ഹിമാചലിൽ രാഷ്ട്രീയ പ്രതിസന്ധി: അയോഗ്യരാക്കപ്പെട്ട ആറ് കോൺഗ്രസ് എംഎൽഎമാരടക്കം 11 പേർ ഉത്തരാഖണ്ഡിൽ
Mail This Article
ഡെറാഡൂൺ∙ ഹിമാചൽപ്രദേശിൽ അയോഗ്യരാക്കപ്പെട്ട ആറ് കോൺഗ്രസ് എംഎൽഎമാരടക്കം 11 പേർ ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡിലെത്തി. ഇന്നു രാവിലെയാണ് ഹരിയാന നമ്പർ പ്ലേറ്റിലുള്ള ബസിൽ ഇവർ താജ് ഹോട്ടലിൽ എത്തിയത്. അയോഗ്യരാക്കപ്പെട്ട ആറ് എംഎൽമാർക്കു പുറമേ മൂന്നു സ്വതന്ത്രർ ഉൾപ്പെടെയാണ് 11 പേർ എത്തിയത്. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു ഡൽഹിയിലെത്തി ഉന്നത കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി രണ്ടു ദിവസങ്ങൾക്കു ശേഷമാണ് പുതിയ രാഷ്ട്രീയ നീക്കങ്ങൾ.
Read Also: ബംഗാളിൽ ബിജെപിക്കു കനത്ത തിരിച്ചടി: തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് എംപിയും എംഎൽഎയും രാജിവച്ചു
സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സ്ഥിതിയെക്കുറച്ചും ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾക്കുമാണു സുഖ്‍വിന്ദർ സിങ് സുഖു ഡൽഹിയിലെത്തിയത്. അയോഗ്യരാക്കപ്പെട്ടവരെ തിരിച്ചെടുക്കുമോ എന്ന ചോദ്യത്തിന്, സ്വന്തം തെറ്റു തിരിച്ചറിയുന്നവന് ഒരു അവസരം കൂടി നൽകണമെന്നായിരുന്നു സുഖ്‍വിന്ദർ സിങ് സുഖുവിന്റെ മറുപടി.
രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കു വോട്ട് ചെയ്തതിനു പിന്നാലെയാണു 6 കോൺഗ്രസ് എംഎൽഎമാരെ നിയമസഭാ സ്പീക്കർ അയോഗ്യരാക്കിയത്. കോൺഗ്രസിലെ 6 എംഎൽഎമാരും 3 സ്വതന്ത്രരും ബിജെപിയുടെ ഹർഷ് മഹാജനു വോട്ട് ചെയ്തതോടെ, കോൺഗ്രസ് സ്ഥാനാർഥി അഭിഷേക് മനു സിങ്‌വി അപ്രതീക്ഷിത തോൽവി നേരിട്ടു. ഇരു സ്ഥാനാർഥികൾക്കു 34 വീതം വോട്ട് ലഭിച്ചതോടെ നടത്തിയ നറുക്കെടുപ്പില്‍ ബിജെപി വിജയിക്കുകയായിരുന്നു.