ADVERTISEMENT

കോട്ടയം∙ ബിജെപി സംസഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ തനിക്കുനേരെ ഉന്നയിച്ച ആരോപണം പച്ചക്കള്ളമെന്ന് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ മനോരമ ഓൺലൈനിനോട് പ്രതികരിച്ചു. പത്മജയുടെ ഭർത്താവിനെ ഇ.ഡി ചോദ്യം ചെയ്തുവെന്ന്‌ ആരോപിച്ച വ്യക്തി മുൻപ് ബിജെപിയിൽ ചേരാൻ സമീപിച്ചിട്ടുണ്ടെന്നായിരുന്നു സുരേന്ദ്രന്റെ ആരോപണം. പൊതുവായി ബിജെപി നേതാക്കളോട് സംസാരിക്കും എന്നല്ലാതെ ഇങ്ങനെയൊരു ആവശ്യവുമായി താൻ ആരെയും കണ്ടിട്ടില്ലെന്ന് ബിന്ദു കൃഷ്ണ വ്യക്തമാക്കി.

Read also: വിമർശിക്കുന്നത് മുൻപ് ബിജെപിയുമായി ചർച്ച നടത്തിയവർ: ബിന്ദു കൃഷ്ണയെ പരോക്ഷമായി ഉന്നമിട്ട് സുരേന്ദ്രൻ

‘‘ഞാൻ സിപിഎം നേതാക്കളോടും സംസാരിക്കാറുണ്ട്. പക്ഷേ എന്നും അടിയുറച്ച കോൺഗ്രസുകാരിയാണ്. ഈ നിമിഷം വരെ പാർട്ടി മാറുന്നതിനെപ്പറ്റി ചിന്തിച്ചിട്ടില്ല. ഇനിയും കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് വരുമെന്ന് കാണിക്കാൻ വെറുതേ പുകമറ സൃഷ്ടിക്കാനാണ് സുരേന്ദ്രന്റെ ശ്രമം’’ –  ബിന്ദുകൃഷ്ണ പറഞ്ഞു.

‘‘പത്മജയുടെ ഭർത്താവിനെ ഇ.ഡി ചോദ്യം ചെയ്തുവെന്നുള്ളത് ഞാൻ കേട്ടിട്ടുണ്ട്. അങ്ങനെ അറിഞ്ഞ കാര്യമാണ് ഞാൻ പറഞ്ഞത്. എന്തിനാണ് ചോദ്യം ചെയ്തത് എന്ന് എനിക്കറിയില്ല. അതു സംബന്ധിച്ച തെളിവുകളും എന്റെ പക്കലില്ല. ബിജെപിയിലേക്ക് പോകുമെന്ന വിവരം അറിഞ്ഞ ഉടൻ പത്മജയെ വിളിച്ചിരുന്നു. പക്ഷേ ഫോൺ എടുത്തില്ല. ബിജെപിയിലേക്ക് പോകുമെന്ന ഒരു സൂചനയും പത്മജ നൽകിയിരുന്നില്ല. ഈ വാർത്ത സത്യമാകരുതേയെന്നാണ് ഇന്നു രാവിലെയും ഞാൻ പ്രാർഥിച്ചത്’’  –  ബിന്ദു കൃഷ്ണ പറഞ്ഞു.

പത്മജയ്ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ (ഇ.ഡി) പേടിയാണെന്നും അതുകൊണ്ടാണു ബിജെപിയിലേക്കു പോകുന്നതെന്നുമായിരുന്നു രാവിലെ ബിന്ദു കൃഷ്ണ ഉന്നയിച്ച ആരോപണം. പത്മജയുടെ ഭര്‍ത്താവിനെ ഇ.ഡി ചോദ്യം ചെയ്തിരുന്നെന്നും അവർ ബിജെപിയിൽ ചേരുന്നതു നിര്‍ഭാഗ്യകരമാണെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

ഇതിനുപിന്നാലെ മാധ്യമങ്ങളെ കണ്ട കെ.സുരേന്ദ്രൻ, പത്മജയുടെ ഭർത്താവിനെ ഇ.ഡി ചോദ്യം ചെയ്തുവെന്ന്‌ ആരോപിച്ച വ്യക്തി മുൻപ് ബിജെപിയിൽ ചേരാൻ സമീപിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയായിരുന്നു.

‘‘ഇ.ഡിയെ കണ്ട് ഭയന്നിട്ടാണ് പത്മജ ബിജെപിയിലേക്കു പോകുന്നതെന്ന് പറഞ്ഞ ആളുകളൊക്കെ ഇതിനു മുൻപ് ബിജെപിയുമായി ചർച്ച നടത്തിയിട്ടുള്ളവരാണ്. എന്റെ മാന്യതയ്ക്ക് അനുസരിച്ച് ഞാൻ അതേക്കുറിച്ചൊന്നും അധികം പറയുന്നില്ല. ഈ പറയുന്ന ആളുകളൊക്കെയായി പല തരത്തിലുള്ള ചർച്ചകൾ നടന്നിട്ടുള്ളതാണ്. അതുകൊണ്ട് ഇതൊക്കെ വെറുതേ ആളുകളെ കബളിപ്പിക്കാൻ പറയുന്നതാണ്’’ – ഇതായിരുന്നു സുരേന്ദ്രന്റെ വാക്കുകൾ.

English Summary:

Bindhu Krishna against K Surendran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com