‘ഞാൻ സ്മോൾ ബോയ് തന്നെ’: സുകുമാരൻ നായരുടെ അനുഗ്രഹം തേടി തുഷാർ എൻഎസ്‌എസ് ആസ്‌ഥാനത്ത്
Mail This Article
ചങ്ങനാശേരി∙ ബിഡിജെഎസ് സംസ്‌ഥാന പ്രസിഡന്റും എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളി എൻഎസ്‌എസ് ആസ്‌ഥാനത്ത് എത്തി ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരെ സന്ദർശിച്ചു. അനുഗ്രഹം തേടിയെത്തിയാണെന്നും രാഷ്ട്രീയ കാര്യങ്ങൾ ചർച്ച ചെയ്തില്ലെന്നും തുഷാർ പറഞ്ഞു. ബിഡിജെസിനു നൽകിയിട്ടുള്ള സീറ്റുകളിലെ സ്‌ഥാനാർഥികളെ ശനിയാഴ്ച പ്രഖ്യാപിക്കും.
Read also: ‘ഇത് ഗംഭീരമായി; സ്ഥാനാർഥിയെ മാറ്റിയാലും ആര് ജയിക്കണമെന്ന് തീരുമാനിക്കുന്നത് ജനം’
മാവേലിക്കര, കോട്ടയം, ചാലക്കുടി, ഇടുക്കി സീറ്റുകളാണു ബിഡിജെഎസിനുള്ളത്. ഇതു സംബന്ധിച്ച് എൻഡിഎ മുന്നണിയിൽ അഭിപ്രായ വ്യത്യാസമില്ലെന്നും മറ്റു ചർച്ചകൾ മാധ്യമ സൃഷ്‌ടിയാണന്നും പറഞ്ഞു. സ്‌ഥാനാർഥിത്വം ആവശ്യപ്പെട്ടാണു പത്മജ വേണുഗോപാൽ ബിജെപിയിലേക്കു വന്നതെന്നു കരുതുന്നില്ല. കോൺഗ്രസ് നേതാക്കൾ ഇനിയും ബിജെപിയിലേക്കു വരും. പത്മജയ്ക്കു പിന്നിൽ എത്രപേരുണ്ടെന്നുള്ളതു പിന്നീടറിയാം.
ഞാൻ സ്മോൾ ബോയ് തന്നെയെന്നും തുഷാർ പറഞ്ഞു. പി.സി. ജോർജിന്റെ സ്മോൾ ബോയ് പരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പി.സി.ജോർജ് ബിജെപിയിലെത്തിയതിനെ കുറിച്ച് ഒന്നും പറയാനില്ലെന്നും കൂട്ടിച്ചേർത്തു. ഭാര്യ ആശാ തുഷാർ, ബിഡിജെഎസ് സംസ്‌ഥാന സെക്രട്ടറി സിനിൽ മുണ്ടപ്പള്ളി, ജില്ലാ വൈസ് പ്രസിഡന്റ് ശ്രീനിവാസൻ പെരുന്ന, പി.കെ.സുരേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.