നരേന്ദ്ര മോദിക്കും പത്മജ വേണുഗോപാലിനുമൊപ്പം കരുണാകരനും; നിലമ്പൂരിലെ ബിജെപി ഫ്ലെക്സ് കീറി കോൺഗ്രസുകാർ
![bjp-flex-with-k-karunakaran-youth-congress-0803 കെ.കരുണാകരന്റെ ചിത്രമുള്ള ഫ്ലക്സ് ബോർഡ് ബിജെപി സ്ഥാപിച്ചപ്പോൾ (ഇടത്), ഫ്ലക്സ് ബോർഡ് തകർക്കുന്ന കോൺഗ്രസുകാർ (വലത്)](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2024/3/8/bjp-flex-with-k-karunakaran-youth-congress-0803.jpg?w=1120&h=583)
Mail This Article
നിലമ്പൂർ∙ പത്മജ വേണുഗോപാൽ ബിജെപി അംഗ്വതം സ്വീകരിച്ചതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പത്മജയ്‌ക്കുമൊപ്പം ലീഡർ കെ.കരുണാകരന്റെയും ചിത്രവുമായി ഫ്ലെക്സ് സ്ഥാപിച്ച് ബിജെപി. മലപ്പുറം നിലമ്പൂരിലാണ് സംഭവം. വിഷയം ചർച്ചയായതിനു പിന്നാലെ കോൺഗ്രസ് പ്രവർത്തകർ ഫ്ലെക്സ് കീറിക്കളഞ്ഞു.
പത്മജ ഗോപാലിന് സ്വാഗതം ആശംസിച്ചു ബിജെപി മുൻസിപ്പൽ കമ്മിറ്റി നിലമ്പൂർ ടൗണിലാണ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പത്മജ വേണുഗോപാലിനുമൊപ്പം കോൺഗ്രസ് നേതാവായ കെ.കരുണാകരന്റെ കൂടി ചിത്രം ഇടംപിടിച്ചതോടെ ഫ്ലെക്സ് വളരെ വേഗം ചർച്ചയായി. പാലക്കാട് മേഖല വൈസ് പ്രസിഡന്റ് ടി.കെ. അശോക് കുമാറിന്റെ നേതൃത്വത്തിൽ ബിജെപി മുനിസിപ്പൽ ഭാരവാഹികളാണ് ഇന്നു രാവിലെ ബോർഡ് സ്ഥാപിച്ചത്.
ഇതോടെ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പാലോളി മെഹബൂബ് ബിജെപി നേതാക്കളെ പ്രതിഷേധം അറിയിച്ചു. പൊലീസിൽ പരാതിയും നൽകി. അര മണിക്കൂറിനകം ബോർഡ് മാറ്റിയില്ലെങ്കിൽ കോൺഗ്രസ് പ്രവർത്തകർ നീക്കം ചെയ്യുമെന്ന് അറിയിക്കുകയും ചെയ്തു. സമയപരിധി കഴിഞ്ഞിട്ടും നീക്കാത്തതിനെ തുടർന്ന് മെഹബൂബിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ ഫ്ലെക്സ് ബോർഡ് കീറി നശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തിയിരുന്നു.