ഞാൻ ഗുരുവായൂരപ്പന്റെ വിശ്വാസി, ലീഡറുടെ ഫാൻ: കരുണാകരന്റെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി പ്രതാപൻ
Mail This Article
തൃശൂർ∙ പത്മജ വേണുഗോപാൽ ഇന്ന് ബിജെപിയിൽ ചേരുമെന്ന് ഉറപ്പായിരിക്കെ, ലീഡർ കെ.കരുണാകരന്റെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി തിരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കം കുറിച്ച് തൃശൂരിലെ സിറ്റിങ് എംപി ടി.എൻ. പ്രതാപൻ. താൻ ഗുരുവായൂരപ്പന്റെ വിശ്വാസിയും ലീഡറുടെ വലിയ ആരാധകനുമാണെന്ന് പ്രതാപൻ വ്യക്തമാക്കി. പത്മജയുടെ ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട ചോദ്യത്തിന്, എല്ലാം കാത്തിരുന്നു കാണാമെന്നായിരുന്നു പ്രതാപന്റെ മറുപടി. ഗുരുവായൂരപ്പനും ലീഡറും ജനങ്ങളുമാണ് സാക്ഷിയെന്നും പ്രതാപൻ പറഞ്ഞു.
‘‘ലീഡർ കെ.കരുണാകരന്റെ സമൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയിട്ടാണ് ഞാൻ ഇതുവരെ എല്ലാ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുള്ളത്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിലായാലും ആദ്യത്തെ തിരഞ്ഞെടുപ്പു യോഗം ചേരുന്നതിനു മുൻപ് ഇവിടെ വന്ന് ലീഡറുടെ ഓർമയ്ക്കു മുന്നിൽ പ്രണാമം അർപ്പിച്ചശേഷമാണു പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്. ഇന്ന് തൃശൂർ പാർലമെന്റ് മണ്ഡലത്തിലെ നേതാക്കളുടെ പ്രഥമ യോഗം ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നേരിട്ടു വിളിച്ചിരിക്കുകയാണ്. ഇന്നു മുതൽ പ്രവർത്തനം ആരംഭിക്കാൻ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് യോഗം.
ലീഡറിന്റെ എല്ലാ അനുഗ്രഹവും ആശീർവാദവും സ്വർഗത്തിലിരുന്നുകൊണ്ടു ലഭിക്കുമെന്ന പ്രതീക്ഷയോടെ അദ്ദേഹത്തിന്റെ ഓർമയ്ക്കു മുന്നിൽ അങ്ങേയറ്റത്തെ ആദരവോടും ബഹുമാനത്തോടും കൂടി ശിരസ് നമിക്കുകയാണ്. തൃശൂർ പാർലമെന്റ് മണ്ഡലത്തിലെ നേതൃയോഗം നേരത്തേ തീരുമാനിച്ചതാണ്. എല്ലാ മണ്ഡലങ്ങളിലും നേതൃയോഗങ്ങൾ ആരംഭിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായാണ് ഈ യോഗവും.
എല്ലാം നമുക്ക് കാത്തിരുന്നു കാണാം. ഗുരുവായൂരപ്പനും ലീഡറും ജനങ്ങളുമാണ് സാക്ഷി. ഞാൻ ഗുരുവായൂരപ്പന്റെ ഒരു വിശ്വാസിയാണ്. എല്ലാം ഗുരുവായൂരപ്പന്റെ മുന്നിൽ സമർപ്പിക്കുകയാണ്. പ്രിയപ്പെട്ട ലീഡറുടെ ഒരു വലിയ ആരാധകനും ഫാനും അനുയായിയുമാണ് ഞാൻ. എല്ലാം ഞാൻ അദ്ദേഹത്തിന്റെ ഓർമയ്ക്കു മുന്നിൽ സമർപ്പിക്കുന്നു. ഞാൻ തൃശൂർ ജില്ലയിലെ ആളുകളെ പൂർണമായും വിശ്വസിക്കുന്ന ആളാണ്. എല്ലാം ദൈവത്തിനു മുന്നിൽ സമർപ്പിക്കുന്നു. ലീഡറുടെയും തൃശൂരിലെ ജനാധിപത്യ മതനിരപേക്ഷ ജനങ്ങളുടെയും മുന്നിൽ സമർപ്പിക്കുന്നു.’’ – പ്രതാപൻ പറഞ്ഞു.