ADVERTISEMENT

ന്യൂഡൽഹി∙ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് ലീഡറുമായിരുന്ന കെ.കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നു. ബിജെപി ദേശീയ ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് അവർ പാർട്ടി അംഗത്വം സ്വീകരിച്ചത്. കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവഡേക്കർ ഉൾപ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു അംഗത്വ സ്വീകരണം.

Read also: മുരളിയേട്ടനെപ്പറ്റി കൂടുതലൊന്നും പറയിപ്പിക്കരുത്; ചെന്നിത്തലയും സതീശനുമൊഴിച്ച് എല്ലാവരും വിളിച്ചു: പത്മജ

ജാവഡേക്കറിന്റെ വീട്ടിൽ ചർച്ച നടത്തിയശേഷമാണ് ഇരുവരും ബിജെപി ആസഥാനത്തെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കരുത്തനായ നേതാവാണെന്നും അതുകൊണ്ടു മത്രമാണ് ബിജെപി ചേരുന്നതെന്നും പത്മജ വേണുഗോപാൽ മാധ്യമങ്ങളോടു പറഞ്ഞു. കോണ്‍ഗ്രസുമായി ഏറെക്കാലമായി അകൽച്ചയിലായിരുന്നെന്നും അവർ പറഞ്ഞു. 

‘‘വളരെയധികം സന്തോഷവും കുറച്ച് ടെൻഷനുമുണ്ട്. കുറച്ചധികം വർഷങ്ങളായി കോൺഗ്രസ് നേതൃത്വവുമായി അകൽച്ചയിലാണ്. പ്രത്യേകിച്ച് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം. ഹൈക്കമാൻഡിൽ പരാതി നൽകിയെങ്കിലും യാതൊരു മറുപടിയും ലഭിച്ചില്ല. നേതൃത്വവുമായി ചർച്ച നടത്താൻ പലതവണ എത്തിയെങ്കിലും അതിനു അനുവാദം തന്നില്ല. എന്റെ അച്ഛനും ഇതേ അനുഭവമാണ് കോൺഗ്രസിൽനിന്നുണ്ടായത്. 

പത്മജ വേണുഗോപാൽ ബിജെപി ആസ്ഥാനത്തേയ്ക്ക് എത്തിയപ്പോൾ. ചിത്രം: രാഹുൽ ആർ.പട്ടം∙ മനോരമ
പത്മജ വേണുഗോപാൽ ബിജെപി ആസ്ഥാനത്തേയ്ക്ക് എത്തിയപ്പോൾ. ചിത്രം: രാഹുൽ ആർ.പട്ടം∙ മനോരമ

സമാധാനപരമായി പ്രവർത്തിക്കണമെന്ന് മാത്രമാണ് അവരോട് ആവശ്യപ്പെട്ടത്‌. എല്ലാ പാർട്ടികൾക്കും ശക്തമായ നേതൃത്വം വേണം. കോൺഗ്രസിൽ അതില്ല. സോണിയ ഗാന്ധിയോട് വളരെയധികം ബഹുമാനമുണ്ട്. എന്നാൽ അവരെ കാണാൻ ഒരിക്കൽ പോലും അനുവാദം തന്നിട്ടില്ല. മാധ്യമപ്രവർത്തകരോട് ഉൾപ്പെടെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ഈ തീരുമാനമെടുത്തത്. ഈ പാർട്ടിയെക്കുറിച്ച് പഠിക്കണം. മോദിജീ കരുത്തനായ നേതാവാണ്. അതുകൊണ്ടു മാത്രമാണ് ഈ പാർട്ടിയിലേക്ക് വന്നത്.’’– പത്മജ പറഞ്ഞു. 

ബിജെപി അംഗത്വം സ്വീകരിച്ച ശേഷം പത്മജ വേണുഗോപാൽ പ്രകാശ് ജാവഡേക്കറിനൊപ്പം. ചിത്രം: രാഹുൽ ആർ. പട്ടം ∙ മനോരമ
ബിജെപി അംഗത്വം സ്വീകരിച്ച ശേഷം പത്മജ വേണുഗോപാൽ പ്രകാശ് ജാവഡേക്കറിനൊപ്പം. ചിത്രം: രാഹുൽ ആർ. പട്ടം ∙ മനോരമ

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ പ്രിയങ്ക ഗാന്ധിയുടെ വാഹനത്തിൽ പത്മജ കയറുന്നത് ജില്ലാ നേതാക്കൾ തടഞ്ഞതോടെയാണ് കോൺഗ്രസുമായി പത്മജ ഇടഞ്ഞത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ പത്മജ മത്സരിച്ചെങ്കിലും വിജയിച്ചില്ല. 2016ലെ നിയമസഭ തിരഞ്ഞെടുപ്പിലും 2004 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും പത്മജ പരാജയപ്പെട്ടു. കെ.കരുണാകരന്റെ സ്മാരകം നിർമിക്കുന്നതും കോൺഗ്രസ് നീട്ടിക്കൊണ്ടു പോകുന്നതും പത്മജയും തീരുമാനത്തെ സ്വാധീനിച്ചെന്നാണ് സൂചന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com