ADVERTISEMENT

കട്ടപ്പന∙ മോഷണക്കേസിൽ പിടിയിലായ 2 യുവാക്കൾ ഇരട്ടക്കൊലപാതകം നടത്തിയെന്ന് സ്ഥിരീകരിച്ച് പൊലീസ്. മോഷണക്കേസിൽ പിടിയിലായ കാഞ്ചിയാർ കക്കാട്ടുകടയിൽ വാടകയ്ക്കു താമസിക്കുന്ന നെല്ലാനിക്കൽ വിഷ്ണു വിജയൻ(27), സുഹൃത്ത് പുത്തൻപുരയ്ക്കൽ നിതീഷ് (രാജേഷ്-31) എന്നിവരാണ് കൊലപാതകം നടത്തിയതായി സംശയിക്കുന്നത്. പൊലീസ് കസ്റ്റഡിയിലുള്ള നിതീഷ് കുറ്റം സമ്മതിച്ചതായാണ് വിവരം. വിഷ്ണുവിന്റെ പിതാവ് വിജയനെയും സഹോദരിയുടെ നവജാത ശിശുവിനെയും കൊലപ്പെടുത്തിയെന്ന കേസിൽ കട്ടപ്പന പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു.

വിജയനെയും നവജാതശിശുവിനെയും കൊന്നുവെന്ന് നിതീഷ് സമ്മതിച്ചു. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. യുവാക്കൾ ഒരുമിച്ച് താമസിച്ചിരുന്ന കക്കാട്ടുകടയിലെ വാടക വീടിന്റെ തറയിൽ മൃതദേഹം മറവുചെയ്തെന്നാണ് വിവരം. നാളെ വീടിന്റെ തറ പൊളിച്ച് പരിശോധന നടത്തുമെന്ന് ഇടുക്കി എസ്പി പറഞ്ഞു. 

കട്ടപ്പനയിലെ വർക്‌ഷോപ്പിൽ മോഷണ കേസിൽ പിടിയിലായ പ്രതികളെ ചോദ്യം ചെയ്യലിനിടെ കൊലപാതകത്തെക്കുറിച്ച് സൂചന ലഭിക്കുകയായിരുന്നു.  വിഷ്ണുവിന്റെ പിതാവ് വിജയനെ ഏഴു മാസം മുൻപും സഹോദരിയുടെ നവജാതശിശുവിനെ എട്ടു വർഷം മുൻപും കൊലപ്പെടുത്തിയെന്നായിരുന്നു പൊലീസ് സംശയം. ഇതിനെ തുടർന്നു നടത്തിയ അന്വേഷണത്തിൽ ഇവർ ഒരുമിച്ചു താമസിക്കുന്ന കക്കാട്ടുകടയിലെ വാടകവീടിന്റെ തറ പുതുതായി കോൺക്രീറ്റ് ചെയ്തതായി പൊലീസ് കണ്ടെത്തിയിരുന്നു. വിഷ്ണുവിന്റെ പിതാവിന്റെ മൃതദേഹം ഇവിടെ മറവു ചെയ്തതാണോയെന്നാണ് പൊലീസ് സംശയിക്കുന്നത്. വിഷ്ണു മുൻപു താമസിച്ചിരുന്ന കട്ടപ്പനയിലെ വീട്ടിലാണു നവജാതശിശുവിന്റെ മൃതദേഹമെന്നാണു സംശയം. തറ കുഴിച്ചു പരിശോധിച്ചാലേ ഇക്കാര്യങ്ങൾ സ്ഥിരീകരിക്കാനാകൂ. കക്കാട്ടുകടയിലെ വീട് രണ്ടു ദിവസമായി പൊലീസ് കാവലിലാണ്.

നിതീഷ് മന്ത്രവാദവും മറ്റും ചെയ്യാറുണ്ടെന്നും ആഭിചാരകർമങ്ങൾക്കു വേണ്ടിയാണോ കൊലപാതകങ്ങൾ എന്നും പൊലീസ് സംശയിക്കുന്നു. വാടകവീട്ടിൽ നിന്നു പൂജാവസ്തുക്കളും മറ്റും കണ്ടെത്തിയിട്ടുണ്ട്. മാർച്ച് രണ്ടിനു പുലർച്ചെ കട്ടപ്പനയിലെ വർക്‌ഷോപ്പിൽ മോഷണത്തിനു ശ്രമിക്കുമ്പോഴാണു വിഷ്ണു പിടിയിലായത്. ഈ സമയം പുറത്തു കാവൽ നിൽക്കുകയായിരുന്നു നിതീഷ്. മോഷണശ്രമം പുറത്തറിഞ്ഞപ്പോൾ കടന്നുകളയാൻ ശ്രമിച്ച വിഷ്ണു വീണു പരുക്കേറ്റ് ആശുപത്രിയിലാണ്. അറസ്റ്റിലായ നിതീഷിനെ റിമാൻഡ് ചെയ്തു പീരുമേട് ജയിലിലേക്കു മാറ്റി.

English Summary:

Kattappana Twin Murder: Police to inspect the house

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com