ഭാര്യ വിമാനത്താവളത്തിലെത്താൻ വൈകി; വിമാനം വൈകിപ്പിക്കാൻ ഭർത്താവിന്റെ വ്യാജ ബോംബ് സന്ദേശം
Mail This Article
മുംബൈ∙ ഭാര്യ വിമാനത്താവളത്തിൽ എത്താൻ വൈകിയതിനാൽ വിമാനം വൈകിപ്പിക്കാൻ ശ്രമിച്ച ബെംഗളൂരു സ്വദേശി അറസ്റ്റിൽ. വിമാനത്തിൽ ബോംബുണ്ടെന്ന് വ്യാജ ഭീഷണി സന്ദേശം നൽകിയാണ് ഇയാൾ മുംബൈയിൽ നിന്നുള്ള ബെംഗളൂരു വിമാനം വൈകിപ്പിച്ചത്. വിമാനം പറന്നുയരുന്നതിനു മുൻപായാണ് സംഭവം. ആകാശ് എയർലൈൻസിൽ വിളിച്ചാണ് ഇയാൾ വ്യാജ സന്ദേശം നൽകിയത്. വിമാനത്തിന്റെ ക്യാപ്റ്റനും പൊലീസിനും ഉൾപ്പെടെ എല്ലാ അധികാരികളെയും എയർലൈൻ അധികൃതർ ഉടൻ തന്നെ ഭീഷണിയെക്കുറിച്ച് അറിയിച്ചു. ക്യാപ്റ്റൻ എയർ ട്രാഫിക് കൺട്രോളിൽ (എടിസി) വിവരം അറിയിച്ചു. ലോക്കൽ ക്രൈംബ്രാഞ്ച്, തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്), ബോംബ് സ്‌ക്വാഡ് എന്നിവയിലെ ഉദ്യോഗസ്ഥരോടൊപ്പം എയർപോർട്ട് പൊലീസും സംഭവസ്ഥലത്തെത്തി.
എല്ലാ യാത്രക്കാരെയും വിമാനത്തിൽ നിന്നും ഒഴിപ്പിച്ചതിനു പുറമെ യാത്രക്കാരുടെ ബാഗുകളും പരിശോധിച്ചു. സംശയാസ്പദമായ ഒന്നും കണ്ടെത്താതായതോടെ ഫോൺ കോൾ വ്യാജമാണെന്ന നിഗമനത്തിൽ പൊലീസ് എത്തിച്ചേർന്നു. ഏറെ വൈകി അർധരാത്രിയോടെയാണ് വിമാനം മുംബൈയിൽ നിന്നും ബെംഗളൂരുവിലേക്ക് പുറപ്പെട്ടത്. താൻ ജോലി കഴിഞ്ഞിറങ്ങിയപ്പോൾ താമസിച്ചെന്നും വിമാനം കിട്ടുമോയെന്നു സംശയമാണെന്നും ഭാര്യ പ്രതിയെ അറിയിച്ചിരുന്നു. ഇവർ വിമാനത്താവളത്തിൽ എത്തിയെങ്കിലും സമയം കഴിഞ്ഞതിനാൽ വിമാനത്തിൽ കയറാനായില്ല. തുടർന്നാണ് വ്യാജ ഫോൺ സന്ദേശം നൽകാൻ ഭർത്താവ് മുതിർന്നത്. കുറ്റം തെളിഞ്ഞാൽ ഏഴു വർഷം വരെ തടവു ലഭിക്കാം.