‘ബഹ്റയുടെ ജോലി പാലം പണി’: ബിജെപിക്കാരിയുടെ ജൽപ്പനങ്ങൾക്ക് ഇനി മറുപടിയില്ലെന്ന് കെ.മുരളീധരൻ
Mail This Article
തൃശൂർ∙ ബിജെപിക്കാരിയുടെ ജൽപ്പനങ്ങൾക്ക് ഇനി മറുപടി പറയാനില്ലെന്നു മുതിർന്ന കോൺഗ്രസ് നേതാവും തൃശൂരിലെ ലോക്സഭാ സ്ഥാനാർഥിയുമായ കെ.മുരളീധരൻ. കെ.കരുണാകരന്റെ മക്കള്‍ അദ്ദേഹം പഠിപ്പിച്ച മൂല്യങ്ങൾ കാത്തുസൂക്ഷിച്ചവരായിരുന്നു ഇന്നലെവരെ. ഇന്ന് അതിൽ ചെറിയവിടവുണ്ടായി. ബിജെപിക്കാരിയുടെ ജൽപ്പനങ്ങൾക്ക് ഇനി മറുപടിയില്ലെന്നും മുരളീധരൻ പറഞ്ഞു.
പത്മജയുടെ ബിജെപി പ്രവേശനത്തിനു പിന്നിൽ ബഹ്റയാണോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു, കുറെ കാലമായി അദ്ദേഹത്തിന്റെ ജോലി പാലം പണിയലാണെന്നായിരുന്നു മുരളീധരന്റെ പരിഹാസം.‘‘ബഹ്റയ്ക്കു കുറെ കാലമായി പാലം പണിയുന്ന ജോലിയാണ്. പിണറായിയും മോദിയുമായിട്ടായിരുന്നു ആദ്യത്തെ പാലം പണി. ഇപ്പോൾ ബിജെപിയിലേക്കുള്ള പാലം പണി. അദ്ദേഹത്തിന്റെ സ്ഥിരം ജോലി പാലം പണിയാണ്. അതിന്റെ ആലങ്കാരികമായ പോസ്റ്റ് മാത്രമാണ് മെട്രോ ചെയർമാൻ. ഒരു പാലവും അധികവും നിലനിൽക്കാറില്ല. ’’– മുരളീധരൻ പരിഹസിച്ചു.
ശത്രുവിനെതിരായ പോരാട്ടത്തിൽ വ്യക്തിപരമായ വേദനകൾക്കു പ്രസക്തിയില്ലെന്നും എതിരാളികളെ മോശക്കാരായി ഇന്നുവരെ കണ്ടിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു. ഒരാള് ബിജെപിയിലേക്കു പോയി എന്നുകരുതി കെ.കരുണാകരനെ സംഘിയാക്കാമെന്നു കരുതണ്ടെന്നും ജീവനുള്ളടത്തോളം കാലം കരുണാകരന്റെ ആത്മാവിനെ പോലും തൊടാൻ സംഘികളെ അനുവദിക്കില്ലെന്നും മുരളീധരൻ പറഞ്ഞു.
‘‘മാതാപിതാക്കൾ അന്ത്യവിശ്രമം കൊള്ളുന്നു സന്നിധിയിൽനിന്നും പ്രാർഥിച്ച് ജനാധിപത്യം സംരക്ഷിക്കാനുള്ള ശക്തമായ മത്സരത്തിലേക്കു നീങ്ങുകയാണ്. അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. മതേതരത്വം ഞങ്ങളെ പഠിപ്പിച്ച പിതാവിന്റെ ദൗത്യം ഏറ്റെടുക്കേണ്ടി വന്നത് എനിക്കാണ്. വർഗീയതയ്ക്ക് എതിരെ സന്ധിയില്ലാതെ പോരാടിയ അദ്ദേഹത്തിന്റെ ആശയങ്ങളുമായാണു തൃശൂരിൽ മത്സരിക്കാൻ വരുന്നത്. കെ.മുരളീധരനെന്ന വ്യക്തിയുടെ വിജയമോ പരാജയമോ അല്ല. മതേതരത്വത്തിന് വേണ്ടിയുള്ള യുദ്ധത്തിൽ യുഡിഎഫിന് വിജയമായിരിക്കും’’– മുരളീധരൻ പറഞ്ഞു.