ഡിസംബറോടെ രാമക്ഷേത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർണ്ണമായും പൂർത്തിയാക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ്
Mail This Article
ലക്നൗ∙ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ 2024 ഡിസംബറോടെ പൂർണ്ണമായും പൂർത്തിയാക്കുമെന്നു ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ്. നിലവിൽ 1500 തൊഴിലാളികളാണു നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഇതു വേഗത്തിലാക്കാൻ 3500 തൊഴിലാളികളെ കൂടി നിയോഗിക്കുമെന്നും ക്ഷേത്ര ട്രസ്റ്റിലെ അംഗമായ അനിൽ മിശ്ര പറഞ്ഞു. രണ്ടുനിലകളിലെ നിർമാണമാണ് ഇനി പൂർത്തിയാകാനുള്ളത്. കഴിഞ്ഞവർഷം ഡിസംബറിലാണു ക്ഷേത്രത്തിന്റെ താഴത്തെ നിലയുടെ നിർമാണം പൂർത്തിയായത്. താഴത്തെ നിലയിലാണു ശ്രീകോവിൽ സ്ഥിതി ചെയ്യുന്നത്.
മഴക്കാലത്തിനു മുന്നേ ക്ഷേത്രത്തിന് മതിൽ കെട്ടുമെന്നും സമുച്ചയത്തിൽ ആറ് ദേവന്മാരുടെയും ദേവതകളുടെയും ആരാധനാലയങ്ങൾ നിർമിക്കുമെന്നും കൂടാതെ സന്യാസിമാരുടെ ക്ഷേത്രങ്ങളും നിർമിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാൽമീകി, വിശ്വാമിത്ര, അഗസ്ത്യ, വസിഷ്ഠൻ, നിഷാദ്രാജ്, അഹിലി എന്നിവരുടെ അടക്കം ക്ഷേത്രങ്ങളാണ് നിർമിക്കുക.
ജനുവരി 22നു നടന്ന പ്രാണ പ്രതിഷ്ഠാ ചടങ്ങിനു പിന്നാലെ 75 ലക്ഷം ഭക്തർ ക്ഷേത്രത്തിൽ സന്ദർശനം നടത്തിയെന്നാണ് അധികൃതർ പറയുന്നത്. രാമജന്മഭൂമിയുടെ പടിഞ്ഞാറേ അറ്റത്തുള്ള തേധി ബസാർ മുതൽ തപാൽ ഓഫിസ് വരെയുള്ള റോഡ് 15 മീറ്റർ വീതിയിൽ വികസിപ്പിക്കുമെന്നും ഭക്തരുടെ എണ്ണത്തിലുള്ള വർധനവു കണക്കിലെടുത്താണ് റോഡ് വികസിപ്പിക്കുന്നതെന്നും അയോധ്യയിലെ ജില്ലാ മജിസ്ട്രേറ്റ് നിതീഷ് കുമാർ പറഞ്ഞു.