ADVERTISEMENT

 വടകരയിൽ കോൺഗ്രസ് നടത്തിയ അപ്രതീക്ഷിത നീക്കത്തിൽ ഞെട്ടി യുഡിഎഫ് പ്രവർത്തകർ. കെ. മുരളീധരനു വേണ്ടി ചുവരെഴുത്തും വോട്ടുപിടിത്തവും തുടങ്ങിയവരെ അമ്പരപ്പിച്ചാണ് സ്ഥാനാർഥി മാറ്റം. ആദ്യഘട്ടത്തിൽ, മത്സരത്തിനില്ലെന്നു പറഞ്ഞെങ്കിലും വടകരയിൽ മത്സരിക്കാൻ കെ.മുരളീധരൻ തയാറാകുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് മണ്ഡലത്തിൽ സജീവ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. തൃശൂരിൽ ടി.എൻ.പ്രതാപനും ഇതേ അവസ്ഥയായിരുന്നു. ചുവരെഴുത്തും പ്രചാരണവും തുടങ്ങി. ഒടുവിൽ എല്ലാം മാറിമറിഞ്ഞു. അവസാന നിമിഷം സ്ഥാനാർഥി മാറിയതിൽ വടകരയിലെ യുഡിഎഫ് പ്രവർത്തകർക്കു നീരസമുണ്ടെന്നു സൂചനയുണ്ട്.

അതേസമയം, ഷാഫിയുടെ വരവോടെ വടകരയിൽ എംഎൽഎമാരുടെ പോരാട്ടത്തിനു കൂടിയാണ് വഴിയൊരുങ്ങുന്നത്. നിലവിൽ പാലക്കാട് എംഎൽഎയാണ് ഷാഫി പറമ്പിൽ. എതിരാളി മട്ടന്നൂർ എംഎൽഎ കെ.കെ. ശൈലജയും. വടകരയിൽ ആരു ജയിച്ചാലും ഉപതിരഞ്ഞെടുപ്പും അനിവാര്യമാകുമെന്ന് ചുരുക്കം.

∙ ഒറ്റദിനത്തിൽ എല്ലാം മാറിമറിഞ്ഞു

ഒരുകാലത്ത് ഇടതുപക്ഷത്തിന്റെ കുത്തക മണ്ഡലമായിരുന്ന വടകര ടി.പി. ചന്ദ്രശേഖരൻ സിപിഎം വിട്ടതോടെയാണ് യുഡിഎഫിന് അനുകൂലമായത്. 2009ൽ മുല്ലപ്പള്ളി രാമചന്ദ്രനിലൂടെ വടകര യുഡിഎഫ് പിടിച്ചു. 2014ലും മുല്ലപ്പള്ളി തന്നെയായിരുന്നു എംപി. 2019ൽ നിർണായക പോരാട്ടത്തിൽ കെ.മുരളീധരൻ വടകരയിലെത്തി. പി.ജയരാജനുമായി തീപാറുന്ന പോരാട്ടമാണ് നടന്നതെങ്കിലും മുരളി ജയിച്ചു. സിപിഎമ്മിൽ അണികളുടെ ശക്തമായ പിന്തുണയുണ്ടായിരുന്ന പി.ജയരാജനെയാണ് മുരളീധരൻ മലർത്തിയടിച്ചത്. ഈ തിരഞ്ഞെടുപ്പിലും മുരളി തന്നെ എന്ന് യുഡിഎഫ് പ്രവർത്തകരും ഏറെക്കുറെ ഉറപ്പിച്ചിരുന്നു. മുരളിക്കെതിരെ ശക്തനായ നേതാവിനെത്തന്നെ നിർത്തണമെന്നും വടകര പിടിക്കേണ്ടത് അഭിമാന പ്രശ്നമാണെന്നും സിപിഎമ്മിലും ചർച്ചയുണ്ടായി.

Read Also: വിട്ടുപോകാൻ കാരണം കോൺ.നേതാക്കളെന്നു പത്മജ

ഇതോടെയാണ് കെ.െക.ശൈലജ എന്ന ജനകീയ നേതാവിനെത്തന്നെ സിപിഎം രംഗത്തിറക്കിയത്. വളരെ നേരത്തേതന്നെ ശൈലജ പ്രചാരണം തുടങ്ങുകയും ചെയ്തു. അതേസമയം, യുഡിഎഫിന്റെ സ്ഥാനാർഥി നിർണയം നീണ്ടത് പ്രവർത്തകരെ ആശങ്കയിലാക്കിയിരുന്നെങ്കിലും കെ.മുരളീധരനു വേണ്ടി പ്രചാരണം തുടങ്ങിയിരുന്നു. ശക്തയായ ശൈലജയെ തോൽപിക്കണമെങ്കിൽ അതിശക്തമായി പണിയെടുത്തേ മതിയാകൂ എന്ന തിരിച്ചറിവിലാണ്, ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനത്തിനു മുൻപുതന്നെ യുഡിഎഫ് പ്രവർത്തകർ പ്രചാരണം തുടങ്ങിയത്. എന്നാൽ ഒറ്റ ദിവസംകൊണ്ട് കാര്യങ്ങൾ മാറിമറിഞ്ഞു.

∙ എന്തിനായിരുന്നു ആ നീക്കം?

മുരളീധരന്റെ സഹോദരി പത്മജ വേണുഗോപാൽ ബിജെപിയിലേക്കു ചേക്കേറിയതാണ് അവസാന നിമിഷം കോൺഗ്രസ് തീരുമാനം മാറ്റാൻ കാരണമായതെന്നാണ് വിവരം. തൃശൂരിൽ പത്മജയെ മുന്നിൽ നിർത്തി ഏതുവിധേനയും സുരേഷ് ഗോപിയെ ജയിപ്പിച്ച് അക്കൗണ്ട് തുറക്കാനാണ് ബിജെപി ശ്രമം. ടി.എൻ. പ്രതാപൻ തൃശൂരിലെ ശക്തനായ നേതാവും ജനകീയനുമാണ്. എന്നാൽ പെട്ടെന്നുണ്ടായ രാഷ്ട്രീയ മാറ്റത്തിൽ, പ്രതാപൻ തന്നെ തൃശൂരിൽ നിന്നാൽ മതിയോ എന്ന ചോദ്യം ഉയർന്നു. ഒടുവിൽ മുള്ളിനെ മുള്ളുകൊണ്ട് എടുക്കാമെന്ന തീരുമാനത്തിലെത്തിയ കോൺഗ്രസ് മുരളീധരനെ തൃശൂരിലേക്ക് എത്തിക്കുകയായിരുന്നു.

ഷാഫി പറമ്പിൽ, കെ.മുരളീധരൻ
ഷാഫി പറമ്പിൽ, കെ.മുരളീധരൻ

പാർട്ടി തീരുമാനം അംഗീകരിക്കുന്നുവെന്നാണ് മുരളീധരൻ അറിയിച്ചത്. ഉടൻ തന്നെ തൃശൂരിലെത്തി പ്രചാരണം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പത്മജയെ അതിരൂക്ഷമായാണ് മുരളീധരൻ വിമർശിച്ചതും. ഇതിനിടെ, ടി.എൻ.പ്രതാപൻ തന്നെ സ്വന്തം പേര് മായ്ച്ച് കെ.മുരളീധരന്റെ പേര് എഴുതുന്ന ദൃശ്യങ്ങളും പുറത്തു വന്നു. പാർട്ടി തീരുമാനം അംഗീകരിക്കുന്നുവെന്നാണ് പ്രതാപനും പറഞ്ഞത്. അവസാന നിമിഷത്തിലെ മാറ്റം തൃശൂരിൽ ആർക്ക് അനുകൂലമാകുമെന്നത് പ്രവചനാതീതമാണ്. സിപിഐയുടെ വി.എസ്.സുനിൽ കുമാർ ജനപ്രിയനായ നേതാവാണ്. ബിജെപി ജയിക്കാനുള്ള എല്ലാ സാധ്യതയും ഇല്ലാതാക്കാനായി കോൺഗ്രസ് പൊരുതുമ്പോൾ ആ സാഹചര്യം സുനിൽ കുമാർ മുതലെടുക്കുമോ എന്നാണ് അറിയേണ്ടത്.

∙ ഷാഫിയുടെ വരവിൽ നേട്ടം ആർക്ക്?

ചിത്രത്തിലില്ലാതിരുന്ന ഷാഫി പറമ്പിൽ എംഎൽഎ വടകരയിലേക്കു വരുന്നതിൽ യുഡിഎഫ് പ്രവർത്തകരിൽ അസ്വാരസ്യമുണ്ട്. കെ.മുരളീധരനായി നിശബ്ദ പ്രചാരണം ആരംഭിച്ച മുസ്‌ലിം ലീഗ് പ്രവർത്തകർക്കുൾപ്പെടെ ഷാഫിയുടെ വരവ് അത്ര പിടിച്ചിട്ടില്ല. കെ.ക.ശൈലജയെപ്പോലെ കരുത്തയായ, വടകരയിലെ കുഞ്ഞുകുട്ടികൾക്ക് പോലും സുപരിചിതയായ നേതാവിനോട് പാലക്കാട്ടുനിന്നു വരുന്ന ഷാഫിക്ക് പൊരുതിനിൽക്കാൻ സാധിക്കുമോ എന്ന ചോദ്യം പല പ്രവർത്തകരും ചോദിക്കുന്നുണ്ട്.

കെ.മുരളീധരൻ (ഇടത്), തൃശൂരിൽ‌ കെ.മുരളീധരനു വേണ്ടിയുള്ള ചുവരെഴുത്ത് (വലത്)
കെ.മുരളീധരൻ (ഇടത്), തൃശൂരിൽ‌ കെ.മുരളീധരനു വേണ്ടിയുള്ള ചുവരെഴുത്ത് (വലത്)

വടകരയിൽ മത്സരിക്കുന്നതിൽ ഷാഫി  ആദ്യം വിയോജിപ്പറിയിച്ചിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ടി.സിദ്ദീഖ് എംഎൽഎയുടെ പേരും ഇതിനിടെ ഉയർന്നു കേട്ടു. കഴിഞ്ഞ തവണ വയനാട് മണ്ഡലത്തിൽ മത്സരിക്കാൻ ടി.സിദ്ദീഖ് എല്ലാ തയാറെടുപ്പും പൂർത്തിയാക്കിയപ്പോഴായിരുന്നു രാഹുൽ ഗാന്ധിയുടെ അപ്രതീക്ഷിത വരവ്. ഇത്തവണ, സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കളംനിറഞ്ഞ് നിൽക്കുന്ന ടി.സിദ്ദീഖ് ലോക്സഭാ മത്സരത്തിന് തയാറായില്ലെന്നാണ് വിവരം. പ്രത്യേകിച്ച് ശൈലജയെപ്പോലെയുള്ള ആളെ നേരിടുക എന്നത് ശ്രമകരവുമാണ്.

കെ.മുരളീധരൻ, കെ.കെ.ശൈലജ
കെ.മുരളീധരൻ, കെ.കെ.ശൈലജ

ടി.പി.കേസ് ഉൾപ്പെടെയുള്ള കാര്യങ്ങൾ മണ്ഡലത്തിൽ വീണ്ടും ചർച്ചയാക്കാൻ യുഡിഎഫ് ശ്രമിക്കുമ്പോൾ, ടി.പി.കേസിൽ നിന്ന് തെന്നിമാറിയാണ് ശൈലജയുടെ പ്രചാരണം. സിപിഎമ്മുകാർക്ക് മുഖമടച്ച് മറുപടി നൽകുകയും വടകരയിലെ കുട്ടികൾക്ക് പോലും സുപരിചിതനാകുകയും ചെയ്ത മുരളിയെ മാറ്റിയതിൽ സിപിഎമ്മുകാർ ഉള്ളിൽ ആശ്വസിക്കുന്നുണ്ടെന്നാണ് വിവരം. എന്നിരുന്നാലും ഷാഫിയെ ഒട്ടും ചെറുതായി സിപിഎം കാണുന്നുമില്ല.

English Summary:

K. Muraleedharan' s Candidacy Shift Shocks UDF Workers in Vadakara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com