ആർട്ടിക്കിൾ 370 മോശമെങ്കിൽ ജമ്മു കശ്മീർ പുരോഗതി നേടിയത് എങ്ങനെ?: മോദിക്ക് മറുപടിയുമായി ഫാറൂഖ് അബ്ദുല്ല
Mail This Article
ശ്രീനഗർ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആർട്ടിക്കിൾ 370 പരാമർശത്തിനു മറുപടിയുമായി മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല. പ്രധാനമന്ത്രി സൂചിപ്പിച്ചതുപോലെ ആർട്ടിക്കിൾ 370 മോശമായിരുന്നുവെങ്കിൽ ജമ്മു കശ്മീർ എങ്ങനെയാണ് പുരോഗതി കൈവരിച്ചതെന്ന് ഫാറൂഖ് ചോദിച്ചു.
പതിറ്റാണ്ടുകളായി രാഷ്ട്രീയ ലാഭത്തിനു വേണ്ടി കോൺഗ്രസും സഖ്യകക്ഷികളും ആർട്ടിക്കിൾ 370 ന്റെ പേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നാണു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടത്. എന്നാൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ എല്ലാവർക്കും തുല്യ അവകാശവും അവസരങ്ങളും കൈവന്നു. ജനങ്ങൾ സത്യം മനസ്സിലാക്കി. എല്ലാവരും കാത്തിരുന്ന പുതിയ ജമ്മു കശ്മീർ ഇതാണെന്നും മോദി പറഞ്ഞു.
Read More: ജമ്മു കശ്മീരിന് ‘യോജിക്കുന്ന സമയത്ത്’ സംസ്ഥാന പദവി: അമിത് ഷാ
ഇതിനുമറുപടിയുമായാണു ഫാറൂഖ് അബ്ദുല്ല രംഗത്തെത്തിയത്. ആർട്ടിക്കിൾ 370 അത്രത്തോളം മോശമാണെന്നു മോദി കരുതുന്നുണ്ടെങ്കിൽ ആർട്ടിക്കിൾ 370 നിലവിലുള്ള സമയത്തെ കശ്മീരിന്റെ പുരോഗതിയും ഗുജറാത്തിന്റെ പുരോഗതിയും താരതമ്യം ചെയ്തുകൊണ്ടു രാജ്യസഭയിൽ ഗുലാംനബി ആസാദ് നടത്തിയ പ്രസംഗം ഒരിക്കൽ കൂടി കേൾക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു.
‘‘ഇപ്പോൾ ആർട്ടിക്കിൾ 370 ഉം സ്വജനപക്ഷപാതവും ഉത്തരവാദികളാണെങ്കിൽ ഞങ്ങളെങ്ങനെയാണു പുരോഗതി നേടിയത്? ഇത് ജനങ്ങളുടെ ഭരണമാണ്, മുഖ്യമന്ത്രിയായിരുന്ന ഞാൻ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. എവിടെയാണ് രാജഭരണം?’’ ഫാറൂഖ് അബ്ദുല്ല ചോദിച്ചു.
ആർട്ടിക്കിൾ 370 റദ്ദാക്കിയത് വിദ്യാഭ്യാസം ചെലവുള്ളതാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സർവകലാശാല പഠനത്തിനു പണം നൽകേണ്ട സ്ഥിതി വന്നു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു മുൻപും ശേഷവും എങ്ങനെയായിരുന്നുവെന്നു സത്യസന്ധമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.