ഇസ്രയേലിൽ മിസൈൽ ആക്രമണത്തിൽ മരിച്ച നിബിൻ മാക്സ്‍വെലിന്റെ സംസ്കാരം ഇന്ന്
Mail This Article
കൊല്ലം∙ ഇസ്രയേലിൽ മിസൈൽ ആക്രമണത്തിൽ മരിച്ച വാടി പനമൂട് പുരയിട കാർമൽ കോട്ടേജിൽ പാറ്റ് നിബിൻ മാക്സ്‍വെലിന്റെ (31) മൃതദേഹം നാട്ടിൽ എത്തിച്ചു. സംസ്കാരം ഇന്ന് 4നു വാടി സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും. വൈകിട്ട് 6.35നു എയർ ഇന്ത്യ വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിച്ച മൃതദേഹം കേന്ദ്രമന്ത്രി വി.മുരളീധരൻ, നോർക്ക റൂട്സ് സിഇഒ (ഇൻ-ചാർജ്) അജിത്ത് കോളശ്ശേരി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ബെംഗളൂരുവിലെ ഇസ്രയേൽ കോൺസൽ ജനറൽ ടാമി ബെൻ ഹൈം, വൈസ് കോൺസൽ ആൻഡ് സെക്യൂരിറ്റി ഓഫിസർ റോട്ടം വരുൽക്കർ എന്നിവരും സന്നിഹിതരായിരുന്നു. മൃതദേഹം പിന്നീട് ബന്ധുക്കൾ ഏറ്റുവാങ്ങി കൊല്ലം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ 9നു വീട്ടിൽ കൊണ്ടുവരും.
ലബനൻ അതിർത്തിയോടു ചേർന്ന ഗലീലി മേഖലയിലെ മാർഗലിയറ്റ് എന്ന സ്ഥലത്ത് കഴിഞ്ഞ 4നു രാവിലെ ആയിരുന്നു മിസൈൽ ആക്രമണം. ഇടുക്കി സ്വദേശികളായ 2 പേർക്കു കൂടി ആക്രമണത്തിൽ പരുക്കേറ്റു. 2 മാസം മുൻപാണ് കാർഷിക വീസയിൽ നിബിൻ മാക്സ്‍വെൽ ഇസ്രയേലിൽ പോയത്.