സുധാകരനു മുന്നിൽ പൊട്ടിക്കരഞ്ഞിട്ടുണ്ട്; മുരളി വിരണ്ടുപോയി, അതാണ് തൃശൂരിലേക്ക് ഓടിയത്: തുറന്നടിച്ച് പത്മജ
Mail This Article
തിരുവനന്തപുരം∙ കോണ്‍ഗ്രസിനെ മടുത്തിട്ടല്ല, നേതാക്കളെ മടുത്തിട്ടാണ് പാർട്ടി വിട്ടതെന്ന് ബിജെപിയിൽ ചേർന്ന പത്മജ വേണുഗോപാല്‍. അല്‍പമെങ്കിലും തന്നെ കേള്‍ക്കാന്‍ തയാറായത് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ മാത്രമാണെന്നും അദ്ദേഹത്തിനു മുന്നില്‍ താന്‍ പൊട്ടിക്കരഞ്ഞിട്ടുണ്ടെന്നും പത്മജ പറഞ്ഞു. ഒരുപാട് നേതാക്കളുടെ അടുത്തുപോയി നാണംകെട്ടിട്ടുണ്ട്. ചിലർ പറഞ്ഞ വാക്കുകൾ ഇപ്പോൾ പറയാൻ സാധിക്കില്ല. തന്റെ അച്ഛനും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്. അച്ഛന്റെ ശാപമാണ് കോൺഗ്രസ് ഇപ്പോൾ അനുഭവിക്കുന്നതെന്ന് തോന്നാറുണ്ടെന്നും അവർ പറഞ്ഞു.
Read also: ‘പത്മജ ബിജെപിയിൽ ചേർന്നതിൽ സിപിഎമ്മിന് പങ്ക്; ഇടനിലക്കാരനായത് മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ’
തന്‍റെ പാര്‍ട്ടി മാറ്റത്തില്‍ കെ.മുരളീധരന്‍ വിരണ്ടുപോയെന്നും അതുകൊണ്ടാണ് തൃശൂരിലേക്ക് ഓടിയതെന്നും പത്മജ പറഞ്ഞു. ‘‘കഴിഞ്ഞ ജന്മത്തിലെ ശത്രുവാണ് ഈ ജന്മത്തിൽ സഹോദരിയായതെന്ന് പറഞ്ഞതൊന്നും മറന്നിട്ടില്ല. എന്നെ ചീത്ത പറഞ്ഞിട്ട് തിരഞ്ഞെടുപ്പിൽ ജയിക്കാൻ പറ്റുമെങ്കിൽ ജയിക്കട്ടെ. ഞാൻ വലിയ ആളാണെന്ന് പറഞ്ഞിട്ടില്ല. ബിജെപിക്ക് കാൽകാശിന്റെ ഗുണമില്ലെന്ന് പിന്നെ എന്തിനാണ് പറയുന്നത്? എന്തിനാണ് ഇന്നലെ വടകരയിൽനിന്ന് ഓടി തൃശൂരിലേക്ക് പോയത്? ഞാൻ ഒന്നും അല്ലെങ്കിൽ എന്തിനാണ് അവസാനം ഈ കളി കളിച്ചത്?’’– പത്മജ ചോദിച്ചു.
വിറളി പൂണ്ടുകൊണ്ടാണ് തന്നെ ചീത്ത വിളിക്കുന്നത്. മനഃസമാധാനത്തിനു വേണ്ടി വിളിക്കുന്നതാണ്. അച്ഛൻ പോയപ്പോൾ അച്ഛനെ വരെ വിളിച്ചിട്ടുണ്ട്. അളമുട്ടിയാല്‍ ചേരയും കടിക്കും, അതുകൊണ്ടാണ് ഇങ്ങനെ പറയേണ്ടിവരുന്നത്. ചേട്ടനായിപ്പോയി, അനിയനായിരുന്നെങ്കിൽ രണ്ട് അടി കൊടുക്കുമായിരുന്നെന്നും പത്മജ പറഞ്ഞു.