ബംഗാളിൽ ബിജെപിക്കു കനത്ത തിരിച്ചടി: തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് എംപിയും എംഎൽഎയും രാജിവച്ചു
Mail This Article
കൊൽക്കത്ത∙ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കം തകൃതിയായി നടക്കവേ, ബംഗാളിൽ ബിജെപിക്ക് കനത്ത തിരിച്ചടിയായി എംപിയും എംഎല്‍എയും പാർട്ടിയിൽനിന്ന് രാജിവച്ചു. ഝാർഗ്രാം മണ്ഡലത്തിലെ ബിജെപി എംപി കുനാർ ഹേംബ്രമും റാണാഘട്ട് ദക്ഷിൺ നിയമസഭാ മണ്ഡലത്തിലെ എംഎൽഎ മുകുർ മണി അധികാരിയുമാണ് രാജിവച്ചത്. വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണു രാജിയെന്ന് കുനാർ ഹേംബ്രം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാൾ സന്ദർശിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ബിജെപി എംപിയുടെ രാജി. തന്റെ തീരുമാനത്തെക്കുറിച്ച് നേരത്തേ തന്നെ പാർട്ടി ദേശീയ നേതൃത്വത്തെ അറിയിച്ചതായി ഹേംബ്രം പറഞ്ഞു. ‘‘മറ്റേതെങ്കിലും പാർട്ടിയിൽ ചേരുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ല. വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണ് പാർട്ടി വിടാൻ തീരുമാനിച്ചത്. സാമൂഹിക സേവനം നടത്താനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. അങ്ങനെ ഞാൻ ജനസേവനം തുടരും.’’– കുനാർ ഹേംബ്രം വ്യക്തമാക്കി.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഝാർഗ്രാം മണ്ഡലത്തിൽ സീറ്റ് ലഭിക്കാൻ സാധ്യതയില്ലാത്തതിനാലാണ് കുനാർ ഹേംബ്രം പാർട്ടി വിട്ടതെന്നാണു വിവരം. മാർച്ച് 11ന് ഝാർഗ്രാമിൽ നടക്കുന്ന ബിജെപി പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ബിജെപിയിൽ നിന്ന് രാജിവച്ച എംഎല്‍എ മുകുർമണി അധികാരി തൃണമൂൽ കോൺഗ്രസിൽ ചേർന്നു. കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോൺ ബാർലയും പാർട്ടിയിൽ അതൃപ്തനാണെന്ന് റിപ്പോർട്ടുകളുണ്ട്.