ADVERTISEMENT

ന്യൂഡൽഹി∙ ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കാൻ ഇന്നലെ രാത്രി വൈകി ആറു മണിക്കൂറോളം ചർച്ച നടന്നതായി വിവരം. 150 സീറ്റുകളിലേക്കാകും രണ്ടാംഘട്ടത്തിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കുക. ഈ ആഴ്ച അവസാനത്തോടെ രണ്ടാംഘട്ട പട്ടിക പുറത്തിറങ്ങും. 195 സ്ഥാനാർഥികളെ ഉൾപ്പെടുത്തിയുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടിക നേരത്തെ പുറത്തിറക്കിയിരുന്നു. ഹരിയാന, കർണാടക, മഹാരാഷ്ട്ര, രാജസ്ഥാൻ ഉൾപ്പെടെയുള്ള എട്ടുസംസ്ഥാനങ്ങളിലെ കോർ കമ്മിറ്റികൾ തലപുകച്ചുള്ള ആലോചനയാണ് സ്ഥാനാർഥി പട്ടികയ്ക്കായി നടത്തുന്നത്. വിജയം മാത്രമാണ് പ്രധാന മാനദണ്ഡമെന്ന് നേതാക്കൾ പറയുന്നു.

Read also:15 വർഷത്തെ പിണക്കം അവസാനിച്ചു; ഒഡീഷയിൽ ബിജു ജനതാദൾ ബിജെപിയുമായി സഖ്യത്തിന്...

ബിജെപിയുടെ മഹാരാഷ്ട്ര കോർ കമ്മിറ്റി കേന്ദ്രനേതൃത്വത്തിനു മുന്നിൽ സമർപ്പിച്ച ഫോർമുല പ്രകാരം ആകെയുള്ള 48 സീറ്റുകളിൽ 32ലും ബിജെപി മത്സരിക്കും. 12 സീറ്റുകൾ ഏകനാഥ് ഷിൻഡെ നേതൃത്വം നൽകുന്ന ശിവസേനയ്ക്കും 4 സീറ്റുകൾ അജിത് പവാറിന്റെ എൻസിപിക്കും നൽകും. മൂന്നാംതവണയും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി മഹാരാഷ്ട്രയിലെ നാഗ്പൂരിൽനിന്നു ജനവിധി തേടും. ബിജെപി ദേശീയ സെക്രട്ടറിയും പാർട്ടിയുടെ മുതിർന്ന നേതാവുമായിരുന്ന അന്തരിച്ച ഗോപിനാഥ് മുണ്ടെയുടെ മകൾ പങ്കജ മുണ്ടെയ്ക്ക് സ്ഥാനാർഥിത്വം ലഭിച്ചേക്കും. സംസ്ഥാന ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെയെ വാർധ മണ്ഡലത്തിൽനിന്നും മത്സരിപ്പിച്ചേക്കും. മഹാരാഷ്ട്രയിൽ പത്തോളം പുതുമുഖങ്ങളെ അണിനിരത്താനാണ് ബിജെപി നേതൃത്വം നടത്തുന്ന ശ്രമം. 

പൊതുതിരഞ്ഞെടുപ്പിൽ ബിജെപിക്ക് മികച്ച പിന്തുണ നൽകിയാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചും ഗുണമുണ്ടാകുമെന്ന് അമിത് ഷാ ഏകനാഥ് ഷിൻ‌ഡെക്കും അജിത് പവാറിനും സന്ദേശം നൽകിയതായാണു രാഷ്ട്രീയ വൃത്തങ്ങൾ പറയുന്നത്. രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറങ്ങുന്നതോടെ 345 സീറ്റുകളിൽ ബിജെപിക്കു സ്ഥാനാർഥികളാകും. മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് ഇതുവരെ തങ്ങളുടെ സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കാൻ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് സമിതിയോഗം ഡൽഹിയിൽ ചേരുന്നുണ്ട്. 

English Summary:

BJP's late night meet for second list

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com