തൃശൂരിൽ കോൺഗ്രസിന്റെ ‘സർജിക്കൽ സ്ട്രൈക്ക്’; പ്രതാപനായുള്ള മൂന്നര ലക്ഷം പോസ്റ്ററുകളും 1700 ചുവരെഴുത്തും മാറ്റണം
Mail This Article
തൃശൂർ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ അപ്രതീക്ഷിതമായി കെ.മുരളീധരന്‍ സ്ഥാനാര്‍ഥിയായതോടെ, ഇവിടെ സ്ഥാനാർഥിത്വം ഉറപ്പിച്ചിരുന്ന സിറ്റിങ് എംപി ടി.എൻ. പ്രതാപന്റെ മൂന്നര ലക്ഷത്തോളം പോസ്റ്ററുകളും 1700 ചുവരെഴുത്തും മാറ്റണം. വെള്ളിയാഴ്ച നേരം പുലർന്നപ്പോഴാണ് തൃശൂരിലെ ഒട്ടുമിക്ക കോൺഗ്രസുകാരും ‘സർപ്രൈസ്’ അറിയുന്നത്. ടി.എൻ. പ്രതാപനെ മാറ്റി പകരം കെ.മുരളീധരനെ തൃശൂരിൽ മത്സരിപ്പിക്കാൻ ഡൽഹിയിൽ ചേർന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗമാണ് തീരുമാനിച്ചത്.
മുരളീധരന്റെ സഹോദരി പത്മജ വേണുഗോപാലിനെ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് ബിജെപി അടർത്തിയെടുത്തതോടെയാണ് കോൺഗ്രസിന്റെ ‘സർജിക്കൽ സ്ട്രൈക്ക്’. കെ മുരളീധരനെ സ്ഥാനാർഥിയായി ഔദ്യോഗികമായി പ്രഖ്യാപിക്കും മുൻപേ അദ്ദേഹത്തിനായി ചുവരെഴുത്ത് തുടങ്ങി. ടി.എൻ. പ്രതാപൻ തന്നെ സ്വന്തം പേരു മാറ്റി കെ.മുരളീധരന്റെ പേര് എഴുതി. 1700 മതിലുകളിലും 24 മണിക്കൂറിനകം ചുവരെഴുത്തു മാറ്റും. മുരളീധരന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് പ്രതാപൻ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ശനിയാഴ്ച മുതൽ തൃശൂരിൽ പ്രചാരണം ആരംഭിക്കുമെന്ന് മുരളീധരൻ വ്യക്തമാക്കി.
കെ.കരുണാകരൻ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണിലേക്കാണ് ഒരിക്കൽക്കൂടി കെ.മുരളീധരന്റെ വരവ്. വടക്കാഞ്ചേരി നിയമസഭാ തിരഞ്ഞെടുപ്പിൽ പണ്ട് എ.സി. മൊയ്തീനോട് മുരളീധരൻ തോറ്റിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ വി.വി. രാഘവനോടും തോറ്റു. പക്ഷേ, അന്നത്തെ മുരളീധരൻ അല്ല ഇന്നത്തേത് എന്ന് കോൺഗ്രസുകാർ ഓർമിപ്പിക്കുന്നു. മനസ്സില്ലാ മനസോടെ മൽസരിക്കാൻ ഇറങ്ങിയ പ്രതാപന്, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകുമെന്നാണ് സൂചന.