ആന്റണിയുടെ മകനിൽനിന്ന് കിട്ടാത്ത നേട്ടങ്ങൾ പത്മജയിലൂടെ പ്രതീക്ഷിച്ച് ബിജെപി; നേട്ടം കൊയ്യാൻ സിപിഎമ്മും
Mail This Article
തിരുവനന്തപുരം∙ ബിജെപി പാളയത്തിലേക്കു ചേക്കേറാനുള്ള പത്മജ വേണുഗോപാലിന്റെ നീക്കം കോൺഗ്രസിന് അപ്രതീക്ഷിതമായിരുന്നു; പത്മജയ്ക്ക് ആലോചിച്ചുറപ്പിച്ചതും. പത്മജ ബിജെപിയിലേക്കു ചേക്കേറുന്നതോടെ രാഷ്ട്രീയ എതിരാളികൾക്കു ശക്തമായ പ്രചാരണ ആയുധം ലഭിക്കുകയാണ്. കോൺഗ്രസ് പ്രതിരോധിക്കേണ്ട അവസ്ഥയിലും. ബിജെപി മറ്റു സംസ്ഥാനങ്ങളിൽ പരീക്ഷിച്ചു വിജയിച്ച രാഷ്ട്രീയ നീക്കത്തിനു കേരളത്തിൽ മികച്ച ഒരു ഉദാഹരണം ലഭിച്ചിരിക്കുന്നു. ഇതുവരെ സ്ഥാനാർഥിയെ നിശ്ചയിച്ചിട്ടില്ലാത്ത ഏതെങ്കിലും സീറ്റിൽ മത്സരിപ്പിച്ചാൽ ബിജെപിയുടെ 16 സ്ഥാനാർഥികളിൽ കോൺഗ്രസിൽനിന്നുമെത്തുന്ന മൂന്നാമത്തെ ആളാകും പത്മജ വേണുഗോപാൽ.
Read more at: ലീഡർ ജയിച്ച മുകുന്ദപുരം ഇപ്പോൾ ചാലക്കുടി; ചരിത്രം തിരുത്താൻ താമരയുമായി മകൾ പത്മജ?
പത്മജ രാഷ്ട്രീയത്തിലേക്കു വരുന്നതിൽ കെ.മുരളീധരന് തുടക്കത്തിൽ താൽപര്യമുണ്ടായിരുന്നില്ല. ഇപ്പോൾ കെ.മുരളീധരന്റെ രാഷ്ട്രീയ ജീവിതത്തിനു തിരിച്ചടി നൽകിയാണു പത്മജ കോൺഗ്രസ് വിടുന്നതും. ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കുമ്പോൾ പത്മജ പാർട്ടി വിടുന്നതു കോൺഗ്രസിന് തിരിച്ചടിയാണ്. ആഘാതത്തിന്റെ ശക്തി കൂട്ടാനാണ് ബിജെപി ഈ അവസരം തിരഞ്ഞെടുത്തതും. പത്മജയുടെ മാറ്റം രണ്ടു മണ്ഡലങ്ങളിൽ കാര്യമായി പ്രതിഫലിക്കും. വടകരയിലും തൃശൂരിലും.
ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും വടകരയിൽ പത്മജയുടെ സഹോദരൻ കെ.മുരളീധരനാണ് കോൺഗ്രസ് സ്ഥാനാർഥി എന്ന് ഉറപ്പ്. മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ് എൽഡിഎഫ് സ്ഥാനാർഥി. ടി.പി കേസിലെ ഹൈക്കോടതി വിധിയിലൂടെ കോൺഗ്രസിനു പ്രചാരണ രംഗത്തു ലഭിച്ച ആധിപത്യത്തിനാണ് ഇതോടെ ഇടിവ് സംഭവിക്കുന്നത്. കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്കു പോകുന്നു എന്ന സിപിഎം വിമർശനത്തെ പ്രതിരോധിക്കാൻ കൂടുതൽ സമയം ചെലവഴിക്കേണ്ടി വരും. ബിജെപിയെ പ്രതിരോധിക്കാൻ സിപിഎമ്മിനു മാത്രമേ കഴിയൂ എന്ന പ്രചാരണത്തിൽ ന്യൂനപക്ഷ വോട്ടുകൾ ചോരാതിരിക്കാനും ശ്രദ്ധിക്കണം.
സുരേഷ് ഗോപിയും കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമാണ് കേന്ദ്രത്തിന്റെ നിർദേശപ്രകാരം പത്മജയുമായി ചർച്ച നടത്തിയതെന്നാണു വിവരം. കേരളത്തിൽ ബിജെപി പ്രസിഡന്റ് കെ.സുരേന്ദ്രൻ ഒഴികെയുള്ളവർക്ക് ഇതേക്കുറിച്ചു ധാരണയുണ്ടായിരുന്നില്ല. പത്മജയുടെ വരവ് തൃശൂരിൽ സുരേഷ് ഗോപിയെ സഹായിക്കുമെന്നാണു ബിജെപിയുടെ പ്രതീക്ഷ. അതൃപ്തരായ കോൺഗ്രസുകാരുടെ വോട്ടുകൾ ലഭിച്ചാൽ നേട്ടമുണ്ടാക്കാമെന്നു പാർട്ടി കണക്കുകൂട്ടുന്നു.
ചാലക്കുടി മണ്ഡലത്തിന്റെ പഴയ രൂപമായ മുകുന്ദപുരത്ത് പത്മജ, ലോനപ്പൻ നമ്പാടനോട് 2004ൽ പരാജയപ്പെട്ടിരുന്നു. ചാലക്കുടിയിൽ പത്മജ മത്സരിച്ചാൽ യുഡിഎഫ് വോട്ടുകൾ ഭിന്നിക്കാം. ചാലക്കുടി സീറ്റ് നിലവിൽ ബിഡിജെഎസിനു നൽകാമെന്നാണ് എൻഡിഎയിലെ ധാരണ. എറണാകുളത്തും പത്മജ പരിഗണിക്കപ്പെട്ടേക്കാം. പത്മജയുടെ രാഷ്ട്രീയ ശക്തിയേക്കാൾ കെ.കരുണാകരന്റെ മകൾ ബിജെപിയിൽ ചേർന്നെന്ന രാഷ്ട്രീയ അന്തരീക്ഷത്തിലാണ് ബിജെപി നേട്ടം കാണുന്നത്. മറ്റു പാർട്ടികളിലെ നേതാക്കളെ അടർത്തി മാറ്റാൻ ശക്തിപകരുന്ന നീക്കം കൂടിയാണിത്. മുതിർന്ന നേതാവ് എ.കെ. ആന്റണിയുടെ മകൻ അനിലിൽനിന്ന് ലഭിക്കാത്ത നേട്ടങ്ങൾ പാർട്ടി പത്മജയിലൂടെ പ്രതീക്ഷിക്കുന്നു.
കോൺഗ്രസ് വിട്ടു വന്നവരിൽ ബിജെപി സ്ഥാനാർഥികളായി പത്തനംതിട്ടയിൽ അനിലും കണ്ണൂരിൽ സി.രഘുനാഥുമുണ്ട്. പത്മജയുടെ പാർട്ടി മാറ്റം തിരഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കാനാണ് സിപിഎം തീരുമാനം. ഇതിലൂടെ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ നേട്ടമുണ്ടാക്കുമെന്നാണു പാർട്ടി വിലയിരുത്തൽ. ഉന്നത കോൺഗ്രസ് നേതാക്കൾക്കു പോലും ബിജെപിയുമായി അടുത്ത ബന്ധമാണെന്നതിൽ ഊന്നിയായിരിക്കും പ്രചാരണം. ന്യൂനപക്ഷങ്ങൾക്കിടയിൽ രാഷ്ട്രീയ നേട്ടമുണ്ടാക്കാനാകുമെന്നും വിലയിരുത്തലുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങൾ ചർച്ച ചെയ്യാൻ ഇടതുമുന്നണിയോഗം നാളെ തലസ്ഥാനത്തു ചേരുന്നുണ്ട്.