ADVERTISEMENT

കൊച്ചി ∙ കോൺഗ്രസ് വിട്ട് ബിജെപിയിലേക്കു ചേക്കേറുന്ന പത്മജ വേണുഗോപാൽ ലക്ഷ്യമിടുന്നതു ചാലക്കുടി ലോക്സഭാ മണ്ഡലം. ബിഡിജെഎസിനാണ് ഈ മണ്ഡലം അനുവദിച്ചിരിക്കുന്നതെങ്കിലും പത്മജയ്ക്കായി ബിജെപി ഈ മണ്ഡലം ഏറ്റെടുത്തേക്കുമെന്നാണു സൂചന. പകരം എറണാകുളം മണ്ഡലം ബിഡിജെഎസിനു നല്‍കും. എറണാകുളത്തും ചാലക്കുടിയിലും എന്‍ഡിഎ സ്ഥാനാർഥികളെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്നതും പത്മജയ്ക്ക് അനുകൂലമാണ്.

പത്മജ വേണുഗോപാൽ. ചിത്രം: മനോരമ
പത്മജ വേണുഗോപാൽ. ചിത്രം: മനോരമ

തർക്കങ്ങളില്ലാത്ത എറണാകുളം മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി പ്രഖ്യാപനം നടത്താത്തതു പലരെയും അദ്ഭുതപ്പെടുത്തിയിരുന്നു. മുതിർന്ന നേതാക്കളായ കെ.എസ്.രാധാകൃഷ്ണനോ എ.എൻ.രാധാകൃഷ്ണനോ സ്ഥാനാർഥിയാകാൻ സാധ്യത തെളിയുന്ന സാഹചര്യത്തിലാണു രാഷ്ട്രീയ കാലാവസ്ഥ മാറിയത്. എൻഡിഎയ്ക്കു സാധ്യത വളരെക്കുറഞ്ഞ മണ്ഡലമാണ് എറണാകുളം. ചാലക്കുടിയിലേക്കു പത്മജ വരുന്നതു മണ്ഡലത്തില്‍ രാഷ്ട്രീയ അടിയൊഴുക്കുകള്‍ സൃഷ്ടിക്കും. യുഡിഎഫ് സ്ഥാനാർഥി ബെന്നി ബഹനാനെ ഇതു ബാധിക്കാനുള്ള സാധ്യതയുമേറെ.

Read Also: ‘പത്മജയ്ക്ക് ഇ.ഡിയെ പേടി, ഭർത്താവിനെ ചോദ്യം ചെയ്തു; കോൺഗ്രസ് നൽകിയത് വലിയ പദവികൾ’...

2019ൽ ഇടതു സ്ഥാനാർഥിയായിരുന്ന നടൻ ഇന്നസന്റിനെ 1.32 ലക്ഷം വോട്ടുകൾക്കാണ‌ു ബെന്നി ബഹനാൻ തോൽപ്പിച്ചത്. 2014ൽ ഇടതിന്റെ അപ്രതീക്ഷിത സ്ഥാനാർഥിയായി വന്ന ഇന്നസന്റ് യുഡിഎഫിന്റെ പി.സി.ചാക്കോയെ 13,884 വോട്ടുകൾക്ക് അട്ടിമറിച്ചിരുന്നു. ഇത്തവണ ബിജെപി സ്ഥാനാർഥിയായി പത്മജ എത്തിയാൽ കോണ്‍ഗ്രസ് വോട്ടുകളിൽ ഒരു ഭാഗം ഭിന്നിച്ചു പോയേക്കാം. ഇതോടെ എല്‍ഡിഎഫ് സ്ഥാനാർഥി സി.രവീന്ദ്രനാഥിന്റെ സാധ്യതകൾ വർധിക്കുമെന്നാണ് എൽഡിഎഫിന്റെ കണക്കുകൂട്ടൽ. 2014ൽ ചാലക്കുടി മണ്ഡലത്തിൽ 92,848 വോട്ടുമായി മൂന്നാമതായിരുന്നു ബിജെപി സ്ഥാനാർഥി ബി.ഗോപാലകൃഷ്ണൻ. 2019ല്‍ മത്സരിച്ച എ.എൻ.രാധാകൃഷ്ണൻ 1,54,159 വോട്ടുകൾ നേടി മൂന്നാമതെത്തി.

അരലക്ഷം വോട്ടുകൾ കൂടി പത്മജ പിടിക്കുകയും ഇടതുപക്ഷം വോട്ടുവിഹിതം വർധിപ്പിക്കുകയും ചെയ്താൽ അതു ബെന്നി ബഹനാനു പ്രതികൂലമാകുമെന്നാണു വിലയിരുത്തൽ. 2004ലെ തിരഞ്ഞെടുപ്പുവരെ മുകുന്ദപുരം മണ്ഡലമായിരുന്നു ഇപ്പോഴത്തെ ചാലക്കുടി മണ്ഡലം. പത്മജയുടെ പിതാവും മുൻ മുഖ്യമന്ത്രിയുമായ ലീഡർ കെ.കരുണാകരൻ ഇവിടെ നിന്നുള്ള കോൺഗ്രസ് എംപി ആയിരുന്നു. ഇഎംഎസിന്റെ മകനും സിപിഎം നേതാവുമായിരുന്ന ഇ.എം.ശ്രീധരനായിരുന്നു കരുണാകരന്റെ എതിരാളി. 52,463 വോട്ടുകൾക്കായിരുന്നു അന്ന് കരുണാകരന്റെ വിജയം. 

മുൻപു മുകുന്ദപുരത്ത് മത്സരിച്ച് പരാജയപ്പെട്ട ചരിത്രമുണ്ട് പത്മജയ്ക്ക്. 2004ലെ തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥി ലോനപ്പൻ നമ്പാടനോട് ആയിരുന്നു പരാജയം. 1.17 ലക്ഷം വോട്ടുകൾക്കായിരുന്നു നമ്പാടന്റെ വിജയം. ആ തിരഞ്ഞെടുപ്പോടെ മുകുന്ദപുരം മണ്ഡലം ഇല്ലാതായി ചാലക്കുടി രൂപപ്പെട്ടു. മുകുന്ദപുരത്ത് പിതാവ് ജയിച്ചെങ്കിലും മകൾ പരാജയപ്പെട്ടതാണ് ചരിത്രം. ചാലക്കുടിയായി മാറിയ പഴയ മണ്ഡലത്തിലേക്കു പാർട്ടി മാറി പത്മജ വീണ്ടുമെത്തിയേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുമ്പോൾ കേരള രാഷ്ട്രീയത്തിലും മറ്റൊരു കഠിന പോരാട്ടത്തിന് തുടക്കമാവുകയാണ്. തിരഞ്ഞെടുപ്പിൽ തോൽക്കുകയെന്ന ചരിത്രം പത്മജ തിരുത്തുമോ എന്ന ആകാംക്ഷയിലാണു രാഷ്ട്രീയ കേരളം.

English Summary:

Padmaja Venugopal, who is joining the BJP, is targeting the Chalakudy Lok Sabha constituency.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com