ADVERTISEMENT

ന്യൂ‍ഡൽഹി ∙ മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ ബിജെപിയിൽ ചേരും. ഡൽഹിയിലെത്തിയ പത്മജ ബിജെപി ദേശീയ നേതാക്കളുമായി ചർച്ച നടത്തുമെന്നാണു വിവരം. തുടർച്ചയായി കോൺഗ്രസ് നേതൃത്വം അവഗണിച്ചതാണു തീരുമാനത്തിനു പിന്നിലെന്നു പത്മജ അടുത്ത സുഹൃത്തുക്കളെ അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അറിവോടെയാണ് പത്മജ ബിജെപിയിലേക്ക് എത്തുന്നതെന്നാണു സൂചന.  ഇന്ന് ഉച്ചയ്ക്ക് മുൻപ് പത്മജ ഡൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിക്കുമെന്നാണു വിവരം. 

വാഗ്ദാനം ചെയ്തിരുന്ന രാജ്യസഭാ സീറ്റ് നൽകാത്തതും തന്നേക്കാൾ ജൂനിയറായവരെ രാജ്യസഭയിലേക്ക് അയച്ചതുമാണു പത്മജയെ ചൊടിപ്പിച്ചത്. കഴിഞ്ഞ നിയമസഭാ തിര‍ഞ്ഞെടുപ്പു പ്രചാരണ റാലിക്കിടെ പ്രിയങ്ക ഗാന്ധിയുടെ വാഹനത്തിൽ പത്മജ കയറുന്നതു ജില്ലാ നേതാക്കൾ തടഞ്ഞതോടെയാണു പ്രശ്നം തുടങ്ങിയത്. കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തൃശൂർ മണ്ഡലത്തിൽ പത്മജ മത്സരിച്ചെങ്കിലും വിജയിച്ചില്ല. കെ.കരുണാകരന്റെ സ്മാരകം നിർമിക്കുന്നതു കോൺഗ്രസ് നീട്ടിക്കൊണ്ടു പോകുന്നതും പത്മജയുടെ തീരുമാനത്തെ സ്വാധീനിച്ചതായാണു സൂചന.

Read Also: ഇടതിന്റെ അപ്രതീക്ഷിത സ്ഥാനാർഥിക്കിടയിലും കോൺഗ്രസിന്റെ പൊന്നാപുരം കോട്ട കാക്കുമോ?

പത്മജ ബിജെപിയിൽ ചേരുമെന്നു നേരത്തേ പ്രചാരണങ്ങളുണ്ടായെങ്കിലും അതിനെ തള്ളിക്കളഞ്ഞുകൊണ്ടു അവർതന്നെ രംഗത്തുവന്നിരുന്നു. ബിജെപിയിലേക്കു പോകുന്നു എന്നൊരു വാര്‍ത്ത ഏതോ മാധ്യമത്തില്‍ വന്നെന്നു കേട്ടെന്നും എവിടെനിന്നാണ് വന്നതെന്ന് അറിയില്ലെന്നുമായിരുന്നു പത്മജ പറഞ്ഞത്. നിലവിൽ കെപിസിസി ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളാണു പത്മജ. 2004ൽ മുകുന്ദപുരം ലോക്സഭാ മണ്ഡ‍ലത്തിൽനിന്നും 2021ൽ തൃശൂരിൽനിന്ന്  നിയമസഭയിലേക്കും മത്സരിച്ചപ്പോൾ പത്മജ പരാജയപ്പെട്ടു.

തൃശൂർ ഡിസിസി പ്രസിഡന്റിന്റെ ചുമതല വഹിച്ച ആദ്യ വനിതയാണ്. ഇന്ത്യൻ നാഷനൽ ട്രേഡ് യൂണിയൻ കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം, തഴപ്പായ എംപ്ലോയീസ് യൂണിയൻ, ടെക്നിക്കൽ എജ്യുക്കേഷനൽ സൊസൈറ്റി ഓഫ് ഇന്ത്യ എന്നീ സംഘടനകളുടെ ഭാരവാഹിയായിരുന്നു. കെടിഡിസി അധ്യക്ഷയായും പ്രവർത്തിച്ചു.  മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെയും കല്യാണിക്കുട്ടി അമ്മയുടെയും മകളാണ്. പാർട്ടി വിടുന്നതു സംബന്ധിച്ച് ഒരു സൂചനയും പത്മജ തനിക്കു നൽകിയിട്ടില്ലെന്നും ഫോണിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ലെന്നും സഹോദരൻ കൂടിയായ കെ.മുരളീധരൻ എംപി പറഞ്ഞു. ഇന്നലെ മുതൽ പത്മജ തന്നെ ഫോണിൽ ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും അവർ പോയാൽ കോൺഗ്രസിന് ഒരു ക്ഷീണവുമുണ്ടാകില്ലെന്നും മുരളീധരൻ പ്രതികരിച്ചു.

English Summary:

Congress leader Padmaja Venugopal BJP entry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com