വിവാഹത്തിനു മണിക്കൂറുകൾ മുൻപ് ജിം ഉടമയായ 29കാരനെ പിതാവ് കുത്തികൊലപ്പെടുത്തി
Mail This Article
ന്യൂഡൽഹി∙ വിവാഹത്തിനു മണിക്കൂറുകൾ മുൻപ് ജിം ഉടമ കുത്തേറ്റു മരിച്ചു. 29കാരനായ ഗൗരവ് സിംഗാളിനെയാണ് പിതാവ് രംഗലാൽ കൊലപ്പെടുത്തിയത്. ഗൗരവ് തന്നെ ദിവസവും അസഭ്യം പറയുന്നതിന്റെ ദേഷ്യത്തിലാണ് രംഗലാൽ കൊലപാതകം നടത്തിയതെന്നാണ് പൊലീസ് ഭാഷ്യം. ജിം നടത്തിയിരുന്ന ദേവ്‌ലി എക്‌സ്‌റ്റൻഷനിലെ വീട്ടിൽ വച്ച് മുഖത്തും നെഞ്ചിലുമായി 15 കുത്തേറ്റാണ് ഗൗരവിന്റെ മരണം. സംഭവസമയത്തു തന്നെ ഗൗരവിനു മരണം സംഭവിച്ചിരുന്നു.
ഗൗരവ് വിവാഹം കഴിക്കുന്നതിനു മണിക്കൂറുകൾക്കു മുൻപാണ് കൊലപാതകം നടന്നതെന്നും ഇത് നിശ്ചയിച്ചുറപ്പിച്ച വിവാഹമാണെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. വിവാഹത്തിനു മുൻപുള്ള ഘോഷയാത്ര ആരംഭിക്കുന്നതിനു മുന്നോടിയായി പ്രദേശത്ത് ഉച്ചത്തിൽ പാട്ടുവച്ചിരുന്നു. അതിഥികൾ വീട്ടിലെത്തിയിട്ടും ഗൗരവിനെ കാണാനില്ലായിരുന്നു. തുടർന്നു നടത്തിയ തിരച്ചിലിലാണ് പുലർച്ചെയോടെ മൃതദേഹം കണ്ടെത്തുന്നത്. അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നുവെന്ന് ഡപ്യൂട്ടി പൊലീസ് കമ്മിഷണർ (സൗത്ത് ഡൽഹി) അങ്കിത് ചൗഹാൻ പറഞ്ഞു.
മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ ഗൗരവിന്റെ പിതാവ് രംഗലാൽ അപ്രത്യക്ഷനായി. തുടർന്ന് ഇയാളെ പിടികൂടിയ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇയാൾ കുറ്റം സമ്മതിച്ചതായാണ് വിവരം.