കേന്ദ്രസർക്കാർ ജീവനക്കാരുടെ ഡിഎ വർധിപ്പിച്ചു; ഉജ്വല പാചക വാതക സബ്സിഡി തുടരും
Mail This Article
ന്യൂഡൽഹി∙ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎ 4 ശതമാനം വർധിപ്പിച്ചു. കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ഇതോടെ ഡിഎ അടിസ്ഥാന ശമ്പളത്തിന്റെ അമ്പത് ശതമാനമായി ഉയർന്നു. വിലക്കയറ്റം പരിഗണിച്ചാണ് കേന്ദ്രം ഡിഎയിൽ വർധന കൊണ്ടുവന്നിരിക്കുന്നത്. 2024 ജനുവരി 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് വര്‍ധന നടപ്പാക്കുന്നത്.
പെൻഷൻകാർക്കുള്ള ഡിആറും നാലുശതമാനം വർധിപ്പിച്ചു. ഇതോടെ പ്രതിവർഷം 12,868.72 കോടി രൂപ ഡിഎയ്ക്കും ഡിആറിനുമായി നീക്കിവയ്ക്കേണ്ടി വരും. 49.18 ലക്ഷം കേന്ദ്ര ജീവനക്കാർക്കും 67.95 ലക്ഷം പെൻഷൻകാർക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും.
ഡിഎയ്ക്കൊപ്പം ഗതാഗത അലവൻസ്, കാൻറീൻ അലവൻസ്, ഡെപ്യൂട്ടേഷൻ അലവൻസ്, എന്നിവ 25 ശതമാനം വർധിപ്പിച്ചു. ഭവന വാടക അലവൻസ് അടിസ്ഥാന ശമ്പളത്തിന്റെ 27 ശതമാനം, 19 ശതമാനം, 9 ശതമാനം എന്നിവയിൽ നിന്ന് യഥാക്രമം 30 ശതമാനം, 20 ശതമാനം, 10 ശതമാനം ആയി ഉയർത്തിയിട്ടുണ്ട്.
പ്രധാനമന്ത്രി ഉജ്വല യോജനയ്ക്ക് കീഴിലെ ഗുണഭോക്താക്കൾക്കുള്ള പാചക വാതക സബ്സിഡി ഒരു വർഷത്തേക്ക് കൂടി തുടരാനും കേന്ദ്രം തീരുമാനിച്ചു. ഇതുപ്രകാരം 14.2 കിലോ എൽപിജി സിലിണ്ടറിന് 300 രൂപ സബ്‌സിഡി ഒരു വർഷത്തേക്ക് തുടരും. പത്തുകോടി കുടുംബങ്ങൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. സർക്കാരിന് 12,000 കോടിയുടെ ചെലവ് വരും.