സഖ്യകക്ഷിക്കായി സ്വന്തം പാർട്ടിയെ ദുർബലപ്പെടുത്തണമെന്ന് അറിഞ്ഞിരുന്നെങ്കിൽ മുന്നണിയിൽ ചേരില്ലായിരുന്നു: ഒമർ അബ്ദുല്ല
Mail This Article
ശ്രീനഗർ∙ സഖ്യത്തിലെ മറ്റൊരു അംഗത്തിനായി സ്വന്തം പാർട്ടിയെ ദുർബലപ്പെടുത്തേണ്ടി വരുമെന്ന് അറിഞ്ഞിരുന്നെങ്കിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ‘ഇന്ത്യ’ മുന്നണിയുടെ ഭാഗമാകുമായിരുന്നില്ലെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുല്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്ത് വന്ന പാർട്ടിക്ക് ഒരു സീറ്റ് പോലും ചോദിക്കാൻ അർഹതയില്ലെന്നും അദ്ദേഹം പറഞ്ഞു.
‘‘മൂന്നാം സ്ഥാനത്ത് നിൽക്കുന്ന പാർട്ടിക്ക് തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും ചോദിക്കാൻ അർഹതയില്ല. പിഡിപിക്കൊപ്പം ഇന്ന് എത്രപേരുണ്ട്? സഖ്യത്തിലെ മറ്റൊരു പാർട്ടിക്കായി സ്വന്തം പാർട്ടിയെ ദുർബലപ്പെടുത്തണമെന്ന് മുന്നണിയിൽ ചേരുന്നതിനു മുൻപ് പറഞ്ഞിരുന്നെങ്കിൽ വരില്ലായിരുന്നു.’’ – ഒമർ അബ്ദുല്ല പറഞ്ഞു.
ഇതാദ്യമായല്ല നാഷണൽ കോൺഫറൻസ് അതൃപ്തി അറിയിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ തനിച്ച് മത്സരിക്കുമെന്ന് ഒമർ അബ്ദുല്ലയുടെ പിതാവും പാർട്ടി അധ്യക്ഷനുമായ ഫാറൂഖ് അബ്ദുല്ല പ്രഖ്യാപിച്ചിരുന്നു. എന്നാൽ മുന്നണിയുമായി അഭിപ്രായവ്യത്യാസമില്ലെന്ന് പ്രഖ്യാപിച്ച് ഒമർ രംഗം ശാന്തമാക്കി. എന്നാൽ സീറ്റ് വിഭജനം ചർച്ചയായതോടെ വിള്ളൽ മറനീക്കി പുറത്തുവന്നു.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ലഡാക്ക്, ഉദ്ധംപുർ, ജമ്മു എന്നിവിടങ്ങളിൽ ജയിച്ചത് ബിജെപിയാണ്. ബാരാമുള്ള, ശ്രീനഗർ, അനന്ത്നാഗ് എന്നിവിടങ്ങളിൽ നാഷണൽ കോൺഫറൻസും ജയിച്ചു. ആറു സീറ്റുകളിൽ പിഡിപി മത്സരിച്ചിരുന്നുവെങ്കിലും ഒരു സീറ്റിലും ജയിക്കാൻ സാധിച്ചിരുന്നില്ല.
പിഡിപിക്ക് വേണ്ടി അനന്ത്നാഗ് സീറ്റ് വിട്ടുനൽകാൻ ഒമർ അബ്ദുല്ല തയ്യാറല്ലെന്നാണ് വിവരം. മണ്ഡലത്തിൽ സോണിയ ഗാന്ധിയോ, രാഹുൽ ഗാന്ധിയോ മത്സരിക്കുകയാണെങ്കിൽ മാത്രം സീറ്റ് വിട്ടുനൽകാമെന്നാണ് ഒമറിന്റെ നിലപാട്.