‘വാജ്പേയി മന്ത്രിസഭയിലും ഞാൻ മന്ത്രിയായിരുന്നു, അന്ന് ഇന്ത്യയെ ലോകം ഗൗരവമായി കേട്ടിട്ടില്ല’
Mail This Article
ന്യൂഡൽഹി∙ നരേന്ദ്ര മോദി സർക്കാരിന്റെ കാലത്ത് പ്രതിരോധ മേഖലയിൽ ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ ഇന്ത്യയുടെ സ്ഥാനം ഉയർന്നുവെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഇന്ത്യയുടെ സൈനിക ശക്തി ലോകത്തെ ഏറ്റവും മഹത്തായി മാറുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു.
‘‘ഇന്ത്യൻ വീക്ഷണകോണിൽനിന്നുകൊണ്ട് പ്രതിരോധ മേഖലയെ ഞങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. രാജ്യാന്തര തലത്തിലെ ഇന്ത്യയുടെ കുതിപ്പ് അതിന്റെ ഫലമാണ്. ഇന്ത്യ ഒരു വികസിത രാഷ്ട്രമായി മാത്രമല്ല, ലോകത്തെ ഏറ്റവും മഹത്തായ സൈനിക ശക്തിയായി മാറുന്ന കാലം വിദൂരമല്ല’’ - രാജ്നാഥ്സിങ് പറഞ്ഞു.
അടൽ ബിഹാരി വാജ്പേയ് സർക്കാരിന്റെ മന്ത്രിസഭയിൽ മന്ത്രിയായിരുന്ന കാലത്തെ ഇന്ത്യയെ ഇന്നത്തെ ഇന്ത്യയുമായി താരതമ്യപ്പെടുത്തിക്കൊണ്ടായിരുന്നു രാജ്യത്തിന്റെ വളർച്ച രാജ്നാഥ് സിങ് ചൂണ്ടിക്കാണിച്ചത്. വാജ്പേയി സർക്കാരിന്റെ കാലത്ത് രാജ്യാന്തര ഫോറത്തിൽ സംസാരിക്കുമ്പോൾ ഇന്ത്യയുടെ വാക്കുകൾ ഗൗരവത്തിലെടുത്തിരുന്നതായി തോന്നിയിട്ടില്ലെന്നും എന്നാൽ ഇന്ന് ഇന്ത്യ പറയുന്നത് ലോകം ശ്രദ്ധിക്കുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് ഇന്ത്യയുടെ സ്ഥാനം അത്രത്തോളം വളർന്നുകഴിഞ്ഞു എന്നതിന്റെ സൂചനയാണെന്നും അദ്ദേഹം വ്യക്തമാക്കി.
‘‘2014ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നപ്പോൾ പ്രതിരോധ മേഖലയ്ക്കാണു പ്രധാന പരിഗണന നൽകിയിരുന്നത്. മോദി സർക്കാർ ‘ആത്മനിർഭരത’ (സ്വയംപര്യാപ്തത) പ്രോത്സാഹിപ്പിച്ചു. പ്രതിരോധ മേഖലയിൽ മെയ്ക്ക് ഇൻ ഇന്ത്യ അവതരിപ്പിച്ചു. സൈന്യത്തെ ആധുനികവത്ക്കരിക്കുന്നതിലായിരുന്നു കേന്ദ്രത്തിന്റെ ശ്രദ്ധ. മുൻ സർക്കാരുകൾ ഒന്നും ചെയ്തിട്ടില്ലെന്നല്ല അർഥമാക്കുന്നതു മറിച്ച് ഞങ്ങളാണ് ആത്മനിർഭരത പ്രതിരോധ മേഖലയിൽ കൊണ്ടുവന്നത്’’ – അദ്ദേഹം പറഞ്ഞു.
ഒരു രാജ്യമെന്ന നിലയിൽ സാങ്കേതിക കാര്യങ്ങൾക്കായി മറ്റുരാജ്യങ്ങളെ ആശ്രയിക്കുന്നത് രാജ്യത്തിന്റെ മൊത്തത്തിലുള്ള ക്ഷേമത്തെ ഹാനികരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സാഹിത്യം, ദൈനംദിന ജീവിതം, തുടങ്ങി എല്ലാ മേഖലകളിലും ഇത് സ്വാധീനം ചെലുത്തും. ആ മാനസികാവസ്ഥയിൽനിന്ന് മുന്നേറാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേർത്തു.