിലുണ്ടായ തർക്കമാണ് വൻ പൊലീസ് നരനായാട്ടിലേക്ക് നയിച്ച തങ്കമണി സംഭവമായി മാറിയത്. ഇത്തരമൊരു സംഭവം ഉണ്ടായിട്ടുണ്ടെന്ന് എല്ലാവരും സമ്മതിക്കുന്ന കാര്യമാണെന്ന് ഹർജിക്കാരൻ പറയുന്നു.എന്നാൽ അതിനു ശേഷം പുരുഷന്മാർ മുഴുവൻ ഒളിക്കുകയും സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരകളാവുകയും ചെയ്തു എന്നത് സാങ്കൽപികസൃഷ്ടി മാത്രമാണ്. തങ്കമണി സംഭവത്തെ അതിജീവിച്ചവരും ഇത്തരമൊരു കാര്യം ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കുന്നു. അതുകൊണ്ടു തന്നെ സാങ്കൽപ്പികമായി ഉണ്ടാക്കിയ ഇത്തരമൊരു കാര്യം ആ നാട്ടിലുള്ളവർക്ക് അങ്ങേയറ്റം വേദനയുളവാക്കുന്നതും അവരുടെ മൗലികാവകാശങ്ങൾ ലംഘിക്കുന്നതുമാണെന്നാണ് വാദം.