ഇന്ത്യയുടെ നീക്കം സമാധാന ശ്രമങ്ങൾക്ക് എതിര്: അതിർത്തിയിൽ സേനയെ വിന്യസിച്ച നടപടിയെ കുറ്റപ്പെടുത്തി ചൈന
Mail This Article
ന്യൂഡൽഹി∙ തർക്കം നിലനിൽക്കുന്ന അതിർത്തിയിൽ കൂടുതൽ സൈന്യത്തെ വിന്യസിക്കാനുള്ള ഇന്ത്യയുടെ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി ചൈന രംഗത്ത്. ഇന്ത്യയുടെ നീക്കം സംഘർഷം ലഘൂകരിക്കുന്നതിന് അനുയോജ്യമല്ലെന്ന് ചൈന കുറ്റപ്പെടുത്തി.
ഇന്ത്യ–ചൈന അതിർത്തി തർക്കം നിലനിൽക്കുന്ന പ്രദേശത്ത് പതിനായിരം സൈനികരെ വിന്യസിച്ചിട്ടുള്ളതായി ബ്ലൂംബെർഗ് റിപ്പോർട്ടിൽ പറയുന്നു. അതിർത്തിയിൽ നേരത്തേ നിയോഗിച്ച 9000 സൈനികർ പുതുതായി രൂപം നൽകിയ കമാൻഡിന് കീഴിലായിരിക്കും. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നിവയെ ചൈന അധിനിവേശ ടിബറ്റ് മേഖലയിൽ നിന്ന് വേർതിരിക്കുന്ന 532 കിലോമീറ്റർ അതിർത്തി ഈ സംയോജിത സേനയുടെ സംരക്ഷണയിലായിരിക്കും.
‘‘അതിർത്തി പ്രദേശങ്ങളിലെ സമാധാനവും സുസ്ഥിരതയും സംരക്ഷിക്കാൻ ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാൻ ചൈന പ്രതിജ്ഞാബദ്ധരാണ്. എന്നാൽ ഇന്ത്യയുടെ നീക്കം സമാധാനം സംരക്ഷിക്കാൻ സഹായിക്കുന്നതോ, സംഘർഷം ലഘൂകരിക്കാൻ സഹായിക്കുന്നതോ അല്ല.’’ ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിങ് പറഞ്ഞു.
ഇന്ത്യ ഏത് ആക്രമണത്തെയും നേരിടാൻ സുസജ്ജമാണെന്ന പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് അതിർത്തിയിൽ സുപ്രധാന നീക്കം ഉണ്ടായിരിക്കുന്നത്.
‘‘നമ്മൾ എല്ലായ്‌പ്പോഴും യുദ്ധത്തിന് സജ്ജരായിരിക്കണം. സമാധാനകാലത്ത് പോലും. കരയിൽ നിന്നോ, ആകാശമാർഗമോ, കടൽമാർഗമോ ആക്രമണമുണ്ടായാലും ചെറുക്കാൻ നാം തയ്യാറായിരിക്കണം. ആരെങ്കിലും ഇന്ത്യയെ ആക്രമിച്ചാൽ നമ്മുടെ സൈന്യം അതിശക്തമായി തിരിച്ചടിക്കും. ഇന്ത്യ ആരുടെയും ഭൂമി കൈയേറിയിട്ടില്ല. എന്നാൽ ആരെങ്കിലും ഇന്ത്യയെ ആക്രമിച്ചാൽ അതിന് തക്കതായ മറുപടി നൽകാൻ ഇന്ത്യ സജ്ജമാണ്.’’ – എന്നായിരുന്നു രാജ്നാഥ് സിങ്ങിന്റെ വാക്കുകൾ.