'ബിജെപി തെറ്റിദ്ധാരണ പരത്തുന്നു, സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതം പശ്ചിമ ബംഗാൾ': മോദിക്ക് മറുപടിയുമായി മമത
Mail This Article
കൊൽക്കത്ത∙ സന്ദേശ്ഖാലിയെ കുറിച്ച് ബിജെപി തെറ്റിദ്ധാരണ പടർത്തുന്നുവെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി. തൃണമൂൽ കോൺഗ്രസ് മഹിള വിങ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു മമത.
’’സന്ദേശ്ഖാലിയെക്കുറിച്ച് ചില ആളുകൾ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണ്. പശ്ചിമ ബംഗാളിലെ സ്ത്രീകളുടെ സുരക്ഷയെ കുറിച്ച് ബിജെപി പച്ചക്കള്ളം പറഞ്ഞുപരത്തുന്നു. എന്നാൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളിൽ അവർ തികഞ്ഞ നിശബ്ദത പുലർത്തുകയും ചെയ്യുന്നു. സ്ത്രീകളെ സംബന്ധിച്ചിടത്തോളം രാജ്യത്തെ ഏറ്റവും സുരക്ഷിതമായ സംസ്ഥാനമാണ് പശ്ചിമബംഗാൾ.’’ മമത പറഞ്ഞു. സന്ദേശ്ഖാലി വിഷയത്തിൽ തൃണമൂലിനെ വിമർശിച്ച് പ്രധാനമന്ത്രി മോദി രംഗത്തെത്തിയതിന് പിറകേയാണ് മമതയുടെ പ്രതികരണം.
സന്ദേശ്ഖാലിയിലെ സ്ത്രീകളുടെ രോഷം പശ്ചിമബംഗാൾ മുഴുവൻ വ്യാപിക്കുമെന്ന് സന്ദേശ്ഖാലിയിൽ സ്ത്രീകൾ നേരിടേണ്ടി വന്ന അതിക്രമങ്ങളെ പരാമർശിച്ചുകൊണ്ട് മോദി അഭിപ്രായപ്പെട്ടിരുന്നു. ‘‘അമ്മമാരെയും സഹോദരിമാരെയും പീഡിപ്പിച്ചുകൊണ്ട് തൃണമൂൽ കോൺഗ്രസ് കൊടിയ പാപമാണ് ചെയ്തിരിക്കുന്നത്. സന്ദേശ്ഖാലിയിൽ സംഭവിച്ചത് കണ്ടാൽ ആരുടെയും ശിരസ്സ് താഴും. എന്നാൽ തൃണമൂലിനെ നിങ്ങളുടെ വേദന ബാധിക്കുന്നതുപോലുമില്ല. കുറ്റവാളികളെ സംരക്ഷിക്കാൻ ശ്രമിക്കുകയാണ് തൃണമൂൽ.’’ എന്നായിരുന്നു മോദി പറഞ്ഞത്.
മോദിയുടെ കുറ്റപ്പെടുത്തലിന് മറുപടി എന്ന രീതിയിലാണ് ഇന്ന് കൊൽക്കത്തയിലെ വനിതാ പ്രവർത്തകരെ അണിനിരത്തി മമത മാർച്ച് നടത്തിയത്. സന്ദേശ്ഖാലിയിൽ നിന്നുള്ള സ്ത്രീകളും മാർച്ചിൽ ഭാഗമായിരുന്നു. ‘സ്ത്രീകളുടെ അവകാശം ഞങ്ങളുടെ കടമയാണ്’ എന്ന മുദ്രാവാക്യവുമായാണ് തൃണമൂൽ വനിതാ പദയാത്ര നടത്തിയത്. മമതയ്ക്കൊപ്പം സുസ്മിത ദേവ്, ശശി പാഞ്ച, സാഗരിക ഘോഷ്, അഭിഷേക് ബാനർജി എന്നിവർ പങ്കെടുത്തു.