മണിപ്പുരിൽ അജ്ഞാതർ തട്ടിക്കൊണ്ടുപോയ സൈനികനെ രക്ഷപെടുത്തി; കണ്ടെത്തിയത് 10 മണിക്കൂറിനു ശേഷം
Mail This Article
ഇംഫാൽ∙ മണിപ്പുരിലെ തൗബാൽ ജില്ലയിലെ ചരാങ്പത് മമാങ് ഗ്രാമത്തിൽനിന്നു തട്ടിക്കൊണ്ടുപോയ സൈനികനെ രക്ഷിച്ചു. പത്തു മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് ജൂനിയർ കമ്മിഷൻഡ് ഓഫിസറായ കൊന്‍സം ഖേദാസിങ്ങിനെ കണ്ടെത്തിയതെന്ന് കരസേനാ വൃത്തങ്ങൾ അറിയിച്ചു. ഖേദാസിങ്ങിനെ വെയ്ഖോങ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചുവെന്നും തുടരന്വേഷണം പൊലീസ് നടത്തുമെന്നും സൈന്യം വ്യക്തമാക്കി.
Read Also: ഇന്ത്യക്കാരെ യുക്രെയ്ൻ യുദ്ധഭൂമിയിൽ എത്തിക്കുന്ന മനുഷ്യക്കടത്ത് സംഘത്തിലെ രണ്ടുപേർ നിരീക്ഷണത്തിൽ
അവധിക്ക് വീട്ടിലെത്തിയ ഖേദാസിങ്ങിനെ വെള്ളിയാഴ്ച രാവിലെ 9 മണിയോടെയാണ് തട്ടിക്കൊണ്ടുപോയത്. അധികം വൈകാതെ വിവിധ സുരക്ഷാ സേനകൾ സംയുക്തമായി തിരച്ചിൽ ആരംഭിച്ചു. വൈകിട്ട് ആറരയോടെയാണ് സൈനികനെ കണ്ടെത്തിയത്. കഴിഞ്ഞ മേയിൽ കലാപം ആരംഭിച്ച ശേഷം സൈനികരെ തട്ടിക്കൊണ്ടുപോകുന്ന നാലാമത്തെ സംഭവമാണിത്. സെപ്റ്റംബറിൽ അസം റൈഫിൾസിലെ സെർട്ടോ താങ്താങ് കോമിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിരുന്നു.
നവംബറിൽ ഇംഫാൽ വെസ്റ്റ് സ്വദേശിയായ സൈനികന്റെ കുടുംബത്തിലെ നാലുപേരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. കഴിഞ്ഞ മാസം ഇംഫാൽ സിറ്റിയിൽ എഎസ്പിയുടെ വീട് ആക്രമിക്കുകയും ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോവുകയും ചെയ്തു. സംഭവങ്ങൾക്കു പിന്നില്‍ തീവ്ര മെയ്തെയ് വിഭാഗമായ അരംബായ് തെൻഗോൽ ആണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. അതേസമയം കലാപത്തിൽ ഇതുവരെ ഇരുന്നൂറിലേറെപ്പേർക്ക് ജീവൻ നഷ്ടമായി. അൻപതിനായിരത്തോളം പേർ പലായനം ചെയ്തു.