ആന്ധ്രയില്‍ സീറ്റ് ധാരണയിലെത്തി ബിജെപി, ടിഡിപി, ജനസേന സഖ്യം: തൂത്തുവാരുമെന്ന് നായിഡു
Mail This Article
വിജയവാഡ∙ രണ്ട് ദിവസത്തെ മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ആന്ധ്ര പ്രദേശില്‍ ലോക്‌സഭ, നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ധാരണയിലെത്തി ബിജെപിയും തെലുങ്കുദേശം പാര്‍ട്ടിയും (ടിഡിപി) ജനസേന പാര്‍ട്ടിയും (ജെഎസ്പി). ടിഡിപി പ്രസിഡന്റ് എന്‍. ചന്ദ്രബാബു നായിഡുവും ജനസേന പാര്‍ട്ടി മേധാവി പവന്‍ കല്യാണും ശനിയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിയില്‍ നടത്തിയ ചര്‍ച്ചയിലാണ് അന്തിമ സീറ്റ് ധാരണയായത്. സീറ്റ് വിഭജനം സംബന്ധിച്ച് ചന്ദ്രബാബു നായിഡുവിന്റെ നിര്‍ദേശം ബിജെപി അംഗീകരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
Read Also: വനിതാ ബിൽ പാസായതിനുശേഷം വനിതാ സ്ഥാനാർഥികൾ രണ്ടിൽനിന്ന് ഒന്നായി’: കേരള നേതൃത്വത്തിനെതിരെ ഷമ
ടിഡിപി 17 ലോക്‌സഭാ സീറ്റുകളിലും 145 നിയമസഭാ സീറ്റുകളിലും മല്‍സരിക്കും. 30 നിയമസഭാ സീറ്റുകളും 8 ലോക്‌സഭാ സീറ്റുകളുമാണ് നായിഡു സഖ്യകക്ഷികള്‍ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. ജനസേന 24 നിയമസഭാ സീറ്റുകളിലും 3 ലോക്‌സഭാ സീറ്റുകളിലും മല്‍സരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ബിജെപിക്ക് 5 ലോക്‌സഭാ സീറ്റും 6 നിയമസഭാ സീറ്റും ലഭിക്കും. 25 നിയമസഭാ സീറ്റും 10 ലോക്‌സഭാ സീറ്റും വേണമെന്നാണ് സംസ്ഥാന ബിജെപി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ബിജെപിക്കു കൂടുതല്‍ സീറ്റുകള്‍ നല്‍കിയാല്‍ സഖ്യത്തിന്റെ ലക്ഷ്യം പരാജയപ്പെടുമെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു.
സഖ്യം യാഥാര്‍ഥ്യമായതോടെ സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ വന്‍വിജയം നേടാനാകുമെന്നു ചന്ദ്രബാബു നായിഡു പറഞ്ഞു. മാര്‍ച്ച് 17ന് ഗുണ്ടൂരില്‍ ബിജെപി-ടിഡിപി സംയുക്ത മാര്‍ച്ച് നടത്തും.
മോദിക്കെതിരെ നിശിത വിമര്‍ശനമുയര്‍ത്തിയാണ് 2018ല്‍ ടിഡിപി എന്‍ഡിഎ വിട്ടത്. 2019ല്‍ എന്‍ഡിഎയിലേക്കു തിരികെയെത്താന്‍ നായിഡു ശ്രമിച്ചിരുന്നുവെങ്കിലും ബിജെപി നേതൃത്വം ഗൗനിച്ചില്ല. ആന്ധ്രയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ ഫലിക്കാതെ വന്നതോടെയാണു വീണ്ടും ടിഡിപിയുമായി ചര്‍ച്ചകള്‍ ആരംഭിച്ചത്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് ആകെയുള്ള 25 ലോക്‌സഭാ സീറ്റുകളില്‍ 22 ഇടത്തും ആകെയുള്ള 175 നിയമസഭാ മണ്ഡലങ്ങളില്‍ 151 ഇടത്തും ജയിച്ചിരുന്നു. ടിഡിപിക്ക് 3 ലോക്‌സഭാ സീറ്റും 23 നിയമസഭാ സീറ്റും മാത്രമാണ് നേടാന്‍ കഴിഞ്ഞത്. രാജ്യസഭയില്‍ ബില്ലുകള്‍ പാസാക്കുന്നതിനുള്‍പ്പെടെ ബിജെപിയെ സഹായിച്ചിട്ടുള്ള വൈഎസ്ആര്‍ കോണ്‍ഗ്രസ് പക്ഷെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കാന്‍ താല്‍പര്യം കാട്ടിയില്ല.