ബിഹാറിൽ എൻഡിഎയിൽ ഭിന്നത; എൽജെപിക്കായി വലവിരിച്ച് ഇന്ത്യാ സഖ്യം
Mail This Article
ന്യൂഡൽഹി∙ ബിഹാറിൽ എൻഡിഎയ്ക്കുള്ളിൽ സീറ്റ് വിഭജന തർക്കം തുടരുന്നതിനിടെ പുതിയ കരുനീക്കവുമായി ഇന്ത്യാ സഖ്യം. ബിഹാറിൽ എട്ടു ലോക്സഭാ സീറ്റുകളും ഉത്തർപ്രദേശിൽ രണ്ട് സീറ്റുകളും ലോക് ജനശക്തി പാർട്ടിക്ക് (രാം വിലാസ്) ഇന്ത്യാ സഖ്യം വാഗ്ദാനം ചെയ്തതായി ചിരാഗ് പസ്വാനുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. ബിജെപി ആറു ലോക്സഭാ മണ്ഡലങ്ങൾ മാത്രമാണു ജനശക്തി പാർട്ടിക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇന്ത്യാ സഖ്യത്തിന്റെ നീക്കം പസ്വാനെ പ്രലോഭിപ്പിച്ചേക്കാം.
അവിഭക്ത ലോക് ജനശക്തി പാർട്ടി 2019ൽ മത്സരിച്ച ആറ് സീറ്റുകളും നൽകാമെന്നാണു വാഗ്ദാനം. ഇതിനുപുറമെയാണു രണ്ടു സീറ്റുകൾ കൂടി വാഗ്ദാനം ചെയ്യുന്നത്. ഉത്തർപ്രദേശിൽ രണ്ട് മണ്ഡലങ്ങൾ വാഗ്ദാനം ചെയ്തതും ചിരാഗിനെ പ്രലോഭിപ്പിച്ചിട്ടുണ്ട്. പാർട്ടി തലവനും മുതിർന്ന നേതാവുമായ റാംവിലാസ് പസ്വാന്റെ മരണത്തിനു ഒരു വർഷത്തിനു ശേഷം 2021ൽ ലോക് ജനശക്തി പാർട്ടി പിളർന്നിരുന്നു.
2019ൽ ബിഹാറിൽ ബിജെപിയും ജെഡിയുവും 17 ലോക്‌സഭാ സീറ്റുകളിൽ വീതം മത്സരിച്ചിരുന്നു, ബാക്കിയുള്ള ആറു മണ്ഡലങ്ങളിൽ എൽജെപിയാണു മത്സരിച്ചത്. ബിജെപിയും എൽജെപിയും മത്സരിച്ച എല്ലാ സീറ്റുകളിലും വിജയിച്ചപ്പോൾ കിഷൻഗഞ്ചിൽ മാത്രമാണ് ജെഡിയു തോറ്റത്. കഴിഞ്ഞവർഷം മത്സരിച്ച അതേ സീറ്റുകളിൽ ഇത്തവണയും മത്സരിക്കാനാണ് ബിജെപി–ജെഡിയു ധാരണ. സ്വാഭാവികമായും എൽജെപിക്ക് ഇതുപ്രകാരം ആറു സീറ്റു മാത്രമേ ലഭിക്കുകയുള്ളൂ. ഇതാണ് ഇന്ത്യാ സഖ്യം അവസരമാക്കുന്നത്.